കുഞ്ഞു കുട്ടികളുടെ കളികളും തമാശകളും ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. അത് ഇപ്പോൾ മനുഷ്യകുഞ്ഞായാലും മൃഗങ്ങളുടെ കുഞ്ഞായാലും എല്ലാം ഒരുപോലെയാണ്. അവരുടെ കളങ്കമില്ലാത്ത നോട്ടവും ഓരോ കുസൃതികളും കണ്ടുനിൽക്കാൻ തന്നെ നല്ല ഭംഗിയാണ്. സമൂഹ മാധ്യമങ്ങളിൽ കുഞ്ഞ് മൃഗങ്ങളുടെയൊക്കെ ക്യൂട്ട് വീഡിയോസ് പലതും വൈറലാകുന്നുണ്ട്. ഓരോ കാഴ്ചയും നമ്മുടെ ഹൃദയങ്ങളെ പിടിച്ചുലയ്ക്കും. ഇപ്പോഴിതാ, അങ്ങനെയൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൃഗശാലയിലെ ഒരു കുഞ്ഞ് വെള്ളക്കടുവയുടെ അലര്‍ച്ചയാണ് വൈറലായിരിക്കുന്നത്.

നേച്ചർ ഈസ് അമേസിംഗ് എന്ന എക്സ് ഹാന്‍റിലില്‍ നിന്നാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് ഏകദേശം 20 ലക്ഷം പേരാണ് വീഡിയോ കണ്ടത്. ഏതോ മൃഗശാലയില്‍ നിന്നും സന്ദര്‍ശകര്‍ പകര്‍ത്തിയതാണ് വീഡിയോ. വീഡിയോയില്‍ രണ്ട് വെള്ളക്കടുവ കുഞ്ഞുങ്ങളും ഒരു സാധാരണ കടുവ കുഞ്ഞും വെയില്‍കായാന്‍ ഇരിക്കുന്നത് കാണാം.

ഇതിനിടെ ഒരു വെള്ളക്കടുവക്കുഞ്ഞ് എഴുന്നേറ്റ് വന്ന് തങ്ങളെ നോക്കി സംസാരിക്കുന്ന സന്ദര്‍ശകര്‍ക്ക് നേരെ അല്പനേരം നോക്കിയ ശേഷം തന്‍റെതായ ഗാംഭീര്യത്തോടെ അലറുന്നു. സന്ദര്‍ശകരുടെ സാന്നിധ്യത്തില്‍ അവന്‍ അസ്വസ്ഥനാണെന്ന് ആ കുഞ്ഞ് അലര്‍ച്ചയില്‍ വ്യക്തം. പക്ഷെ കുഞ്ഞിക്കടുവയുടെ അലര്‍ച്ചയിൽ സന്തോഷം പ്രകടിപ്പിക്കുന്ന കാഴ്ചകാരുടെ ശബ്ദവും വീഡിയോയില്‍ നിന്നും കേൾക്കാം.

അപ്പോൾ തന്നെ കുഞ്ഞികടുവയുടെ അലര്‍ച്ച സമൂഹ മാധ്യമ ഉപയോക്താക്കളെയും ആകര്‍ഷിച്ചു. അവന്‍ അലര്‍ച്ച പരിശീലിക്കുകയാണെന്നായിരുന്നു ചിലര്‍ കുറിച്ചിരിക്കുന്നത്. അവന്‍റെ ദേഷ്യം എന്നെ കീഴടക്കുന്നു എന്ന് കുറിച്ചവരും കുറവല്ല. ഒരേസമയം ഇത്രയും ഭംഗിയുള്ള കുസൃതിയുള്ള വീഡിയോ എങ്ങനെ കാണാതിരിക്കുമെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം.

വില ഇടാന്‍ പറ്റാത്ത അലര്‍ച്ചയെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് കടുവകളില്‍ നിന്നും അപൂര്‍വ്വമാണ് വെള്ളക്കടുവകൾ. ജനിതക മാറ്റം സംഭവിച്ച കടുവകളാണ് വെള്ളക്കടുവകൾ. ഇവയെ ബംഗാള്‍ കടുവകളിലും സൈബീരിയന്‍ കടുവകളിലും കൂടുതലും കണ്ടുവരുന്നത്. എന്തായാലും വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഭയങ്കര വൈറലാണ്.