ലണ്ടന്‍: യഹൂദരാണ് ഹോളോകോസ്റ്റിന്റെ ഇരകള്‍ എന്ന ചരിത്ര സത്യം തുറന്നു പറയാന്‍ മടികാണിച്ച, ഇന്ത്യന്‍ വംശജയായ ടി വി അവതാരകക്ക് അവസാനം ക്ഷമാപണം നടത്തേണ്ടി വന്നു. ഇന്നലെ, ഹോളോകോസ്റ്റിന്റെ എണ്‍പതാം സ്മരണദിനവുമായി ബന്ധപ്പെട്ട് ഐ ടി വി അവതരിപ്പിച്ച പരിപാടിയിലായിരുന്നു സംഭവം. സംഗതി കടുത്ത വിവാദമാവുകയും, വിമരശനങ്ങള്‍ ഉയരുകയും ചെയ്തതോടെ തെറ്റുപറ്റിയതാണെന്ന് പറഞ്ഞ് ക്ഷമാപണം നടത്തുകയായിരുന്നു അവതാരകയായ റണ്‍വീര്‍ സിംഗ്.

നാസികളുടെ ഏറ്റവും വലിയ പീഢന ക്യാമ്പായിരുന്ന ആഷ്വിറ്റ്‌സ്- ബിര്‍ക്കെനു സോവിയറ്റ് യൂണിയന്റെ ചുവപ്പ് സൈന്യം 1945 ല്‍ മോചിപ്പിച്ചതിന്റെ വാര്‍ഷികമാണ് ഹോളോകോസ്റ്റ് സ്മരണദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചാള്‍സ് മൂന്നാമന്‍ രാജാവ് ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. അന്നത്തെ ക്രൂരതയില്‍ നിന്നും രക്ഷപ്പെട്ട ചിലരുമായി അദ്ദേഹം സംസാരിക്കുകയും, അവരുടെ അനുഭവങ്ങള്‍ കേള്‍ക്കുകയും ചെയ്തിരുന്നു.

ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടയില്‍ ക്യാമ്പില്‍ വെച്ച് പീഢനങ്ങളേറ്റ് കൊല്ലപ്പെട്ട വിവിധ വിഭാഗങ്ങളുടെ പേരുകള്‍ രണ്‍വീര്‍ സിംഗ് പരാമര്‍ശിച്ചിരുന്നു. അതിനിടയിലായിരുന്നു നാസി ക്രൂരതയുടെ പ്രധാന ഇരകളായ യഹൂദരുടെ കാര്യം വിട്ടു പോയത്. അറുപത് ലക്ഷത്തോളം പേരാണ് രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികളുടെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കൊല്ലപ്പെട്ടത് എന്ന് പറഞ്ഞ അവതാരക, ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് അവര്‍ പോളിഷ് വശജരായതുകൊണ്ടോ, സ്വവര്‍ഗ്ഗാനുരാഗികള്‍ ആയതിനാലോ, അംഗ പരിമിതി അനുഭവിക്കുന്നതു കൊണ്ടോ മറ്റ് വംശീയ വിഭാഗങ്ങളില്‍ പെടുന്നവരായതുകൊണ്ടോ ആണെന്നായിരുന്നു അവതാരക പറഞ്ഞത്.

യഹൂദ വിരുദ്ധതയ്ക്കെതിരെ പ്രചാരണം നടത്തുന്ന, കാമ്പെയ്ന്‍ എഗനിസ്റ്റ് ആന്റിസെമെറ്റിസം ഈ ഫൂട്ടേജ് എക്സില്‍ പങ്കുവച്ചുകൊണ്ടായിരുന്നു തങ്ങളുടെ പ്രതിഷേധം രേഗപ്പെടുത്തിയത്. ലക്ഷക്കണക്കിന് ആളുകള്‍ എന്നല്ല, ലക്ഷക്കണക്കിന് യഹൂദര്‍ എന്നാണ് പറയേണ്ടത്, എന്നായിരുന്നു അവര്‍ ആദേശ്യങ്ങള്‍ക്കൊപ്പം എക്സില്‍ കുറിച്ചത്. ഈ റിപ്പോര്‍ട്ടിംഗ് വസ്തുതാ വിരുദ്ധമാണെന്ന് മാത്രമല്ല, നാസികള്‍ നടത്തിയ യഹൂദ വംശഹത്യയില്‍ നിന്ന് യഹൂദരെ മായ്ച്ച് കളഞ്ഞ നടപടി ആയെന്നും അവര്‍ കുറ്റപ്പെടുത്തി. അറുപത് ലക്ഷത്തോളം പേര്‍ കൊല്ലപ്പെടാന്‍ കാരണം അവര്‍ യഹൂദര്‍ ആയിരുന്നു എന്നതാണെന്നും അവര്‍ ഓര്‍മ്മപ്പെടുത്തി.

ഇതിനെ തുടര്‍ന്നായിരുന്നു അവതാരകയായ രണ്‍വീര്‍ സിംഗ് ക്ഷമാപണവുമായി രംഗത്ത് വന്നത്. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത പരിപാടിയില്‍ അറുപത് ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു എന്നാണ് പറഞ്ഞതെന്നും, അവര്‍ യഹൂദരായിരുന്നു എന്ന സുപ്രധാന കാര്യം, അബദ്ധത്തില്‍ പറയാതെ വിട്ടുപോയതാണെന്നും, അതിന് ക്ഷമാപണം നടത്തുന്നു എന്നും അവര്‍ പറഞ്ഞു.