- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
15 വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഉണ്ടാകുന്ന വലിയ വിമാനാപകടം; ഇതുവരെ കണ്ടെത്തിയത് 30 മൃതദേഹങ്ങള്‍ എങ്കിലും എല്ലാവരും മരിച്ചെന്ന് റിപ്പോര്‍ട്ടുകള്‍; പോട്ടോമാക് നദിയുടെ മുകളില്‍ ഉണ്ടായ അപകടം സംഭവിച്ചത് എങ്ങനെ? വിശദ റിപ്പോര്‍ട്ട് ഇങ്ങനെ
വാഷിങ്ടണ്‍: പതിനഞ്ച് വര്‍ഷത്തിന് ശേഷം അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ വിമാനാപകടമാണ് കഴിഞ്ഞ ദിവസം നടന്നത്. യാത്രക്കാര്‍ എല്ലാവരും മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുപ്പതോളം മൃതദേഹങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് വാഷിങ്ടണ്‍ ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് മേധാവി ജോണ്‍ ഡോണലിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പോടോമാക് നദിയിലും സമീപപ്രദേശങ്ങളിലുമായി വലിയ രീതിയിലുള്ള തിരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. തിരച്ചിലിനിടെ വിമാനത്താവളത്തിന് സമീപത്തെ പോടോമാക് നദിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനത്തിലേക്ക് മാറുകയാണെന്നും ജോണ്‍ ഡോണലി കൂട്ടിച്ചേര്‍ത്തു. 40 മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
മൃതദേഹങ്ങള്‍ സൂക്ഷിക്കാനായി സംവിധാനവും ഒരുക്കിയിട്ടുണ്ട്. 300 ഓളം സന്നദ്ധപ്രവര്‍ത്തകരെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. സെര്‍ച്ച് ലൈറ്റുകള്‍ ഘടിപ്പിച്ച ഹെലികോപ്ടറുകളും ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. 2009 ല്‍ ന്യായോര്‍ക്കിലെ ബഫല്ലോയില്‍ ഉണ്ടായ വിമാനാപകടത്തില്‍ 50 പേരാണ് കൊല്ലപ്പെട്ടത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ അപകടത്തില്‍ പെട്ട വിമാനം കന്‍സാസിലെ വിചിതയില്‍ നിന്നാണ് 64 യാത്രക്കാരുമായി പുറപ്പെട്ടത്.
വിമാനത്താവളത്തിലേക്ക് അടുത്ത വിമാനത്തിലെ പൈലറ്റിനോട് എയര്‍ട്രാഫിക്ക് കണ്‍ട്രോളില്‍ നിന്ന് മുപ്പത്തിമൂന്നാം നമ്പര്‍
റണ്‍വേയിലേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശം ലഭിക്കുന്നു. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചാണ് അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ സിആര്‍ജെ - 700 എന്ന വിമാനം നദിയിലേക്ക് വീണത്. ഇത് പുതിയതായി തീര്‍ത്ത റണ്‍വേയാണ്.
നേരത്ത ഇത്തരം യാത്രാവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നത് മറ്റൊരു റണ്‍വേയിലാണ്. ഹെലികോപ്ടര്‍ പൈലറ്റ് അത്തരം ഒരു തെറ്റിദ്ധാരണയിലാണോ ഈ റണ്‍വേയിലെ ഹെലികോപ്ടര്‍ തിരിച്ചത് എന്നും സംശയമുണ്ട്. വൈറ്റ് ഹൗസിന്റെ അഞ്ച് കിലോമീറ്റര്‍ അകലെ വെച്ചാണ് അപകടമുണ്ടായത്. അമേരിക്കന്‍ സൈന്യത്തിന്റെ യു.എച്ച് 60 ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററാണ് വിമാനവുമായി കൂട്ടിയിടിച്ചത്. പരിശീലന പറക്കല്‍ നടത്തുകയായിരുന്ന സൈനിക ഹെലിക്കോപ്റ്ററില്‍ മൂന്ന് പേരായിരുന്നു ഉണ്ടായിരുന്നത്.
ഹെലിക്കോപ്റ്ററും നദിയില്‍ തലകീഴായി മറിഞ്ഞു കിടക്കുകയാണ്. വിമാനവും ഹെലികോപ്ടറും കൂട്ടിയിടിച്ച് വലിയൊരു തീഗോളമായി മാറുകയായിരുന്നു എന്നാണ് ദൃശ്യങ്ങളില്‍ നിന്ന് മനസിലാക്കാന്‍ കഴിയുന്നത്. 2009- ന് ശേഷം രാജ്യത്തുണ്ടാകുന്ന വലിയ വിമാനാപകടമാണ് ഇത്. ഞെട്ടിപ്പിക്കുന്ന അപകടമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപകടത്തെ കുറിച്ച് പ്രതികരിച്ചത്. ഇത് നടക്കാന്‍ പാടില്ലായിരുന്നുവെന്ന് പറഞ്ഞ ട്രംപ് വിമാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കണ്‍ട്രോള്‍ ടവറുകളുടെ കാര്യക്ഷമതയിലും സംശയം പ്രകടിപ്പിച്ചു.