മെക്സിക്കോ: സൗന്ദര്യവര്‍ധകശസ്ത്രക്രിയ്ക്ക് വിധേയായ യുവതി മരണത്തിന് കീഴടങ്ങി. സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം കൂടിയായിരുന്നു യുവതി. ഇടയ്ക്ക് മനസ്സിൽ തോന്നിയ അതിബുദ്ധിയാണ് ഇവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. ശരീരത്തിലെ അമിതമായ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് (ലിപോസക്ഷന്‍) പിന്നാലെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് ദാരുണാന്ത്യം. 27 കാരിയായ മെക്‌സിക്കന്‍ ഇന്‍ഫ്‌ളുവന്‍സര്‍ ഡെന്നിസ് റേയിസാണ് ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചത്.

മെക്‌സികോയിലെ ഒരനധികൃത ക്ലിനിക്കില്‍ ജനുവരി 26 നാണ് ഡെന്നിസ് ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ശസ്ത്രക്രിയയ്ക്ക് മുന്‍പ് ഡോക്ടര്‍ ഡെന്നിസിന് ഞരമ്പിലൂടെ നല്‍കിയ മരുന്നായിരിക്കാം പ്രശ്നത്തിലേക്ക് നയിച്ചതെന്നാണ് നിഗമനമെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ സുഖം പ്രാപിച്ചുവരുന്നതായി ഡെന്നിസ് തന്റെ ഫോളോവേഴ്‌സിനോട് സാമൂഹികമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ പ്രതിപ്രവര്‍ത്തനം മൂലം ഡെന്നിസിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മെഡിക്കല്‍ സഹായം ലഭിക്കുന്നതിനുമുമ്പ് ഡെന്നിസിന് ഹൃദയസ്തംഭനം സംഭവിച്ചതായി യുവതിയുടെ അമ്മാവന്‍ ആമ്മവോ റോഡ്രിഗ്വിസ് പറഞ്ഞു. ബുധനാഴ്ചയാണ് മരണം സംഭവിച്ചത്.

ഡെന്നിസിന് എട്ടുവയസ്സ് പ്രായമുള്ള മകനുണ്ട്. യുവതിയ്ക്ക് നേരത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ചികിത്സാകേന്ദ്രത്തിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് ഡെന്നിസിന്റെ കുടുംബം. ഡെന്നിസിന്റെ മരണത്തെ തുടര്‍ന്ന് സൗന്ദര്യവര്‍ധക ചികിത്സാകേന്ദ്രങ്ങളിലെ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്.