- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്! അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് 15 ശതമാനം തീരുവ ചുമത്തി തിരിച്ചടി; യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘനം അന്വേഷിക്കാനും തീരുമാനം; ആഗോള ശക്തികളുടെ ബലാബലം നോക്കലില് ഉലഞ്ഞ് വിപണി
ട്രംപിന് ഷി ജിന്‍ പിങ്ങിന്റെ ചെക്ക്!
വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങള്‍ തമ്മിലുള്ള പോര്‍വിളി വന്‍വ്യാപാര യുദ്ധത്തിലേക്ക് നീങ്ങുന്നു. ബീജിങ്ങില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം തീരുവ യുഎസ് ഏര്‍പ്പെടുത്തിയതിന് ബദലായി അമേരിക്കയില്‍ നിന്നുളള കല്‍ക്കരി, എണ്ണ ഇറക്കുമതിക്ക് ചൈന 15 ശതമാനം തീരുവ ചുമത്തി. മെക്‌സികോയും, കാനഡയുമായുള്ള വ്യാപാരയുദ്ധം, തല്‍ക്കാലത്തേക്ക് ശമിച്ചെങ്കിലും, ചൈന വലിയ കൊമ്പുകോര്‍ക്കലിന് തുടക്കമിട്ടിരിക്കുകയാണ്.
അതിന് പുറമേ യുഎസ് ടെക് ഭീമനായ ഗൂഗിളിന്റെ വിശ്വാസ്യതാ ലംഘന പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാനും ചൈന തീരുമാനിച്ചു. യുഎസില്‍നിന്നുള്ള കല്‍ക്കരി, ദ്രവീകൃത പ്രകൃതിവാതകം എന്നിവയ്ക്ക് 15 ശതമാനവും ക്രൂഡ് ഓയില്‍, കാര്‍ഷിക ഉപകരണങ്ങള്‍ എന്നിവയ്ക്കു 10 ശതമാനവുമാണു തീരുവ ചുമത്തുക. ടങ്സ്റ്റന്‍ അനുബന്ധ സാധനങ്ങളുടെ കയറ്റുമതി നിയന്ത്രിക്കാനും പിവിഎച്ച് കോര്‍പറേഷന്‍, കാല്‍വിന്‍ ക്ലെയിന്‍, ഇല്ലുമിന കമ്പനി എന്നിവയെ വിശ്വാസയോഗ്യമല്ലാത്തവരുടെ പട്ടികയില്‍ പെടുത്താനും ചൈന തീരുമാനിച്ചു.
'ഏകപക്ഷീയമായി തീരുവകള്‍ അടിച്ചേല്‍പ്പിച്ചത് ലോക വ്യാപാര സംഘടനയുടെ ചട്ടങ്ങളുടെ ഗുരുതര ലംഘനമാണ് ', ചൈനീസ് ധനമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ' ചൈനയും അമേരിക്കയും തമ്മിലുള്ള സാധാര സാമ്പത്തിക-വാണിജ്യ സഹകരണത്തെ ഹനിക്കുന്നതാണ് താരിഫുകളുടെ അടിച്ചേല്‍പ്പിക്കല്‍', മന്ത്രാലയം പറഞ്ഞു.
ട്രംപ് തുടക്കമിട്ട വ്യാപാരയുദ്ധം വിപണിയിലും പ്രഫലിച്ചു. കറന്‍സി, ഓഹരി വിപണികള്‍ തകര്‍ന്നു. അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണം പോലും ഒരു ശതമാനത്തോളം വിലയിടിഞ്ഞശേഷമാണു തിരിച്ചുകയറിയത്. യുഎസ് ഡോളറുമായുള്ള വിനിമയത്തില്‍ രൂപ ഉള്‍പ്പെടെ മിക്ക കറന്‍സികള്‍ക്കും ഇടിവുണ്ടായി.
മെക്‌സിക്കോയ്ക്കും കാനഡയ്ക്കും ആശ്വാസം
കാനഡക്കെതിരെ യുഎസ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവ താല്‍ക്കാലികമായി മരവിപ്പിച്ചു. ഒരു മാസത്തേക്ക് നടപടി ഉണ്ടാകില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ഡോണള്‍ഡ് ട്രംപുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ധാരണയായത്. അനധികൃത കുടിയേറ്റം തടയാന്‍ അതിര്‍ത്തിയില്‍ സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് തന്റെ കടുത്ത തീരുമാനത്തില്‍ നിന്നും തല്‍ക്കാലം പിന്‍വാങ്ങിയത്. ഇതോടെ മെക്സിക്കോയ്ക്ക് പിന്നാലെ കാനഡയക്കും അല്‍പ്പം ശ്വാസം വിടാമെന്ന തീരുമാനമായി.
നേരത്തെ, യുഎസിന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയതോടെ മെക്സിക്കോയ്ക്കു മേല്‍ പ്രഖ്യാപിച്ച 25 % ഇറക്കുമതിത്തീരുവ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒരു മാസത്തേക്കു മരവിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രസിഡന്റ് ക്ലൗഡിയ ഷെയ്ന്‍ബോയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് നടപടി. യുഎസിലേക്കുള്ള അനധികൃത കുടിയേറ്റം തടയുന്നതിന് അതിര്‍ത്തികളില്‍ 10,000 സൈനികരെ നിയോഗിക്കുമെന്ന് ക്ലൗഡിയ ഷെയ്ന്‍ബോ പറഞ്ഞു.
യുഎസുമായുള്ള അതിര്‍ത്തിയില്‍ 10,000 സൈനികരെക്കൂടി വിന്യസിക്കാമെന്ന് മെക്സിക്കോ യുഎസിന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ക്ലൗഡിയ പറഞ്ഞു. യുഎസിലേക്കുള്ള ലഹരിമരുന്ന് കള്ളക്കടത്ത് തടയുക എന്നതായിരിക്കും ഇവരുടെ പ്രധാന ദൗത്യം. മെക്സിക്കോയ്ക്കുമേല്‍ തീരുവ ചുമത്തുന്നതിന് ട്രംപ് പ്രധാന കാരണമായി പറഞ്ഞിരുന്നത് തെക്കന്‍ അതിര്‍ത്തിയിലൂടെയുള്ള ലഹരിമരുന്ന് കടത്ത് തടയുന്നില്ല എന്നതായിരുന്നു.