ലണ്ടന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ 35 മില്യന്‍ പൗണ്ടിന്റെ കമ്മി നികത്താന്‍ ബ്രിട്ടണിലെ ന്യൂകാസില്‍ യൂണിവേഴ്സിറ്റി ഇന്ത്യയില്‍ കാമ്പസ് തുടങ്ങാന്‍ ഉദ്ദേശിക്കുകയാണ്. ഇന്ത്യയുമായുള്ള വിദ്യാഭ്യാസ പങ്കാളിത്തം ഉണ്ടാക്കുന്നതിനുള്ള ആദ്യ ഘട്ടത്തിലാണ് ഇപ്പോള്‍ എന്നാണ് ന്യൂകാസില്‍ യൂണിവേഴ്സിറ്റി പറയുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി പിരിച്ചു വിടല്‍ അനിവാര്യമായതോടെ 1000 ല്‍ അധികം യൂണിവേഴ്സിറ്റി ജീവനക്കാര്‍ ഇപ്പോള്‍ സമരത്തിനൊരുങ്ങുകയാണ്.

അതേസമയം, ക്യാമ്പസ് വിപുലീകരിക്കുന്നു എന്ന വാര്‍ത്ത പ്രതിഫലിപ്പിക്കുന്നത് യൂണിവേഴ്സിറ്റി മാനേജ്‌മെന്റിന്റെ കഴിവില്ലായ്മയാണെന്ന് യൂണിവേഴ്സിറ്റി ആന്‍ഡ് കോളേജ് യൂണിയന്‍ പ്രതിനിധി പ്രൊഫ മാറ്റി പെറി പറയുന്നു. അതിനിടയില്‍, കഴിഞ്ഞബുധനാഴ്ച ഡെല്‍ഹിയിലെ ബ്രിട്ടീഷ് കൗണ്‍സിലില്‍ നടന്നോരു പരിപാടിയില്‍ ന്യൂകാസില്‍ വൈസ് ചാന്‍സലര്‍ പ്രസംഗിച്ചതായി വിദ്യാഭ്യാസ പ്രസിദ്ധീകരണമായ ദി പീ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ഇന്ത്യയുമായി വിദ്യാഭ്യാസ മേഖലയില്‍ പങ്കാളിത്തമുണ്ടാക്കുന്നതിനുള്ള ആദ്യ ഘട്ടത്തില്‍ മാത്രമാണ് തങ്ങളെന്നാണ് യൂണിവേഴ്സിറ്റി വക്താവ് അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്സിറ്റികളില്‍ ഒന്നായി ഭാവിയിലും നിലകൊള്ളാനുള്ള നടപടികള്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ജീവനക്കാരെയും അക്കാര്യം അറിയിക്കുമെന്നും വക്താവ് അറിയിച്ചു.

അതേസമയം, ബ്രിട്ടനില്‍ യൂണിവേഴ്സിറ്റിയില്‍ പിരിച്ചു വിടല്‍ നടപകള്‍ ആരംഭിക്കാനിരിക്കെ, പ്രവര്‍ത്തനം വിദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനെ ആശങ്കയോടെയാണ് കാണുന്നത് എന്നാണ് പ്രൊഫസര്‍ പെറി പറയുന്നത്. ശമ്പള ബില്ലില്‍ 20 മില്യന്‍ പൗണ്ടിന്റെ കുറവ് വരുത്താനാണ് യൂണിവേഴ്സിറ്റി ശ്രമിക്കുന്നതെന്ന് ലോക്കല്‍ ഡെമോക്രസി റിപ്പോര്‍ട്ടിംഗ് സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം 300 തസ്തികകള്‍ ഇല്ലാതെയാക്കിയാല്‍ മാത്രമെ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുകയുള്ളു.

സ്വമേധാ ഒഴിഞ്ഞു പോകുന്നതിനുള്ള ഉപാധികള്‍ ഇതിനോടകം തന്നെ യൂണിവേഴ്സിറ്റി മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍, നിര്‍ബന്ധിത പിരിച്ചു വിടലും ആവശ്യമായി വന്നേക്കും എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിംഗപ്പൂരിലും മലേഷ്യയിലും ഇപ്പോള്‍ തന്നെ ന്യൂകാസില്‍ യൂണിവേഴ്സിറ്റിക്ക് ക്യാമ്പസുകളുണ്ട്.