- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഓരോ പ്രസംഗത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍ അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറും; രാജീവ് ചന്ദ്രശേഖറിനെ പ്രഥമ ദൃഷ്ട്യാ കുറ്റപ്പെടുത്തിയതിന് തെളിവില്ല; ശശി തരൂരിനെ പ്രതിയാക്കാതെ ഡല്‍ഹി കോടതി; കോണ്‍ഗ്രസ് എംപിക്ക് ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ കുറ്റവിമുക്തി വരുമ്പോള്‍
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പിക്കെതിരെ മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച മാനനഷ്ടഹര്‍ജി ഡല്‍ഹി റൗസ് അവന്യു കോടതി തള്ളിയത് നിര്‍ണ്ണായക പരാമര്‍ശത്തില്‍. ഓരോ പ്രസംഗത്തെയും അപകീര്‍ത്തികരമായി കണ്ടാല്‍, അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഇല്ലാതായി മാറുമെന്ന സുപ്രധാന നിരീക്ഷണം ഡല്‍ഹി കോടതി നടത്തി. പ്രഥമദൃഷ്ട്യാ അപകീര്‍ത്തിക്കുള്ള വിഷയം കാണുന്നില്ലെന്നു പറഞ്ഞാണ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പരസ് ദലാല്‍ ഹര്‍ജി തള്ളിയത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ശശി തരൂര്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പരാതി. ഇതു സംബന്ധിച്ച ക്രിമിനല്‍ കേസാണ് കോടതി തള്ളിയത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നാണ് ആക്ഷേപം. എന്നാല്‍, തരൂരിനെതിരെയുള്ള ആരോപണം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഇതേവിഷയത്തില്‍ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രാജീവ് ചന്ദ്രശേഖര്‍ സമര്‍പ്പിച്ച സിവില്‍ ഹര്‍ജിയില്‍ തരൂരിന് സമന്‍സ് അയയ്ക്കാന്‍ ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആ കേസ് ഏപ്രില്‍ 28ന് വീണ്ടും പരിഗണിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥി വോട്ടിനായി പണം നല്‍കുന്നുവെന്ന് തരൂര്‍ പറഞ്ഞെന്നായിരുന്നു പരാതി. 'പ്രതി പരാതിക്കാരനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളൊന്നുമില്ല. ഹാജരാക്കിയ തെളിവുകള്‍ കാണിക്കുന്നത് നിര്‍ദ്ദിഷ്ട പ്രതി ഒരിക്കലും പരാതിക്കാരനെ നേരിട്ട് കുറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടോ ഇല്ല എന്നാണ്,' കോടതി പറഞ്ഞു.
ബി.ജെ.പി തങ്ങളെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി കൂടുതല്‍ ചെലവഴിക്കുന്നുണ്ടെന്ന് തരൂര്‍ ആരോപിക്കുന്നത് പരാതിക്കാരനെ കുറ്റപ്പെടുത്തുന്നതോ അപകീര്‍ത്തിപ്പെടുത്തുന്നതോ അല്ലെന്ന് കോടതി പറഞ്ഞു. രാജ്യത്തിന്റെ മുഴുവന്‍ സാഹചര്യത്തെയും മുന്‍നിര്‍ത്തിയാണ് തരൂര്‍ അത്തരം പ്രസ്താവന നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു.
ശശി തരൂര്‍, രാജീവ് ചന്ദ്രശേഖര്‍