ആലപ്പുഴ: ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ കെ പ്രകാശിന് അഭിനന്ദന പ്രവാഹമാണ്. സ്വന്തം ജീവന്‍ റിസ്‌കിലാക്കി നടത്തിയ ഇടപെടലിനാണ് അഭിനന്ദനം. യാത്രയ്ക്കിടയില്‍ ബസ് കണ്ടക്ടര്‍ക്കു തോന്നിയ ചെറിയ സംശയം കുടുക്കിയത് മോഷ്ടാക്കളെയാണ്. അതുവഴി യാത്രക്കാരിക്കു തിരിച്ചുകിട്ടിയത് ഏഴുപവന്റെ മാലയും. ആലപ്പുഴയില്‍നിന്ന് പത്തനംതിട്ടയ്ക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസിലായിരുന്നു കവര്‍ച്ച നടന്നത്.

പത്തനംതിട്ട കോക്കാത്തോട് അരുവാപുരം മണ്ണില്‍ വീട്ടില്‍ തങ്കമണി അമ്മാളിന്റെ (71) ഏഴ് പവന്റെ മാല രണ്ട് സ്ത്രീകള്‍ അപഹരിച്ചത്. തമിഴ്‌നാട് പുതുക്കോട്ട സ്വദേശികളായ സുബ്ബമ്മ (35), കണ്ണമ്മ (39) എന്നിവരാണ് പിടിയിലായത്. ഇരുവരും കൂടുതല്‍ കേസുകളില്‍ പ്രതികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ചൊവ്വാഴ്ച എട്ടുമണിക്കാണ് എ.സി. റോഡ് വഴിയുള്ള ബസ് പുറപ്പെട്ടത്. നാലു കിലോമീറ്റര്‍ അകലെയുള്ള കൈതവനയിലെത്തിയപ്പോള്‍ കുറച്ചു സ്ത്രീകള്‍ കയറി. രണ്ടു തമിഴ് നാടോടി സ്ത്രീകളുമുണ്ടായിരുന്നു. പെരുമാറ്റത്തില്‍ ആദ്യംമുതല്‍ പ്രകാശിനു പന്തികേടു തോന്നി. എങ്ങോട്ടേക്കാണ് ടിക്കറ്റു വേണ്ടതെന്നു ചോദിച്ചപ്പോള്‍ അടുത്ത സ്റ്റോപ്പെന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് മങ്കൊമ്പിലേക്കാണെന്ന് പറഞ്ഞു. എന്നാല്‍, മങ്കൊമ്പ് എത്തുംമുന്‍പ് കൈനകരിയെത്തിയപ്പോള്‍ ഇവര്‍ ഇറങ്ങി. ഇതോടെ കണ്ടക്ടര്‍ക്ക് മോഷണ സംശയം തുടങ്ങി.

'ബസിലെ ആരുടെയെങ്കിലും എന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോ' എന്നു പരിശോധിക്കാന്‍ പ്രകാശ് വിളിച്ചുപറഞ്ഞു. തന്റെ മാല കാണുന്നില്ലെന്ന് ഒരു വയോധിക വിളിച്ചുപറഞ്ഞു. നാടോടികള്‍ കയറിയ അതേ സ്റ്റോപ്പില്‍നിന്നു കയറിയതായിരുന്നു ഈ അമ്മയും. ഈ സ്ത്രീക്കു സമീപത്താണ് നാടോടികളുണ്ടായിരുന്നത്. ഇതോടെ മോഷണം ഉറപ്പിച്ചു. പ്രകാശ് ഉടന്‍ ബസില്‍ നിന്നിറങ്ങി തമിഴ്സ്ത്രീകള്‍ക്കു പിന്നാലെ ഓടി. യാത്രക്കാരും ഉണ്ടായിരുന്നു.

മോഷണം നടത്തി സ്ത്രീകള്‍ ബസിറങ്ങി ഓട്ടോയില്‍ കയറി രക്ഷപ്പെടാനുള്ള ശ്രമത്തിലായിരുന്നു. എല്ലാവരും ചേര്‍ന്ന് തടഞ്ഞു. ഒരു യുവതി മാല കൈയില്‍ ചുരുട്ടിപ്പിടിച്ചിരിക്കുകയായിരുന്നു. ഉടന്‍ നെടുമുടി പോലീസിനെ വിളിച്ച് സ്ത്രീകളെ കൈമാറി. സ്വര്‍ണമാല അങ്ങനെ വയോധികയ്ക്ക് തിരികെ കിട്ടി. പ്രതികളെ റിമാന്‍ഡു ചെയ്തു. പ്രകാശ് ഹീറോയുമാക്കി.

പ്രകാശ്, കണ്ടക്ടര്‍, കെ എസ് ആര്‍ ടി സി