- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വ്യാജമായി ഗര്‍ഭിണിയാണെന്ന് പറഞ്ഞ് കാമുകനെ പറ്റിച്ച യുവതി ജയിലിലേക്ക്; വിയറ്റ്‌നാമില്‍ ബ്രിട്ടീഷ് ജോഡികള്‍ കൊല്ലപ്പെട്ട കേസില്‍ അറസ്റ്റ്; ഫ്രാന്‍സില്‍ ബ്രിട്ടീഷ് ദമ്പതികളെ കൊന്നത് യുകെയിലെ ഗാംഗ്
ലണ്ടന്‍: താന്‍ ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചുവെന്ന് പറഞ്ഞ കാമുകനെ പറ്റിച്ച യുവതിക്ക് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതിന് ജയിലിലേക്ക് വഴി തുറന്നു. മാത്രമല്ല, തന്റെ മുന്‍ കാമുകനെ കാണുന്നതില്‍ നിന്നും കോടതി ഇവര്‍ക്ക് വിലക്കും കല്‍പിച്ചിട്ടുണ്ട്. ലിബ്ബി വെര്‍മന്‍ എന്ന 23 കാരി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്തിനാണെന്നത് മാത്രം ഉത്തരം കിട്ടാത്ത ചോദ്യമായി നില്‍ക്കുന്നു. 2023 ല്‍ ആണ് സ്‌ടോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന യൂവതി ഓണ്‍ലൈനിലൂടെ കംബ്രിയയിലുള്ള യുവാവുമായി പരിചപ്പെടുന്നത്.
അന്ന് യുവതി പറഞ്ഞത്, തന്നെ ഏറെ ദ്രോഹിക്കുമായിരുന്ന പങ്കാളിയില്‍ നിന്നും ഗര്‍ഭം ധരിച്ചിരിക്കുകയാണ് എന്നായിരുന്നു. ആ കുട്ടിയെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് യുവാവ് സമ്മതിക്കുകയും ചെയ്തു. പിന്നീട്, താന്‍ പ്രസവിച്ചുവെന്ന് യുവാവിനെ അറിയിച്ച യുവതി ഒരു നവജാത ശിശുവിന്റെ ചിത്രം ഇയാള്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്തു. മാത്രമല്ല, ഇതിന് ദിവസങ്ങള്‍ക്ക് ശേഷം യുവതിയുമായി വീഡിയോ കോളില്‍ ബന്ധപ്പെട്ടപ്പോള്‍ യുവതിക്ക് സമീപം ഒരു തൊട്ടില്‍ കണ്ടതായും യുവാവ് പറഞ്ഞു.
പിന്നീട് ഈ കുട്ടി മരണമടഞ്ഞു എന്ന് പറഞ്ഞ യുവതി ഒരു വ്യാജ മരണ സര്‍ട്ടിഫിക്കറ്റും യുവാവിന് അയച്ചു കൊടുത്തിരുന്നു. ഇതിനിടയില്‍ ഇവരുടെ ബന്ധം ശക്തിപ്പെടുകയും ഇരുവരും തമ്മില്‍ നിരവധി തവണ നേരിട്ട് കാണുകയും ചെയ്തു. അപ്പോഴാണ് താന്‍ യുവാവില്‍ നിന്നും ഇരട്ടക്കുട്ടികളെ ഗര്‍ഭം ധരിച്ചതായി ലിബ്ബി വെര്‍മന്‍ അയാളെ അറിയിച്ചത്. അതിനു ശേഷം ജെന്‍ഡര്‍ റിവീലിംഗ് പാര്‍ട്ടി നടത്തുകയും അതിന് യുവാവിന്റെ കുടുംബാംഗങ്ങള്‍ പങ്കെടുക്കുകയും ചെയ്തു.
വസ്ത്രങ്ങളില്‍ കൃത്രിമത്വം കാണിച്ച്, ഗര്‍ഭിണിയാണെന്ന് ബോധിപ്പിക്കുന്നതരത്തിലായിരുന്നു അവര്‍ പാര്‍ട്ടിയില്‍ ആതിഥേയത്വം വഹിച്ചത്. അതിനു ശേഷം, ഗര്‍ഭം അലസിയതായി കാമുകനെ അറിയിച്ചു. തുടര്‍ന്ന് കാമുകന്‍ നടത്തിയ അന്വേഷണങ്ങളാണ് സംഭവം വെളിച്ചത്തു വരാന്‍ ഇടയായത്. യുവതി ആദ്യം അവകാശപ്പെട്ട മുന്‍ പങ്കാളിയില്‍ നിന്നുള്ള ഗര്‍ഭവും വ്യാജമായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
വിയറ്റ്‌നാമില്‍ ബ്രിട്ടീഷ് ജോടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റ്
ബ്രിട്ടീഷ് യുവതിയുടെയും പ്രതിശ്രുത വരന്റെയും മരണം അന്വേഷിക്കുന്ന പോലീസ് ഒരു തായ്ലാന്‍ഡ് ബാറിലെ ബാര്‍ടെന്‍ഡറെ അറസ്റ്റ് ചെയ്തു. ഇയാളാണ് മരണപ്പെട്ടവര്‍ക്ക് വ്യാജ മദ്യം നല്‍കിയത് എന്നാണ് സംശയിക്കുന്നത്. യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന ബ്രിട്ടീഷുകാരിയായ ഗ്രേറ്റമാരി ഒട്ടേസണ്‍ ദുബായിലായിരുന്നു താമസം. ഡിജിറ്റല്‍ സ്ട്രാറ്റജിസ്റ്റായ ഇവര്‍ സ്വന്തമായി ഒരു സോഷ്യല്‍ മീഡിയ ആന്റ് കണ്ടന്റ് മാര്‍ക്കറ്റിംഗ് കമ്പനി നടത്തി വരികയായിരുന്നു. അടുത്ത കാലത്ത് വിയറ്റ്‌നാമില്‍ താമസം ആരംഭിക്കുന്നതിന് മുന്‍പായി ഇവര്‍ ഒട്ടുമിക്ക ഏഷ്യന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള സംഗീതജ്ഞനും സ്ട്രീമറുമായ എല്‍സ് ആര്‍ണോ ക്വിന്റണ്‍ ആയിരുന്നു പ്രതിശ്രുത വരന്‍. മെത്തനോളാണ് ഇരുവരുടെയും മരണകാരണം എന്ന് നേരത്തെ തന്നെപോലീസ് സ്ഥിരീകരിച്ചിരുന്നു. ഭക്ഷ്യ സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിനാണ് ഇപ്പോള്‍ ബാര്‍ടെന്‍ഡറെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെ ടാന്‍ ജിയ എന്ന 45കാരനെ ഹോയ് ആനില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫ്രാന്‍സില്‍ ബ്രിട്ടീഷ് ദമ്പതികളെ കൊലപ്പെടുത്തിയത് ബ്രിട്ടീഷ് ക്രിമിനല്‍ സംഘം
ഫ്രാന്‍സില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ പുറകില്‍ ബ്രിട്ടനില്‍ നിന്നുള്ള ഒരുപറ്റം ക്രിമിനലൂകളാണെന്നാണ് ഫ്രഞ്ച് പോലീസ് സംശയിക്കുന്നത്. ഏറെ ഒറ്റപ്പെട്ടു കിടക്കുന്ന ഇവരുടെ വീട്ടിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഘടിത ക്രിമിനല്‍ കുറ്റങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്ന ഏജന്‍സിയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ചുമതല വഹിച്ചിരുന്ന ആന്‍ഡ്രൂ സിയാര്‍ലെ പത്ത് വര്‍ഷം മുന്‍പാണ് കുടുംബത്തോടൊപ്പം ഫ്രാന്‍സില്‍ താമസം ആരംഭിക്കുന്നത്.
നല്ല ആരോഗ്യമുള്ളവരായിരുന്നു പ്രായം അറുപതുകളിലുള്ള ആന്‍ഡ്രുവും ഭാര്യഡോണും. ആ പ്രദേശത്തെ നിവാസികളുമായി നല്ല സൗഹൃദവും ഇവര്‍ കാത്തു സൂക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ പ്രദേശവാസികളിലേക്ക് സംശയം നീളാന്‍ കാരണമില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. എന്നാല്‍, നേരത്തെ സംഘടിത കുറ്റകൃത്യങ്ങള്‍ക്ക് എതിരെ പ്രവര്‍ത്തിച്ച പശ്ചാത്തലം ആന്‍ഡ്രുവിന് ഉള്ളതുകൊണ്ട് ബ്രിട്ടനില്‍ അത്തത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളാകാം ഇവരുടെ കൊലയ്ക്ക് പിന്നിലെന്നാണ് ഫ്രഞ്ച് പോലീസ് സംശയിക്കുന്നത്.