- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികള്‍ മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം ആദ്യം എത്തിയത് 2007ല്‍; 2025 ആയപ്പോഴേക്കും ആ വാര്‍ത്ത മട്ടാഞ്ചേരിയിലും എത്തി; 'സ്ട്രോബെറി കിക്ക് ' എന്ന മയക്കും മിഠായി പടര്‍ത്തിയത് ആശങ്ക; പശ്ചിമ കൊച്ചിയില്‍ കരുതല്‍ കൂട്ടി പോലീസും എക്‌സൈസും
മട്ടാഞ്ചേരി: പൊട്ടിത്തെറിക്കുന്ന മിഠായി രൂപത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പുതിയ മയക്കുമരുന്ന് എത്തുന്നുവെന്ന് റിപ്പോര്‍ട്ട് വ്യാജമോ? 'സ്‌ട്രോബെറി കിക്ക് ' എന്ന പേരില്‍ ഇത്തരം മയക്കുമിഠായികളെക്കുറിച്ച് സമൂഹമാദ്ധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് എക്‌സൈസിനോ പോലീസിനോ കണ്ടെത്താനായിട്ടില്ല. പക്ഷേ മട്ടാഞ്ചേരിയില്‍ മയക്കുമരുന്ന് വ്യാപകമാണ്. സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിട്ട് മിഠായി രൂപത്തില്‍ ലഹരിമരുന്ന് വിതരണം ചെയ്യുന്നുവെന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നുമില്ല. 2007 മുതല്‍ ലോകത്തെ പലഭാഗങ്ങളിലായി പ്രചരിക്കുന്ന സന്ദേശമാണിത്.
'സ്‌ട്രോബെറി കിക്ക് ' എന്ന മയക്കു മരുന്നിനായി പൊലീസും എക്‌സൈസും പരിശോധനയും നിരീക്ഷണവും ശക്തമാക്കിയെങ്കിലും തുമ്പൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം മാത്രം 165 മയക്കുമരുന്നു കേസുകളാണ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് എസ്.എച്ച്.ഒ. ഷിബിന്‍ പറഞ്ഞു. മയക്കമരുന്നിന്റെ ഉപയോഗം മട്ടാഞ്ചേരി ഭാഗത്ത് വര്‍ദ്ധിക്കുന്നു. തമാശയ്ക്ക് പോലും എം.ഡി. എം.എ. ഉപയോഗിക്കരുത്. പിന്നെ അതിന് അടിമപ്പെടും. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മക്കള്‍ വീട്ടില്‍ വരുമ്പോള്‍ രക്ഷിതാക്കള്‍ ബാഗ് ഉള്‍പ്പെടെ പരിശോധിക്കണം. തന്റെ മക്കള്‍ മയക്കുമരുന്നിന് അടിമയാണെന്ന് അറിയുമ്പോള്‍ പലപ്പോഴും വൈകിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.
സ്‌ട്രോബെറിയുടെ മണമുള്ളതാണത്രെ വാര്‍ത്തകളിലുള്ള വിവാദ മയക്കുമിഠായി. സ്‌ട്രോബെറി മെത്ത്, സ്‌ട്രോബെറി കിക്ക് എന്നും വിളിപ്പേരുണ്ട്. ചോക്കലേറ്റ്, പീനട്ട് ബട്ടര്‍, കോള, ചെറി, മുന്തിരി, ഓറഞ്ച് എന്നീ രുചികളില്‍ ഇറങ്ങുന്ന ചിലയിനം മിഠായികള്‍ സംശയനിഴലിലുണ്ട്. പശ്ചിമകൊച്ചിയില്‍ സ്‌കൂള്‍ പരിസരത്ത് മയക്കമരുന്ന് വില്പന തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറയുന്നു. എക്‌സൈസുമായി ചേര്‍ന്ന് സ്‌ക്വാഡിന് രൂപം നല്‍കി അന്വേഷണം ഊര്‍ജിതമാക്കും.
സ്‌ട്രോബെറി കിക്ക് എന്ന പേരിലാണ് സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരി വിതരണം ചെയ്യുന്നതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നത്. വിവിധ ഫ്‌ലേവറുകളില്‍ ഈ മിഠായികള്‍ ലഭിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു. ഇത് സംബന്ധിച്ച് പൊലീസ്, എക്‌സൈസ്, നര്‍ക്കോട്ടിക് വിഭാഗങ്ങള്‍ നിരീക്ഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. വാര്‍ത്തയുടെ ഉറവിടംതേടാനും സൈബര്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. ലഹരിമിഠായി വാര്‍ത്ത പരന്നതോടെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കടുത്ത ആശങ്കയിലാണ്. എന്നാല്‍ വ്യാജ പ്രചരണമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍.
2007ല്‍, പ്രശസ്ത ബ്രാന്‍ഡായ നെസ്‌ക്വിക്കിന്റെ പേരിലാണ് 'സ്ട്രോബെറി ക്വിക്ക്' എന്ന ഈ തട്ടിപ്പ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. കുട്ടികളെ ആകര്‍ഷിക്കുന്നതിനായി ലഹരിമരുന്ന് വ്യാപാരികള്‍ മെത്താംഫെറ്റാമൈനില്‍ രുചിയും നിറവും ചേര്‍ക്കുന്നുണ്ടെന്നുമായിരുന്നു സന്ദേശം. ഇമെയില്‍ വഴിയായിരുന്നു ഈ പ്രചാരണത്തിന്റെ തുടക്കം. പിന്നീട് ചില മാധ്യമങ്ങളും ഈ സന്ദേശം വാര്‍ത്തയാക്കി. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമമായ സ്നോപ്‌സ് ഈ പ്രചാരണം വ്യാജമാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡി.ഇ.എ., വൈറ്റ് ഹൗസ് ഓഫീസ് ഓഫ് നാഷണല്‍ ഡ്രഗ് കണ്‍ട്രോള്‍ പോളിസി അധികൃതരില്‍ നിന്നടക്കം ഈ വിഷയത്തില്‍ പ്രതികരണം തേടിയ ശേഷമായിരുന്നു ഇത്.
2018ല്‍ ഈ സന്ദേശം നൈജീരിയയിലും വൈറലായിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചത്.'' സ്ട്രോബെറി ക്രിസ്റ്റല്‍ മെത്ത്/ സ്ട്രോബെറി ക്വിക്ക്' മിഠായി എന്ന തരത്തില്‍ കുട്ടികള്‍ക്ക് നല്‍കുന്നതായി റിപ്പോര്‍ട്ടുകളൊന്നും ലഭിച്ചിട്ടില്ല' എന്നായിരുന്നു നാഷണല്‍ ഡ്രഗ് ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സി വക്താവ് ജോനാ അച്ചെമ അന്താരാഷ്ട്ര മാധ്യമമായ ആഫ്രിക്ക ചെക്കിനോട് പ്രതികരിച്ചത് .