- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ ചേരിപ്പോര്; പുതിയ മുഖ്യമന്ത്രിയില്‍ സമവായമായില്ല; ഒടുവില്‍ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി ദ്രൗപതി മുര്‍മു
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം
ഇംഫാല്‍: കലാപബാധിത മണിപ്പുരില്‍ രാഷ്ട്രപതി ഭരണമേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു വിഞ്ജാപനമിറക്കി. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് ബിരേന്‍ സിങ് രാജിവച്ച് ദിവസങ്ങള്‍ക്കകമാണ് നടപടി. ഭരണഘടനയുടെ 356ാം വകുപ്പ് പ്രകാരം മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
ബിരേന്‍ സിങ്ങിനു പകരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് പൊതു സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ഇതുവരെ കഴിയാത്ത സാഹചര്യത്തില്‍ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പെടുത്താന്‍ ആലോചനയുണ്ടായിരുന്നു. മണിപ്പുരിന്റെ ചുമതലയുള്ള ബിജെപി നേതാവ് സംബിത് പത്രയും ബിജെപി സംസ്ഥാന പ്രസിഡന്റ് ശാരദാദേവിയും ഗവര്‍ണര്‍ അജയ്കുമാര്‍ ഭല്ലയെ കണ്ട് സാഹചര്യങ്ങള്‍ വിശദീകരിച്ചതിനു പിന്നാലെയാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയുള്ള വിജ്ഞാപനമെത്തിയത്.
പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതില്‍ ബിജെപി എംഎല്‍എമാര്‍ക്കിടയില്‍ സമവായം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചുകൊണ്ട് നിര്‍ണായക വിജ്ഞാപനമിറക്കിയത്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വേറെ വഴിയില്ലാതെ മുഖ്യമന്ത്രി സ്ഥാനം ബീരേന്‍ സിങ്ങ് രാജിവെച്ചെങ്കിലും ഇനി എന്ത് എന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം തുടര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ബിജെപി എംഎല്‍എമാരുടെ യോഗം ചേര്‍ന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയ സംബന്ധിച്ച് സമവായമായിരുന്നില്ല. ബിരേന്‍ സിങിന്റെ പിന്‍ഗാമിയെ ചൊല്ലി വലിയ ചേരിപ്പോര് എംഎല്‍എമാര്‍ക്കിടയിലുണ്ട്. സ്പീക്കര്‍ ടി എസ് സിങ്ങിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേന്‍ സിങ്ങ് അനുകൂലികള്‍ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.
ഇതിനിടെയാണ് കൂടുതല്‍ അനിശ്ചിതത്വങ്ങളിലേക്ക് പോകുന്നതിന് മുമ്പ് തന്നെ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചത്.അതേസമയം, ബീരേന്റെ രാജി കൊണ്ട് പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും പ്രത്യേക ഭരണസംവിധാനം എന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടിട്ടില്ലെന്നുമാണ് കുക്കി സംഘടനയുടെ പ്രതികരണം.
പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം പരമാവധി ശ്രമിച്ചിരുന്നുവെങ്കിലും ഒരു പേരിലേക്ക് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മണിപ്പൂര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ സഭയില്‍ കോണ്‍ഗ്രസ് അവിശ്വാസപ്രമേയം സമര്‍പ്പിക്കാനിരിക്കെയായിരുന്നു ബിരേന്‍ സിങിന്റെ രാജി. രാജി കലാപം തുടങ്ങി രണ്ട് വര്‍ഷത്തിന് ശേഷമാണ് രാജി. രാജിക്കത്ത് ഗവര്‍ണര്‍ അജയ് ഭല്ലയ്ക്ക് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് രാജി പ്രഖ്യാപനം നടത്തിയത്.
നേരത്തേ കോണ്‍റാഡ്‌സിങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണപിന്‍വലിച്ചിരുന്നു. കലാപം നടക്കുന്ന സംസ്ഥാനത്തെ ക്രമസമാധാനം പൂര്‍വസ്ഥിതിയിലാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
എന്നാല്‍, എന്‍പിപിയുടെ പിന്തുണ പിന്‍വലിച്ചത് സര്‍ക്കാരിനെ ബാധിക്കുമായിരുന്നില്ല. ഏഴ് എംഎല്‍മാരാണ് എന്‍പിപിക്കുള്ളത്. 37 ബിജെപി എംഎല്‍എമാരുടെ പിന്തുണയും നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാരും മൂന്ന് സ്വതന്ത്രരുടെ പിന്തുണയും ബിരേന്‍ സിങ് സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ 12 ഓളം എം.എല്‍.എമാര്‍ നേതൃമാറ്റത്തിനായി മുന്നോട്ടുവന്നത് സര്‍ക്കാരിനെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. സ്പീക്കറും മുഖ്യമന്ത്രിയും തമ്മില്‍ ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിശ്വാസവോട്ടെടുപ്പിന്റെ സാഹചര്യത്തില്‍ ഈ എംഎല്‍എമാര്‍ പാര്‍ട്ടിക്കെതിരായ നിലപാട് സ്വീകരിച്ചാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകുമായിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് വിജയത്തില്‍ പാര്‍ട്ടി തിളങ്ങി നില്‍ക്കവേ മണിപ്പൂരില്‍ അവിശ്വാസ പ്രമേയം പാസായാല്‍ അത് തിരിച്ചടിയാവുമെന്ന് കണ്ടാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൊടുന്നനേയുള്ള തീരുമാനം.