- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
137 രക്ഷാപ്രവര്‍ത്തകര്‍... നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍... സന്നദ്ധമായി നിന്ന ഹെലികോപ്റ്റര്‍; എല്ലാം പുറത്തുണ്ടായിട്ടും 27 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനം പാളി; ആ ഗുഹ ദാരുണ സംഭവത്തോടെ അടച്ചു. ജോണ്‍സിന്റെ മൃതദേഹം ഇന്നും ഈ ഗുഹയില്‍; വളഞ്ഞു പുളഞ്ഞു കിടക്കുന്ന നട്ടി പുട്ടി ഗുഹയുടെ കഥ
തമിഴ്നാട്ടിലെ ഗുണാ കേവുകളില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന സംഭവങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള ഒരു സംഭവം ഇപ്പോഴും നമ്മുടെ ഓര്‍മ്മകളില്‍ നിന്ന് മായാതെ നില്‍ക്കുകയാണ്. അമേരിക്കയില്‍ 2009ലാണ് ഈ ദുരന്തം നടന്നത്. ഗുണ കേവ് പോലെ വളഞ്ഞു പുളഞ്ഞു കിടക്കുന്ന നട്ടി പുട്ടി ഗുഹയില്‍ വീണാണ് ജോണ്‍ എഡ്വേര്‍ഡ് ജോണ്‍സ് എന്ന 26 കാരന് ജീവന്‍ നഷ്ടമായത്. പല ഗുഹകളും എത്രത്തോളം അപകടകരമാണെന്നും നാം എപ്പോഴും സുരക്ഷിതമായ ഗുഹകള്‍ മാത്രം പിന്തുടര്‍ന്നാല്‍ മതിയെന്നും നമ്മെ ഓര്‍മ്മപെടുത്തുന്നതാണ് ഈ സംഭവം. വല്ലാതെ ഇടുങ്ങിയ ഗുഹയാണ് നട്ടി പുട്ടി.
ധാരാളം പര്യവേഷകര്‍ ഈ ഗുഹയിലിറങ്ങിയിട്ടുണ്ടായിരുന്നു. വിശദമായ മാപ്പുകളും ഗുഹയെ സംബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ടായിരുന്നു. ജോണ്‍ എഡ്വേര്‍ഡ് ജോണ്‍സ് തന്റെ സഹോദരന്‍ ജോഷിനും മറ്റ് 11 പേര്‍ക്കുമൊപ്പം 2009 നവംബര്‍ 24-നായിരുന്നു നട്ടി പുട്ടി ഗുഹ കാണാനും പര്യവേഷണം ചെയ്യാനും പോയത്. വര്‍ഷങ്ങളായി ആളുകള്‍ക്ക് പ്രവേശനമില്ലാതെ കിടന്ന ഗുഹ 2009ലായിരുന്നു വീണ്ടും തുറന്നത്. ഗുഹ വീണ്ടും തുറന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഈ സംഘം ഇവിടെ എത്തിയത്. ഗുഹയ്ക്ക് ഉള്ളിലെ പലഭാഗങ്ങളും വല്ലാതെ ഇടുങ്ങിയതായിരുന്നു. അതിനാല്‍ തന്നെ ഓരോ ഭാഗങ്ങള്‍ക്കും പ്രത്യേകം പേരുകളും നല്‍കിയിട്ടുണ്ട്. ബര്‍ത്ത് കനാല്‍ എന്ന ഭാഗത്തേക്ക് പോകാനായിരുന്നു ജോണിന്റെയും സംഘത്തിന്റെയും തീരുമാനം.
എന്നാല്‍, ആ ഇടുങ്ങിയ ഗുഹാപര്യവേഷണത്തിനിടെ ജോണിന് ബര്‍ത്ത് കനാലിലേക്ക് കൃത്യമായി എത്താന്‍ സാധിച്ചില്ല. പേരുപോലെതന്നെ വിശാലമായ സ്ഥലമുള്ള ഭാഗമാണ് ബര്‍ത്ത് കനാല്‍. ജോണ്‍ അങ്ങനെയൊരു ഇടുങ്ങിയ ഇടത്തോട്ടാണ് കടന്നത്. എന്നാല്‍ അത് ബര്‍ത്ത് കനാല്‍ ആയിരുന്നില്ല. മറുവശത്ത് ഒരു വലിയ കുഴി കണ്ടതായി കരുതി, ജോണ്‍ ഇടുങ്ങിയ സ്ഥലത്തിലൂടെ ആദ്യം തല ഞെക്കി ഇറങ്ങാന്‍ ശ്രമിച്ചു. അത് ഭീകരമായ ഒരു ദുരന്തത്തിലേക്കാണ് നയിച്ചത്. ജോണിന് തലകീഴായി അവിടെ കുടുങ്ങികിടക്കേണ്ടിവന്നു. ഏറ്റവും ഇറുകിയ ഭാഗത്ത് ജോണ് കുടുങ്ങി. ഭൂമിയില്‍ നിന്ന് 100 അടിയിലധികം താഴ്ചയില്‍ അനങ്ങാന്‍ പോലും സാധിക്കാതെ അയാള്‍ തലകീഴായി കിടന്നു. ബര്‍ത്ത് കനാല്‍ തേടിപ്പോയ ജോണിനെ കാണാതെ സഹോദരന്‍ ജോഷ് പിന്നാലെ എത്തിയപ്പോഴാണ് അപകടം കാണുന്നത്.
ജോഷ് സഹോദരനെ പുറത്തെടുക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. എന്നാല്‍ തലകീഴായുള്ള ആ കിടപ്പ് കാര്യങ്ങള്‍ വഷളാക്കി. സമയം പാഴാക്കാതെ ജോഷ് പുറത്തേക്ക് എത്തി രക്ഷാപ്രവര്‍ത്തകരെ വിവരം അറിയിച്ചു. സഹായിക്കാന്‍ ആദ്യം എത്തിയ വ്യക്തി സൂസന്‍ എന്ന ഒരു പ്രാദേശിക റെസ്‌ക്യൂ വോളണ്ടിയര്‍ ആയിരുന്നു. അപ്പോഴേക്കും ജോണ്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയിട്ട് മൂന്ന് മണിക്കൂറിലധികം കഴിഞ്ഞിരുന്നു. സൂസന്‍ വളരെവേഗത്തില്‍ത്തന്നെ ജോണിനരികിലെത്തി. അയാളോട് സംസാരിക്കുമ്പോള്‍ തിരികെ മറുപടി ലഭിക്കുന്നുണ്ടായിരുന്നു. പിന്നീട് ഒട്ടേറെ രക്ഷാപ്രവര്‍ത്തകര്‍ എത്തി. റോപ്പ് ഉപയോഗിച്ച് ജോണിന്റെ കാലുകള്‍ ബന്ധിച്ച് പുറത്തേക്ക് വലിക്കാം എന്ന തീരുമാനത്തില്‍ എത്തി. അതോടൊപ്പം തന്നെ റെസ്‌ക്യൂ ടീം സമീപത്തുള്ള പാറ തുരന്ന് നീക്കം ചെയ്യാനും ശ്രമിച്ചു. എന്നാല്‍, ജോണ് കുടുങ്ങിക്കിടക്കുന്ന രീതിയനുസരിച്ച് ഇതും എളുപ്പായിരുന്നില്ല.
എന്തുതന്നെയായാലും നൂറുകണക്കിന് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിട്ടും ആര്‍ക്കും ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു. അപ്പോഴേക്കും ജോണ്‍ കുടുങ്ങിയിട്ട് 19 മണിക്കൂര്‍ പിന്നിട്ടിരുന്നു. മാത്രമല്ല, തലകീഴായുള്ള കിടപ്പില്‍ അയാള്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടേറി വന്നു. അതുമല്ല, തലച്ചോറില്‍ നിന്ന് തുടര്‍ച്ചയായ രക്തപ്രവാഹം പുറത്തേക്ക് തള്ളുന്നതിന് ഹൃദയം ഇരട്ടി പണിപ്പെട്ടു. ഇതിനിടയില്‍ എങ്ങനെയോ റെസ്‌ക്യൂ ടീമിന് ഒരു കേബിള്‍ റേഡിയോ ജോണിന് സമീപം എത്തിക്കാന്‍ കഴിഞ്ഞു. ഗുഹയ്ക്ക് പുറത്ത് കാത്തുനിന്ന ഭാര്യയുമായി ഇതിലൂടെ ജോണ് സംസാരിച്ചു. അവര്‍ പരസ്പരം ആശ്വാസം പകര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ പുറത്തേക്ക് വലിച്ചെടുക്കാനുള്ള പ്രയത്‌നം വളരെ ഫലപ്രദമായി തുടങ്ങിയിരുന്നു.
ജോണിനെ റെസ്‌ക്യൂ ടീമിന് പുറത്തേക്ക് മെല്ലെ മെല്ലെ വലിച്ചെടുക്കാന്‍ സാധിച്ചുതുടങ്ങി. അയാള്‍ കഠിനമായ വേദനയില്‍ ആയിരുന്നതുകൊണ്ട് ചെറിയ ഇടവേളയെടുത്താണ് വലിച്ചിരുന്നത്. റെസ്‌ക്യൂ ടീമിന് ജോണിന്റെ കണ്ണുകള്‍ കാണാന്‍ വരെ സാധിക്കുന്ന അവസ്ഥ എത്തി. പെട്ടെന്നായിരുന്നു അത് സംഭവിച്ചത്. നാലാമത്തെ വലിയില്‍ വലിച്ചുകൊണ്ടിരുന്ന വടം ഇളകി ടീമംഗങ്ങളെല്ലാവരും മറിഞ്ഞുവീണു. വടത്തില്‍ നിന്നും പിടിവിട്ടതോടെ ജോണ്‍ വീണ്ടും പാറയിടുക്കിലേക്ക് വീണുപോയി. നവംബര്‍ 25 അര്‍ധരാത്രിയോടെ ജോണിന്റെ മരണം സ്ഥിരീകരിച്ചു. അപ്പോഴക്കും 27 മണിക്കൂറുകള്‍ പൂര്‍ത്തിയായിരുന്നു.
137 രക്ഷാപ്രവര്‍ത്തകര്‍, നിരവധി ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധമായി നിന്ന ഹെലികോപ്റ്റര്‍ എല്ലാം പുറത്തുണ്ടായിട്ടും 27 മണിക്കൂര്‍ നീണ്ട ആ രക്ഷാപ്രവര്‍ത്തനം പരാജയമായി. നിരവധി വിനോദസഞ്ചാരികള്‍ എത്തിയിരുന്ന ഗുഹ പക്ഷെ ഈ ദാരുണ സംഭവത്തോടെ അടച്ചുപൂട്ടി. ജോണ്‍സിന്റെ മൃതദേഹം ഈ ഗുഹയില്‍ നിന്നും നീക്കം ചെയ്യാന്‍ കഴിയാത്തതിനാല്‍, ഈ സ്ഥലം ഇപ്പോള്‍ ഒരു സ്മാരകമായി തുടരുന്നു.