കണ്ണൂര്‍: കണ്ണൂരിലെ ഒരു ശിശുമിത്ര ബഡ്‌സ് സ്‌കൂളില്‍ വിദ്യാര്‍ഥിനിയെ കസേരയില്‍ കെട്ടിയിട്ടതായി അമ്മയുടെ പരാതിയില്‍ നിറയുന്നത് ക്രൂര പീഡനം. സ്‌കൂളില്‍ വിദ്യാര്‍ഥിനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് കുട്ടിയുടെ അമ്മയാണു ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണര്‍ക്കു കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. എഴുപത്തഞ്ച് ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന മകളെ അനങ്ങാന്‍ പോലും കഴിയാത്ത വിധം കസേരയില്‍ വിരിഞ്ഞുമുറുക്കി കെട്ടിയിട്ടെന്നാണു പരാതി. ഈ മാസം നാലിനാണു സംഭവം. സ്‌കൂള്‍ പിടിഎ യോഗത്തില്‍ പങ്കെടുക്കാന്‍ 20 മിനിറ്റ് നേരത്തേ സ്‌കൂളില്‍ എത്തിയപ്പോഴാണ് മകളെ കെട്ടിയിട്ടതായി ശ്രദ്ധയില്‍പ്പെട്ടതെന്നും കുട്ടിയുടെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞിരുന്നതായി കണ്ടതായും പരാതിയില്‍ പറയുന്നു.

ഇതു സംബന്ധിച്ച് പഞ്ചായത്തിലും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. ''എന്റെ മകളെ ഒന്ന് അനങ്ങാന്‍പോലും കഴിയാത്തവിധം കസേരയോടു ചേര്‍ത്ത് വരിഞ്ഞുമുറിക്കി കെട്ടിയിട്ടിരിക്കുകയായിരുന്നു. അവളുടെ വസ്ത്രങ്ങള്‍ മൂത്രത്തില്‍ നനഞ്ഞിരുന്നു. എന്നെ കണ്ടതും മകള്‍ അമ്മേ, അമ്മേ.. എന്നു വിളിച്ച് കരയാന്‍തുടങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ട ടീച്ചര്‍ പെട്ടെന്നു വന്ന് കെട്ടഴിച്ചു. എന്തിനാണ് കുട്ടിയെ ഇങ്ങനെ കെട്ടിയതെന്നു ചോദിച്ചപ്പോള്‍, എഴുന്നേറ്റ് നടക്കാതിരിക്കാന്‍ ചെയ്തതാണെന്നു പറഞ്ഞു.

പ്രിന്‍സിപ്പലിന്റെ നിര്‍ദേശപ്രകാരമാണ് ഇതു ചെയ്തതെന്നു പറയുന്നു. ബാത്‌റൂമില്‍ കൊണ്ടുപോയി വസ്ത്രം മാറ്റിയപ്പോള്‍ വയറില്‍ ചരടുകൊണ്ട് വരിഞ്ഞുകെട്ടിയതിന്റെ നീലിച്ച പാടുകള്‍ ഉണ്ടായിരുന്നു. സംസാരിക്കാന്‍ അറിയാവുന്ന മറ്റു കുട്ടികളോട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, മകളെ എപ്പോഴും കെട്ടിയിടാറാണ് എന്നാണു പറഞ്ഞത്. ഇതിനു മുന്പും മകള്‍ക്ക് സ്‌കൂളില്‍നിന്ന് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. ഒരിക്കല്‍ സ്‌കൂളില്‍ നിന്നു വന്ന് വസ്ത്രം മാറുമ്പോള്‍ തുടയില്‍ വടി കൊണ്ട് അടിച്ചതിന്റെ പാടുകള്‍ കണ്ടിരുന്നു. സ്‌കൂള്‍ ജീവനക്കാരുടെ ഭാഗത്തുനിന്ന് വളരെ ക്രൂരമായ അനുഭവങ്ങളാണ് മകള്‍ക്ക് ഉണ്ടാകുന്നത്''- അമ്മ പറഞ്ഞു.

മകള്‍ പരാതിപ്പെടില്ലെന്ന ധൈര്യംകൊണ്ടാണ് ഇങ്ങനെ ഉപദ്രവിക്കുന്നത്. ജീവനക്കാരുടെ ഇത്തരത്തിലുള്ള പെരുമാറ്റംകൊണ്ട് പല കുട്ടികളും സ്‌കൂളില്‍ വരാറില്ല. പരാതിപ്പെടുന്ന കുട്ടികളോട് മോശമായ വിധത്തിലാണ് സ്‌കൂളിലെ ജീവനക്കാര്‍ പെരുമാറുന്നത്. മകള്‍ക്കുണ്ടായ ക്രൂരമായ പീഡനത്തിന് ഉത്തരവാദികളായവര്‍ക്കെതിരേ കര്‍ശനമായ നടപടിയെടുക്കണമെന്നും അമ്മയുടെ പരാതിയില്‍ പറയുന്നു. വിദ്യാര്‍ഥികളെ മാനസികമായി സ്‌കൂള്‍ ജീവനക്കാര്‍ പീഡിപ്പിക്കുന്നുണ്ടെന്ന് കാണിച്ച് വേറെയും രക്ഷിതാക്കള്‍ ഭിന്നശേഷിവകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മൂന്ന് അധ്യാപകരും ഒരു ആയയുമുള്ള വിദ്യാലയത്തിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നു വരുന്നത്. മുന്‍പ് ഡി.വൈ.എഫ്.ഐയുടെ കാല്‍നട പ്രചാരണജാഥ സ്‌കൂളിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ വിദ്യാര്‍ഥികളെ അധ്യാപകരുടെ നിര്‍ബന്ധത്താല്‍ വിദ്യാലയത്തിന് പുറത്തുനിര്‍ത്തി ജാഥയ്ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. അന്ന് കളക്ടര്‍ക്കും സംസ്ഥാന ബാലാവകാശ കമ്മിഷന്‍, പഞ്ചായത്ത് ഭരണസമിതി തുടങ്ങി ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും രാഷ്ട്രീയസ്വാധീനത്താല്‍ ഇതുവരെ ഒരു നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്. കുട്ടിയെ കസേരയില്‍ അനങ്ങാന്‍ പറ്റാത്ത രീതിയില്‍ മണിക്കൂറുകളോളം കെട്ടിയിട്ട സംഭവത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. രാഷ്ട്രീയതിമിരം ബാധിച്ച അധ്യാപകര്‍ക്കെതിരെയും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കെരെയും നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

ഭിന്നശേഷി വിദ്യാര്‍ഥിനിയെ കെട്ടിയിട്ട സംഭവവും മറ്റ് വിദ്യാര്‍ഥികള്‍ക്കുണ്ടായ ദുരനുഭവങ്ങളും ചര്‍ച്ചചെയ്യാന്‍ പരാതിക്കാരെയും സ്‌കൂള്‍ അധികൃതരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടിന് പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് യോഗം. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും ഒരു ആയയും ഒരു പാചകക്കാരിയുമാണ് സ്‌കൂളിലുള്ളത്. 30-ലേറ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളില്‍ 15 പേരാണ് ഇപ്പോള്‍ സ്ഥിരമായി വരുന്നത്. സ്‌കൂള്‍ ജീവനക്കാരുടെ മോശം പെരുമാറ്റം കൊണ്ടാണ് വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ സ്ഥിരമായി വരാത്തതെന്നാണ് രക്ഷിതാക്കളുടെ ആക്ഷേപം. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രക്ഷിതാക്കളുടെ തീരുമാനം.

കോണ്‍ഗ്രസ് കൂത്തുപറമ്പ് : കൈതേരി ആറങ്ങാട്ടേരി ശിശുമിത്ര ബഡ്‌സ് സ്‌കൂളില്‍ കുട്ടിയെ കെട്ടിയിട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കണ്ടംകുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മിന്റെ ഭാരവാഹികളായിരിക്കുന്ന ആളുകളാണ് സ്ഥാപനത്തില്‍ ജോലിചെയ്യുന്നത്. മുന്‍പ് അന്‍പതോളം കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോള്‍ 14 കുട്ടികളാണുള്ളത്. ജീവനക്കാരുടെ മോശം പെരുമാറ്റമാണ് കുട്ടികള്‍ കുറയാന്‍ ഇടയായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.