കൊച്ചി: ലിബര്‍ട്ടി ബഷീറിന്റെ വിതരണ സംഘടനയെ പൊളിച്ചത് ദിലീപും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ്. അതൊരു വലിയ സിനിമാ ഭിന്നതയായി മാറിയിരുന്നു. അതിന് ശേഷം താരങ്ങളുടെ കരുത്തില്‍ സിനിമ മുമ്പോട്ട് പോയി. അപ്രതീക്ഷിതമായി വീണ്ടും പിളര്‍പ്പുണ്ടായി. നിര്‍മ്മാതാക്കളുടെ സംഘടനയാണ് വെടിപൊട്ടിച്ചത്.

ദിലീപും ആന്റണിയും ചേര്‍ന്നുണ്ടാക്കിയ വിതരണകാരുടെ സംഘടനാ നിയന്ത്രണം താരങ്ങള്‍ക്ക് നഷ്ടമാകുകയും ചെയ്തു. പ്രോഡ്യൂസര്‍മാരും വിതരണക്കാരും വീണ്ടും ഒരുമിച്ചപ്പോള്‍ താര സംഘടനയായ അമ്മയെയാണ് കുറ്റപ്പെടുത്തിയത്. ഇതിനിടെ ആന്റണി പെരുമ്പാവൂരിനും താര സംഘടനയ്ക്കും പിന്തുണയുമായി ലിബര്‍ട്ടി ബഷീര്‍ എത്തുന്നു. മാക്ടയെ മുമ്പ് നയിച്ചിരുന്ന വിനയനും വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിനൊപ്പമാണ്. അതായത് ലിബര്‍ട്ടി ബഷീറും വിനയനും മോഹന്‍ലാല്‍ പക്ഷത്ത് തിരിച്ചെത്തുന്നു. സിനിമയില്‍ ഇനിയും ചേരി മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാതാക്കളുടെ പോസ്റ്റ് മോഹന്‍ലാലും ഷെയര്‍ ചെയ്തിരുന്നു. ഇതോടെ താനാണ് മുന്നിലുളളതെന്ന സന്ദേശം ലാല്‍ നല്‍കുകയും ചെയ്തു.

ഏകപക്ഷീയമായി പ്രഖ്യാപിച്ച സിനിമാ സമരം അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ചെയര്‍മാനും നിര്‍മാതാവുമായ ലിബര്‍ട്ടി ബഷീര്‍ പറയുന്നു. വിതരണക്കാരുടെ സംഘടന ഇപ്പോഴും ലിബര്‍ട്ടി ബഷീറിനുണ്ട്. എന്നാല്‍ കൂടുതല്‍ തിയേറ്ററുകളുള്ളത് വിജയകുമാര്‍ നേതൃത്വം നല്‍കുന്ന സംഘടനയ്ക്കാണ്.നിര്‍മാതാവ് ജി സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നുണ്ടെങ്കിലും നിര്‍മാതാക്കളുടെ സംഘടനയില്‍ ജനറല്‍ ബോഡി വിളിക്കാതെ എടുത്ത തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. സുരേഷ് കുമാറും നിര്‍മാതാവായ ആന്റണി പെരുമ്പാവൂരും തമ്മിലുളള അഭിപ്രായ ഭിന്നതകളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ലിബര്‍ട്ടി ബഷീര്‍.

'ജി സുരേഷ് കുമാര്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെങ്കിലും ജനറല്‍ ബോഡി വിളിക്കാതെ അങ്ങനെയൊരു തീരുമാനം എടുക്കരുതായിരുന്നു. സുരേഷ് കുമാര്‍ പറഞ്ഞതിനോട് നൂറ് ശതമാനം യോജിക്കുന്നു. പക്ഷേ അതില്‍ ചെറിയ പാകപിഴകള്‍ വന്നിട്ടുണ്ട്. ആന്റണി പെരുമ്പാവൂര്‍ മലയാളത്തിലെ ഒന്നാം നമ്പര്‍ നിര്‍മാതാവാണ്. അദ്ദേഹത്തിനെ വെല്ലുവിളിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല. കാരണം മോഹന്‍ലാല്‍ എന്ന വ്യക്തി അദ്ദേഹത്തിന്റെ കൈയിലുണ്ട്. തീയേറ്ററുകള്‍ക്ക് എപ്പോഴും ചിത്രങ്ങള്‍ കൊടുക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. ജനറല്‍ ബോഡി വിളിക്കാതെ തീരുമാനം എടുത്തുവെന്നതാണ് സുരേഷ്‌കുമാറിന് പറ്റിയ തെറ്റ്. പ്രതിഫലം കുറയ്ക്കാന്‍ താരങ്ങളോട് പറയാന്‍ സാധിക്കില്ല. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് മുന്‍നിര നടന്‍മാര്‍ നിര്‍മിക്കുന്ന ചിത്രങ്ങളും പരാജയപ്പെടുന്നുണ്ടല്ലോ നന്നായി സംസാരിച്ചാല്‍ തീരുന്ന പ്രശ്‌നങ്ങളെ സിനിമയില്‍ ഉളളൂ'- ലിബര്‍ട്ടി ബഷീര്‍ വ്യക്തമാക്കി.

സുരേഷ് കുമാറിന്റെ പ്രസ്താവനയ്ക്കും സിനിമാ മേഖലയിലെ സമര പ്രഖ്യാപനത്തിനും എതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് ആന്റണി പെരുമ്പാവൂര്‍ രംഗത്ത് വന്നതോടെയാണ് ഭിന്നിപ്പ് വ്യക്തമായത്. ആന്റണിയ്ക്ക് പിന്തുണയുമായി നടന്മാരായ പൃഥ്വിരാജ്, അജു വര്‍ഗീസ്, ഉണ്ണി മുകുന്ദന്‍ എന്നിവരും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിനെ പിന്തുണച്ച് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും ചര്‍ച്ചയായിരുന്നു. 'നമുക്ക് എന്നും സിനിമയുടെ ഒപ്പം നില്‍ക്കാം' എന്നായിരുന്നു ആന്റണിയുടെ പോസ്റ്റ് പങ്കുവച്ച് മോഹന്‍ലാല്‍ കുറിച്ചത്. പിന്നാലെയാണ് ലിബര്‍ട്ടി ബഷീറും പ്രതികരണവുമായി എത്തുന്നത്.

ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടത്. വിവിധ സിനിമാ സംഘടനകള്‍ ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു സുരേഷ് കുമാര്‍ സിനിമ സമരമടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. ആന്റണി പെരുമ്പാവൂരിന് വ്യക്തിപരമായ താത്പര്യങ്ങളൊന്നുമില്ലെന്നും കഴിഞ്ഞ ദിവസം ഫെയിസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞ ആരോപണങ്ങള്‍ ആരോ പറയിപ്പിക്കുന്നതാണെന്നും അദ്ദേഹം ആര്‍ക്കോ വേണ്ടി വിഴുപ്പലക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

നടന്മാര്‍ നിര്‍മിക്കുന്ന സിനിമ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലായെന്നത് സംബന്ധിച്ച് സംഘടന ഒന്നടങ്കം ആലോചിച്ച് എടുത്ത തീരുമാനമാണെന്നും ഇക്കാര്യങ്ങളൊന്നും തന്റെ വ്യക്തിപരമായ തീരുമാനങ്ങളല്ലെന്നും ജി സുരേഷ് കുമാര്‍ പറഞ്ഞു.