ന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം ആഗോളതലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. വര്‍ത്തമാനകാല ആഗോള രാഷ്ട്രീയത്തില്‍ സുപ്രധാന പങ്ക് വഹിക്കുന്ന രണ്ട് രാജ്യങ്ങളുടെ തലവന്മാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയെ എല്ലാ രാജ്യങ്ങളും ഉറ്റു നോക്കുകയായിരുന്നു. ലോകത്തിന്റെ ഗതിവിഗതികളെ തന്നെ നിര്‍ണ്ണയിക്കാന്‍ ഈ രണ്ട് രാജ്യങ്ങളുടെ സഖ്യത്തിന് കഴിയും എന്നതുതന്നെയാണ് ഈ കൂടിക്കാഴ്ചയ്ക്ക് ഇത്രയധികം പ്രാധാന്യം ആഗോള മാധ്യമങ്ങള്‍, പ്രത്യേകിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ നല്‍കാന്‍ കാരണമായത്.

അതിനിടയില്‍, പ്രധാനമന്ത്രിക്കൊപ്പം അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുടെ ഇംഗ്ലീഷ് ഉച്ചാരണ ശൈലിയും അതിനോടുള്ള ട്രംപിന്റെ പ്രതികരണവും അവര്‍ ചര്‍ച്ചയാക്കുന്നു. ഒപ്പം, വിദേശ ഇംഗ്ലീഷ് ഉച്ചാരണ ശൈലികള്‍ മനസ്സിലാകാതെ നേരത്തെയും ട്രംപ് നടത്തിയ രസകരമായ പ്രതികരണങ്ങളും അവര്‍ ചര്‍ച്ചയാക്കുകയാണ്. വൈറ്റ്ഹൗസിലെ പത്രസമ്മേളനത്തിനിടയില്‍, തന്നോട് ചോദ്യം ചോദിച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനോട്, അയാള്‍ എന്താണ് പറയുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ല എന്നായിരുന്നു ട്രംപ് പറഞ്ഞത്.

ഇതാദ്യമായല്ല ട്രംപ് ഉച്ചാരണ ശൈലിയുമായി ബന്ധപ്പെട്ട് പ്രയാസം അനുഭവിക്കുന്നതെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കൃത്യം രണ്ടാഴ്ചകള്‍ക്ക് മുന്‍പായിരുന്നു അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒരു വനിത മാധ്യമ പ്രവര്‍ത്തകയുടെ ഇംഗ്ലീഷിലുള്ള ചോദ്യം മനസ്സിലാക്കാന്‍ ട്രംപ് ക്ലേശിച്ചത്. ചോദ്യം മനസ്സിലാകാതെ ട്രംപ് മറുപടി പറഞ്ഞത് നിങ്ങള്‍ സുന്ദരിയാണ് എന്നായിരുന്നു. തന്റെ ആദ്യ ഊഴത്തിലും ട്രംപിന് ഇത്തരത്തിലുള്ള സാഹചര്യം അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്.

2018 - ജാപ്പനീസ് പത്രപ്രവര്‍ത്തകന്റെ ഇംഗ്ലീഷ് ഉച്ചാരണം മനസ്സിലാകാതെ വന്നപ്പോള്‍ ട്രംപ് അയാളോട് പറഞ്ഞത് അന്നത്തെ ജാപനീസ് പ്രധാനമന്ത്രിയായ ഷിന്‍സോ അബെയോട് തന്റെ അന്വേഷണം അറിയിക്കണം എന്നായിരുന്നു. അന്നേ ദിവസം തന്നെ, കോണ്‍ഗ്രസ്സിലേക്ക് രണ്ട് മുസ്ലീം വനിതകള്‍ വിജയിച്ചു വന്ന കാര്യം ചോദിച്ച മറ്റൊരു വനിത പത്രപ്രവര്‍ത്തകയോട് താങ്കള്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല എന്നും ട്രംപ് പറഞ്ഞിരുന്നു.

ഈ പരമ്പരയിലെ അവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസം വൈറ്റ്ഹൗസില്‍ നടന്നത്. 2008 ലെ മുംബൈ ആക്രമണവുമായി ബന്ധപ്പെട്ട തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു ചോദ്യമായിരുന്നു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ചോദിച്ചത്. ചില ചോദ്യങ്ങളാകാം എന്ന് പറഞ്ഞ്, ഒരു പത്രപ്രവര്‍ത്തകന്റെ നേര്‍ക്ക് ട്രംപ് കൈ ചൂണ്ടുകയായിരുന്നു. പ്രസിഡണ്ടിനോട് നന്ദി പറഞ്ഞ അയാള്‍, റാണയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കുന്നതിനുള്ള നീക്കം ഇന്ത്യാക്കാര്‍ തീര്‍ച്ചയായും സ്വാഗതം ചെയ്യും എന്ന് പറഞ്ഞായിരുന്നു ആരംഭിച്ചത്.

ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ അടുത്തിടെയായി അമേരിക്കയില്‍ പലയിടങ്ങളിലും ഇരുന്ന് ഇന്ത്യയ്ക്കെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട് എന്ന് പറഞ്ഞ പത്രപ്രവര്‍ത്തകന്‍, അത് ഇനിയും തുടരുമെന്ന് കരുതാനാവുമോ എന്നായിരുന്നു ചോദിച്ചത്. അല്പം ശബ്ദം ഉയര്‍ത്തി സംസാരിക്കാനായിരുന്നു ട്രംപ് ആദ്യം ആവശ്യപ്പെട്ടത്. പത്രപ്രവര്‍ത്തകന്‍ ചോദ്യം ആവര്‍ത്തിച്ചപ്പോഴാണ് അയാളെ തടസ്സപ്പെടുത്തിക്കൊണ്ട് അയാള്‍ പറയുന്ന ഒരു വാക്ക് പോലും മനസ്സിലാകുന്നില്ല എന്ന് ട്രംപ് പറഞ്ഞത്. ഉച്ചാരണ ശൈലിയാണ് പ്രശ്‌നമെന്നും, അത് മനസ്സിലാക്കാന്‍ തനിക്ക് കഴിയുന്നില്ലെന്നും ട്രംപ് തുറന്നു.

താന്‍ ഒരിക്കല്‍ കൂടി ശ്രമിക്കട്ടെ എന്ന പത്രപ്രവര്‍ത്തകന്റെ ചോദ്യം അവഗണിച്ച് അടുത്തയാളോട് ചോദ്യം ചോദിക്കാന്‍ ട്രംപ് ആവശ്യപ്പെടുകയായിരുന്നു. ഈ പത്രപ്രവര്‍ത്തകന്റെ പേരോ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ പേരോ റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നില്ല. ഈ മാസം ആദ്യം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഒത്ത് പത്രസമ്മേളനം നടത്തുമ്പോഴായിരുന്നു അഫ്ഗാന്‍ പത്രപ്രവര്‍ത്തകയുടെ ഇംഗ്ലീഷ് ട്രംപിനെ കുഴപ്പിച്ചത്. നല്ല മാധുര്യമുള്ള ശബ്ദവും ഉച്ചാരണ ശൈലിയുമാണ് അവരുടേതെന്ന് പറഞ്ഞ ട്രംപ് പക്ഷെ തനിക്കൊന്നും മനസ്സിലാകുന്നില്ല എന്നും പറഞ്ഞു.

ട്രംപ്, അമേരിക്ക