നെടുമങ്ങാട്: പൂക്കോട് വെറ്റിനറി കോളേജില്‍ ക്രൂരമായ റാഗിങിന് ഇരയായ സിദ്ധാര്‍ത്ഥന്‍ മരിച്ചിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷം. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ പീഡനങ്ങള്‍ക്കൊടുവിലായിരുന്നു സിദ്ധാര്‍ത്ഥന്റെ മരണം. മൂന്നുദിവസം നീണ്ട കൊടിയ പീഡനമാണ് സഹപാഠികളായവരില്‍ നിന്നും സിദ്ധാര്‍ത്ഥന്‍ നേരിട്ടത്. മരണ വെപ്രാളത്തില്‍ ഒരു തുള്ളി വെള്ളം ചോദിച്ചിട്ട് പോലും നല്‍കാത്ത സഹപാഠികളുടെ കണ്ണില്ലാത്ത ക്രൂരതയില്‍ പകച്ച് അവന്‍ യാത്രയാവുക ആയിരുന്നു.


സിദ്ധാര്‍ത്ഥന്‍ മരിച്ച് ഒരു വര്‍ഷം പിന്നിടുമ്പോഴും നീതി അകലെയാണെന്നാണ് മാതാവ് ഷീബക്കും പിതാവ് ജയപ്രകാശിനും പറയാനുള്ളത്. സിദ്ധാര്‍ത്ഥന്റെ മരണത്തിനു കാരണക്കാരായ പതിനൊന്നുപേരെ അന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. വലിയ വാര്‍ത്താപ്രാധാന്യം നേടുകയും സംഭവത്തിന്റെ ക്രൂര വീഡിയോ ദൃശ്യങ്ങള്‍ അടക്കം പുറത്തുവരികയും ചെയ്‌തെങ്കിലും ആ വിദ്യാര്‍ത്ഥികളെല്ലാം ഇന്ന് വിജയികളെ പോലെ വീണ്ടും ക്യാംപസിലെത്തി. തന്റെ മകന് ഇനിയും നീതി അകലെയെന്നാണ് സിദ്ധാര്‍ത്ഥിന്റെ മാതാപിതാക്കളായ ജയപ്രകാശും ഷീബയും പറയുന്നത്.

2024 ഫെബ്രുവരി 18 നാണ് ഒരു കുടുംബത്തിന്റെ പ്രതീക്ഷകള്‍ തടകിടം മറിച്ച് സിദ്ധാര്‍ത്ഥന്റെ മരണവാര്‍ത്ത എത്തുന്നത്. തൂങ്ങിമരണമെന്ന് വിധിയെഴുതിയ കേസ് പിന്നെ വഴിമാറിയത് റാഗിംഗ് ഭീകരതയിലേക്ക് ആണ്. കോളേജില്‍ സഹപാഠികളും സീനിയര്‍ വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ പരസ്യവിചാരണ ചെയ്തു. ദിവസങ്ങളോളം നീണ്ട ക്രൂര മര്‍ദനങ്ങള്‍ക്ക് ഒടുവില്‍ ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു.

''ഒരു തുള്ളി വെള്ളംപോലും നല്‍കാതെയാണ് സഹപാഠികള്‍ ആള്‍ക്കൂട്ട വിചാരണയ്ക്കൊടുവില്‍ ഞങ്ങളുടെ മകനെ കൊന്നത്. വെള്ളത്തിനുവേണ്ടി വിളിച്ചപ്പോള്‍ ആ നീചന്‍മാര്‍ വീഡിയോ എടുത്ത് രസിച്ചു. മകന്റെ മരണത്തിനു കാരണക്കാരായ പതിനൊന്നുപേരെ അന്ന് സസ്പെന്‍ഡ് ചെയ്തു. വലിയ വാര്‍ത്താപ്രാധാന്യം നേടിയിട്ടും അവര്‍ വീണ്ടും കാംപസിലെത്തി. വിജയികളെപ്പോലെ. കോളേജ് അധികൃതരെല്ലാം വേട്ടക്കാരുടെ കൂടെയാണ്. ഇവരുടെ നിസ്സംഗതയാണ് കാംപസുകളില്‍ വീണ്ടും സിദ്ധാര്‍ഥന്‍മാരുണ്ടാകുന്നത്'' - കാംപസുകളിലെ റാഗിങ് എന്ന ദുരാചാരം ഒരുവര്‍ഷം മുന്‍പ് ജീവനെടുത്ത സിദ്ധാര്‍ഥന്റെ മാതാപിതാക്കളായ ജയപ്രകാശും ഷീബയും പറയുന്നു.

ആത്മഹത്യയെന്ന് വരുത്താന്‍ പൊലീസ് ധൃതിപ്പെട്ട സംഭവത്തില്‍ അടിമുടി ദുരൂഹതയായിരുന്നു. മരിച്ച സിദ്ധാര്‍ത്ഥന്റെ ദേഹത്ത് കണ്ട് മുറിവുകളും കോളേജ് അധികൃതരുടെ അസ്വാഭാവികമായി പെരുമാറ്റവും മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ധാര്‍ത്ഥന്റെ വീട്ടുകാര്‍ പരാതി നല്‍കുന്നതില്‍ എത്തിച്ചു. കോളേജിലെ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം വീട്ടിലേക്ക് കൊണ്ട് വരുമ്പോള്‍ കോളേജില്‍ വച്ച് ആംബുലന്‍സിലേക്ക് ഒരാള്‍ എറിഞ്ഞ കടലാസും അതിലൂടെ പുറത്തുവന്ന വിവരങ്ങളുമാണ് അതിക്രൂരമായ റാഗിങിന് സിദ്ധാര്‍ത്ഥന്‍ ഇരയായെന്ന വിവരം വീട്ടുകാര്‍ അറിയാന്‍ ഇടയാക്കിയത്.

പതിനാറാം തീയ്യതി മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കമുള്ളവരില്‍ നിന്ന് പാറപ്പുറത്തും മുറിയിലും വച്ച് സിദ്ധാര്‍ത്ഥന്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടു. അടിവസ്ത്രം മാത്രം ധരിക്കാന്‍ അനുവദിച്ച് പരസ്യവിചാരണ ചെയ്തു. ബെല്‍റ്റും മൊബൈല്‍ഫോണ്‍ ചാര്‍ജറുകളും വച്ച് അടിക്കുകയും ശരീരത്തില്‍ പലതവണ ചവിട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. പിന്നാലെയാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിയനിലയില്‍ മൃതദേഹം കണ്ടെത്തിയത്.

മകന്റെ മരണത്തിനുകാരണം പ്രിയപ്പെട്ട കൂട്ടുകാര്‍ തന്നെയായിരുന്നുവെന്ന് അറിഞ്ഞ ആ മാതാപിതാക്കള്‍ വീണ്ടും തകര്‍ന്നു. മകന്റെ മൃതദേഹത്തോടൊപ്പം വീട്ടിലെത്തിയ ആ കൂട്ടുകാരനെ ചേര്‍ത്തുപിടിച്ച വലതുകൈകൊണ്ട് ഇക്കാലമത്രയും ആഹാരംപോലും വാരിക്കഴിച്ചിട്ടില്ലെന്ന് ചങ്കുപൊട്ടിയവേദനയോടെ ഈ അമ്മ പറയുന്നു. ആത്മഹത്യയെന്ന വരുത്തി തീര്‍ക്കാന്‍ പൊലീസ് കൊണ്ടുപിടിച്ച് ശ്രമിച്ചപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനും ഡീനും പ്രയത്‌നിച്ചു.

മകനെ കെട്ടിത്തൂക്കാന്‍ കൂട്ടുനിന്നത് എസ്.എഫ്.ഐ.യുടെ നേതാക്കന്മാരുമായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ സഹായിക്കുന്നതായിരുന്നു സര്‍ക്കാര്‍ നിലപാടുകള്‍. ഒടുവില്‍ സമ്മര്‍ദ്ദം ശക്തമായതോടെയാണ് കേസില്‍ നടപടികള്‍ ഉണ്ടായത്. എങ്കിലും സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ ക്രൂരന്മാരെല്ലാവരും കോളേജില്‍ തിരികെ പ്രവേശിച്ചു.

പ്രതികള്‍ക്കു ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ഈ അച്ഛനും അമ്മയും കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ഇല്ല. ഗവര്‍ണറും കേന്ദ്രമന്ത്രിമാരും മന്ത്രിമാരും ഉള്‍പ്പെടെ കുറക്കോട്ടെ സിദ്ധാര്‍ഥന്റെ വീട് സന്ദര്‍ശിക്കാത്തവരുടെ എണ്ണം തീരെ കുറവായിരുന്നു. എന്നിട്ടും നീതി ലഭിക്കുന്നില്ലെന്നതാണ് രക്ഷിതാക്കളുടെ മാത്രമല്ല, മനസാക്ഷിയുള്ള കേരള ജനതയുടെ മുഴുവന്‍ സങ്കടം.