വാഷിങ്ടണ്‍: ഏറ്റവും പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്കന്‍ വ്യോമസേന. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അമേരിക്ക ഈ അതിനൂതനമായ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. മിന്യൂട്ട്മാന്‍ 3 എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റര്‍കോണ്ടിനന്റല്‍ ബാസലിസ്റ്റിക് മിസൈല്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് വിക്ഷേപിച്ചത്.

പരിശീലനത്തിന്റെ ഭാഗമായി റഷ്യ അവരുടെ യാര്‍സ് എന്ന ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതകിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ പരീക്ഷണം വിജയകരമായി നടത്തിയത്. മിസൈല്‍ വിക്ഷേപണം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും നിലവില്‍ ലോകത്ത് നടക്കുന്ന ഒരു സംഭവത്തോടും ഉള്ള പ്രതികരണമല്ലെന്നും അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കി. വിശ്വസനീയമായ ഒരു പ്രതിരോധം തീര്‍ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അവര്‍ വിശദീകരിക്കുന്നു.

മിനിറ്റ്മാന്‍ ത്രീയുടെ പരീക്ഷണ വിക്ഷേപണം അമേരിക്കന്‍ ആണവ സേനകളുടെ സന്നദ്ധത, കൃത്യത, പ്രൊഫഷണലിസം എന്നിവയുടെ വിജയമാണ് സൂചിപ്പിക്കുന്നത് എന്നാണ് അമേരിക്കന്‍ വ്യോമസേനയുടെ ആക്ടിംഗ് സെക്രട്ടറി ഗാരി ആഷ്വര്‍ത്ത് വ്യക്തമാക്കിയത്. രാജ്യത്തിന്റെ ആണവപ്രതിരോധത്തിന്റെ കരുത്തും ഫലപ്രാപ്തിയും സംബന്ധിച്ച കാര്യങ്ങളില്‍ ഈ നേട്ടം വലിയ തോതില്‍ ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ മിസൈല്‍ സംവിധാനത്തിന്റെ കഴിവ് വിലയിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു എന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് കരുതുന്നത്.

മണിക്കൂറില്‍ പതിനയ്യായിരം മൈല്‍ താണ്ടാന്‍ ശേഷിയുള്ളതാണ് അമേരിക്കയുടെ ഈ പുതിയ ആണവ മിസൈല്‍. പുതിയ പരീക്ഷണത്തില്‍ 22 മിനിട്ട് കൊണ്ട് 4200 മൈലാണ് മിസൈല്‍ പിന്നിട്ടത്. ലോകത്ത് എവിടെയും മുപ്പത് മിനിട്ട് കൊണ്ട് എത്തി ആക്രമണം നടത്താന്‍ മിന്യൂട്ട്മാന്‍ 3 ന് കഴിയുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളായ റഷ്യയുടേയും ചൈനയുടേയും തലസ്ഥാന നഗരങ്ങളായ മോസ്‌ക്കോയും ബീജിങ്ങും കാലിഫോര്‍ണിയയില്‍ നിന്ന് ആറായിരംകിലോമീറ്റര്‍ മാത്രം അകലെയാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. ഈ മിസൈലിന് മൂന്ന് എം.കെ 12 എ ന്യൂക്ലിയര്‍ വാര്‍ഹെഡുകളും വഹിക്കാന്‍ കഴിയും.

ഇവ ഓരോന്നിനും 35000 ടണ്‍ ടി.എന്‍.ടി വഹിക്കാനും കഴിയും. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രതിരോധ വെല്ലുവിളികള്‍ നേരിടാന്‍ ഈ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്ക് ഏറെ സഹായകരമാകും. ഇന്റ്രര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈലുകലെ കൂടാതെ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകളും അമേരിക്കക്ക് സ്വന്തമാണ്.