സറേ: യുകെയിലെ സറേയിലുള്ള ഹൈസ്ട്രീറ്റിലെ പ്രദേശവാസികൾ രാവിലെ നടക്കാനിറങ്ങിയപ്പോൾ ഒന്ന് ഞെട്ടി. പലരും ആ കാഴ്ച കണ്ട് അത്ഭുതപ്പെടുകയും പരിഭ്രാന്തിയിൽ ആവുകയും ചെയ്തു. റോഡിൽ 65 അടി വലിപ്പമുള്ള കുഴി കണ്ടെത്തി. പെട്ടെന്ന് സമീപത്തായി വീണ്ടുമൊരു കുഴി കണ്ടെത്തിയതും ജനങ്ങളെ ആശങ്കയിലാഴ്ത്തി. വലിയൊരു കുഴി പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് സറെയിൽ പ്രദേശവാസികളെ സ്ഥലത്തു നിന്നും ഒഴിപ്പിച്ചിരുന്നു. ഇപ്പോൾ അതിനടുത്തായി മറ്റൊരു കുഴി കൂടി പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ വരുന്നു. കുഴി പ്രത്യക്ഷപ്പെട്ട ഗോഡ്സ്റ്റോൺ ഹൈ സ്ട്രീറ്റ് താത്ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. 65 അടി വലിപ്പമുള്ള കുഴിയാണ് പ്രത്യക്ഷപ്പെട്ടത്. ഗോഡ്സ്റ്റോൺ റോഡിൻ്റെ, ഓക്‌സ്ടെൻഡ് റോഡിനും ബ്ലെറ്റ്ചിംഗ്ലി റോഡിനും ഇടയിലുള്ള ഭാഗമാണ് അടച്ചിട്ടിരിക്കുന്നത്.


റോഡിൽ കുഴി പ്രത്യക്ഷപ്പെട്ടതോടെ പുറത്ത് കാണാറായ കേബിളുകൾ സ്ഫോടനത്തിന് കാരണമായേക്കാം എന്ന ആശങ്കയിൽ സമീപത്തെ ചില കെട്ടിടങ്ങളിൽ നിന്നും താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ചില വീടുകളിൽ ഇപ്പോൾ വെള്ളം കിട്ടാത്ത സാഹചര്യമാണുള്ളത്. തിങ്കളാഴ്‌ചയായിരുന്നു ആദ്യത്തെ കുഴി പ്രത്യക്ഷപ്പെട്ടത്. അത് ക്രമേണ വലുതാകാൻ തുടങ്ങിയതോടെ നഗര സഭ അപകടമുന്നറിയിപ്പുമായി പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് നിരത്തിൻ്റെ വലിയൊരു ഭാഗം തന്നെ വിഴുങ്ങിക്കൊണ്ട് രണ്ടാമതൊരു കുഴി കൂടി പ്രത്യക്ഷപ്പെട്ടത്.

മുൻപ് മണൽ ക്വാറി ആയിരുന്ന ഇവിടെ മൂന്ന് വർഷം മുൻപാണ് വീടുകൾ പണിതുയർത്തിയത്. 5 ലക്ഷം പൗണ്ടിനായിരുന്നു വീടുകൾ വിറ്റുപോയത്. ഈ നിലത്തിനടിയിൽ ഗുഹയുണ്ടാകാം എന്നാണ് ഇപ്പോൾ പ്രദേശ വാസികൾ ഭയക്കുന്നത്. അതുപോലെ ചിലർ ഇത് ഏലിയൻ സാന്നിധ്യമോയെന്നും പറയുന്നു. പ്രശ്‌നം പരിഹരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞ ഒരു പ്രദേശവാസി, ഇത് ഗോഡ്സ്റ്റോണിലേക്ക് വരുന്ന എല്ലാവരെയും ബാധിക്കുന്ന ഒന്നാണെന്നും പറയുന്നു.


യുകെയിലെ റോഡുകളിൽ ഇത്തരത്തിൽ ഒരു കുഴി രൂപപ്പെടുന്നത് അപൂർവ സംഭവമായതിനാൽ സറേ കൗണ്ടി കൗൺസിൽ അധികൃതർ ‘മേജർ ഇൻസിഡന്റ്’ പ്രഖ്യാപിച്ചു. ഇതേ തുടർന്ന് അപകടാവസ്ഥയിലായ റോഡിന് സമീപത്തെ നിരവധി വീടുകൾ അധികൃതർ ഒഴിപ്പിച്ചു. സമീപത്തെ ഒരു വീടിന്റെ മുറ്റവും പൂന്തോട്ടവുമെല്ലാം കുഴിയിലേക്ക് വീണു. ഭൂമിക്കടിയിലെ പൊട്ടിക്കിടക്കുന്ന കേബിളുകളും പൈപ്പുകളും തീപിടിച്ച് പൊട്ടിത്തെറിക്കുമോയെന്ന ആശങ്കയിൽ ചൊവ്വാഴ്ച രാവിലെയോടെ വില്യം വേയിലെ താമസക്കാരോട് എത്രയും വേഗം പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

പ്രദേശത്തിന്റെ നിയന്ത്രണം സറെ ലോക്കൽ റെസിലിയൻസ് ഫോറം ഏറ്റെടുത്തു. സറെ കൗണ്ടി കൗൺസിൽ നിർദ്ദേശപ്രകാരമാണ് പ്രവർത്തനങ്ങൾ. പ്രദേശം സുരക്ഷിതമാക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് കൗൺസിൽ അധികൃതർ പറഞ്ഞു. ഒഴിപ്പിക്കപ്പെട്ട വീടുകൾ ഏകദേശം മൂന്ന് വർഷം മുൻപ് ഒരു മുൻ മണൽ ക്വാറിയുടെ സ്ഥലത്ത് നിർമിച്ചതാണ്.


വ്യാപകമായി മണ്ണെടുക്കൽ നടത്തിയിരുന്നതിനാൽ അടിയിൽ പലയിടത്തും ഗുഹകൾ രൂപപ്പെട്ടിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. വെള്ളവും വൈദ്യുതിയും ഇപ്പോൾ പുനഃസ്ഥാപിച്ചിട്ടുണ്ടെങ്കിലും ഗതാഗത നിയന്ത്രണം തുടരുന്നുണ്ട്. അറ്റകുറ്റപ്പണികൾക്കും റോഡും വീടുകളും പുനഃസ്ഥാപിക്കുന്നതിനും നിരവധി മാസങ്ങൾ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.