വാഷിങ്ടണ്‍: ഒന്നും സൗജന്യമായി നല്‍കാനാവില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നിലപാട്. ജോ ബൈഡന്റെ കാലത്ത് യുക്രെിന് കയ്യയച്ച് സൈനിക സഹായം നല്‍കിയെങ്കില്‍, ഭരണം മാറിയതോടെ എല്ലാറ്റിനും വില പറയുകയാണ് ട്രംപ്. സെലന്‍സ്‌കിയെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് വാക്‌പോരുതുടരുന്നതിനിടെ, വിമര്‍ശനം മയപ്പെടുത്തി നിര്‍ണായകമായ ധാതുവിഭവ കരാര്‍ ഒപ്പിടണമെന്നാണ് വൈറ്റ് ഹൗസ് സെലന്‍സ്‌കിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. റഷ്യയുമായുള്ള യുദ്ധത്തില്‍ സൈനികവും സാമ്പത്തികവുമായ പിന്തുണ നല്‍കുന്നതിന് പകരമായി, യുക്രെയിന്റെ അപൂര്‍വ്വ ധാതുക്കളുടെ 50 ശതമാനം വേണമെന്ന ട്രംപിന്റെ ആവശ്യം സെലന്‍സ്‌കി നേരത്തെ നിരസിച്ചിരുന്നു. ഫെബ്രുവരി 12നാണ് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കിക്ക് മുന്‍പാകെ നിര്‍ദേശം അവതരിപ്പിച്ചത്.

ട്രംപിനും അമേരിക്കയ്ക്കും എതിരെയുളള വിമര്‍ശനം മയപ്പെടുത്തണമെന്നും അപൂര്‍വ്വ ധാതുവിഭവ കരാര്‍ ഒപ്പിടണമെന്നുമാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്‌സ് ഫോക്‌സ് ന്യൂസിനോട് പറഞ്ഞത്. മൂന്നു വര്‍ഷം മുമ്പുള്ള റഷ്യന്‍ അധിനിവേശത്തെ അപലപിക്കുന്ന യുന്‍ കരട് പ്രമേയത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍. ട്രംപ് റഷ്യയുടെ വ്യാജ വാര്‍ത്തകള്‍ക്ക് അനുസരിച്ച് താളം തുള്ളുകയാണെന്നാണ് സെലന്‍സ്‌കി കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. എന്തായാലും, ഈ വിലപേശല്‍ ട്രംപിനും സെലന്‍സ്‌ക്കിക്കും ഇടയിലുള്ള അകലം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. യുക്രെയിനെ സംബന്ധിച്ചിടത്തോളം ഇതൊരു രാഷ്ട്രീയ പ്രതിസന്ധിയാണ്. കാരണം റഷ്യയെ നേരിടാന്‍ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് ഒഴുകിയത് ബില്യന്‍ കണക്കിന് ഡോളര്‍ സൈനിക സഹായവും നയതന്ത്ര പിന്തുണയുമാണ്.

അമേരിക്കയും നാറ്റോ രാജ്യങ്ങളും വ്യോമകവചം ഒരുക്കിയാല്‍ ബ്രിട്ടനും ഫ്രാന്‍സും 30,000 സൈനികരെ സമാധാന ദൗത്യത്തിനായി യുക്രെയിനില്‍ നിയോഗിക്കാമെന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മറുടെ പദ്ധതിയും ഒരു വശത്ത് മുന്നേറുന്നുണ്ട്. എന്നാല്‍, റഷ്യ ഈ നിര്‍ദ്ദേശത്തോട് മുഖം തിരിച്ചുനില്‍ക്കുന്നതാണ് പ്രതിസന്ധി.

സെലെന്‍സ്‌കി തിരഞ്ഞെടുപ്പിനെ നേരിടാതെ അധികാരത്തിലെത്തിയ ഏകാധിപതിയാണെന്നാണ് ടംപ് മയാമിയില്‍ വച്ച് വിമര്‍ശിച്ചത്. സെലന്‍സ്‌കി എത്രയും പെട്ടെന്നു മാറിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജ്യം അവശേഷിക്കില്ലെന്നും സമൂഹമാധ്യമമായ ട്രൂത്തിലൂടെ ട്രംപ് മുന്നറിയിപ്പ് നല്‍കി.

''സെലെന്‍സ്‌കി യുക്രെയ്‌നില്‍ തിരഞ്ഞെടുപ്പ് നടത്താതെ ഭരണം തുടരുകയാണ്. ജോ ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ മാത്രമാണു സെലന്‍സ്‌കി മിടുക്ക് കാണിച്ചത്. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രംപിനു മാത്രമേ അതു സാധിക്കൂവെന്ന് എല്ലാവരും അംഗീകരിക്കുന്നുണ്ട്.'' ഡോണള്‍ഡ് ട്രംപ് പറഞ്ഞു.

റഷ്യയെ പ്രതിരോധിക്കാനായി യുക്രെയ്‌നു യുഎസ് ധനസഹായവും ആയുധങ്ങളും നല്‍കിയിരുന്നു. യുദ്ധകാല സഹായത്തിനു പകരമായി യുക്രെയ്‌നിന്റെ പകുതി ധാതുവിഭവങ്ങള്‍ (50,000 കോടി ഡോളര്‍) നല്‍കണമെന്നായിരുന്നു യുഎസ് ആവശ്യം. എന്നാല്‍ ട്രംപ് അധികാരത്തില്‍ വന്നശേഷം ഈ നിലപാടില്‍ മാറ്റംവരുത്തി. 3 വര്‍ഷത്തിനിടെ യുക്രെയ്‌നിനു 6,700 കോടി ഡോളറിന്റെ ആയുധങ്ങളും 3,100 കോടി ഡോളര്‍ പണമായും യുഎസ് നല്‍കി. ഇതിനു പകരമായാണു യുക്രെയ്‌നിലെ 50 ശതമാനം ധാതുവിഭവങ്ങളുടെ (സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ) ഉടസ്ഥാവകാശം യുഎസ് ആവശ്യപ്പെടുന്നത്.