- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇങ്ങനാണേല്‍ കൂട്ടുവെട്ടും! ഓവല്‍ ഓഫീസിലെ മേശയില്‍ മൂക്ക് തുടച്ച് മുട്ടന്‍ പണി കൊടുത്ത് മസ്കിന്റെ മകന്‍; 145 വര്‍ഷം പഴക്കമുളള മേശ മാറ്റി ട്രംപ്; യുഎസ് പ്രസിഡന്റിന് ജെര്‍മോഫോബിയയെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍
ഓവല്‍ ഓഫീസിലെ മേശയില്‍ മൂക്ക് തുടച്ച് മുട്ടന്‍ പണി കൊടുത്ത് മസ്കിന്റെ മകന്‍
വാഷിങ്ടണ്‍: അമേരിക്കയിലെ മുന്‍ പ്രസിഡന്റുമാര്‍ ഉപയോഗിച്ചിരുന്ന 145 വര്‍ഷം പഴക്കമുള്ള മേശ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാറ്റിയത് വലിയ വാര്‍ത്തയായി മാറുന്നു. പ്രസിഡന്റിന്റെ ഓഫീസായ ഓവല്‍ ഓഫീസില്‍ ഉപയോഗിച്ചിരുന്ന ഈ മേശയുടെ പേര് റെസല്യൂട്ട് ഡെസ്‌ക് എന്നാണ്. ഇത്തരത്തില്‍ ഒരു തീരുമാനം ട്രംപ് പെട്ടെന്ന് കൈക്കൊണ്ടത് എന്ത് കൊണ്ടാണ് എന്നതിന് ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുകയാണ്.
ട്രംപിന്റെ വിശ്വസ്തനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്കിന്റെ മകന്റെ ഒരു പ്രവൃത്തിയാണ് ഇതിന് കാരണമായി തീര്‍ന്നത്. ഇലോണ്‍ മസ്‌ക്കുമൊത്ത് നാല് വയസുകാരനായ മകന്‍ എക്സും ഈയിടെ ഓവല്‍ ഓഫീസില്‍ എത്തിയിരുന്നു. ഈ മേശയുടെ അരികില്‍ നിന്ന കുട്ടി മൂക്ക് പിടിക്കുന്നതിന്റെയും തുടയ്ക്കുന്നതിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മേശ മാറ്റാന്‍ ഉത്തരവിട്ടത്.
ജെര്‍മോഫോബ് അഥവാ എല്ലാ സ്ഥലങ്ങളിലും രോഗാണുക്കള്‍ നിറഞ്ഞിരിക്കുന്നു എന്ന ഭയമുള്ള വ്യക്തിയാണ് ട്രംപ്
എന്നും അത് കൊണ്ടാണ് അടിയന്തരമായി മേശ മാറ്റിയതെന്നുമാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. 2017 ല്‍ ഒരു ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് ഹസ്തദാനം ചെയ്യാന്‍ ട്രംപ് വിസമ്മതിച്ചിരുന്നു. അതിന്റെ കാരണം തിരക്കിയപ്പോഴാണ് തനിക്ക് ജെര്‍മോഫോബ് ഉള്ള കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്.
നേരത്തെയുണ്ടായിരുന്ന റെസല്യൂട്ട് ഡെസ്‌കിന് പകരം സി ആന്റ് ഒ ഡെസ്‌ക് ആണ് ഓഫീസില്‍ എത്തിക്കുക. ഇത് താത്കാലികമായ മാറ്റമാണെന്നാണ് ട്രംപ് സമൂഹമാദ്ധ്യമ കുറിപ്പില്‍ വ്യക്തമാക്കുന്നത്. 'തിരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്റിന് ഏഴ് മേശകളില്‍ ഒന്നാണ് ലഭിക്കുക. 'സി ആന്റ് ഒ' മേശയും വളരെ പ്രശസ്തമാണ്. ജോര്‍ജ് എച്ച് ഡബ്ള്യു ബുഷ് പോലെയുള്ള പ്രസിഡന്റുമാര്‍ ഉപയോഗിച്ച മേശയാണിത്. റെസല്യൂട്ട് മേശ പുതുക്കിപ്പണിയുന്നതിനാല്‍ താത്കാലികമായി ഈ മേശ വൈറ്റ് ഹൗസില്‍ സ്ഥാപിക്കുകയാണ്. ഈ മേശ വളരെ ഭംഗിയുള്ളതാണെങ്കിലും താത്കാലികമായി മാത്രമായിരിക്കും ഓഫീസിലുണ്ടാവുക'- എന്നാണ് ട്രംപ് പറഞ്ഞത്.
സൗഹൃദത്തിന്റെയും ക്ഷേമത്തിന്റെയും അടയാളമായി 1880ല്‍ വിക്ടോറിയ രാജ്ഞി യുഎസ് പ്രസിഡന്റ് റൂഥര്‍ഫോര്‍ഡ് ബി ഹേയസിന് സമ്മാനിച്ചതാണ് റെസല്യൂട്ട് ഡെസ്‌ക്. ബ്രിട്ടീഷ് കപ്പലായ എച്ച് എം എസ് റെസല്യൂട്ടിന്റെ തടികള്‍ കൊണ്ടാണ് മേശ നിര്‍മിച്ചിരിക്കുന്നത്.
ഓക്ക് തടികള്‍ കൊണ്ട് നിര്‍മിച്ച ഈ മേശ 1961 മുതല്‍ ജോണ്‍ എഫ്.കെന്നഡി, ജിമ്മി കാര്‍ട്ടര്‍, ബില്‍ ക്ലിന്റണ്‍, ബറാക് ഒബാമ, ജോ ബൈഡന്‍ എന്നിവരുള്‍പ്പെടെയുള്ള യുഎസ് പ്രസിഡന്റുമാര്‍ വൈറ്റ് ഹൗസില്‍ ഉപയോഗിച്ചിട്ടുണ്ട്.
അതിനിടെ ട്രംപിന്റെ മറ്റൊരു ഉത്തരവും അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാവുകയാണ്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയര്‍മാനായ വ്യോമസേന ജനറല്‍ സി ക്യു ബ്രൗണിനെ ട്രംപ് പുറത്താക്കി. അദ്ദേഹത്തോടൊപ്പം അഡ്മിറല്‍മാരെയും ജനറല്‍മാരെയും പുറത്താക്കി. എന്നാല്‍ സി ക്യു ബ്രൗണിനെ പുറത്താക്കിയതിനുള്ള കാരണം ട്രംപ് വ്യക്തമാക്കിയില്ല. ബ്രൗണിന്റെ പിന്‍ഗാമിയായി വിരമിച്ച ലെഫ്റ്റനന്റ് ജനറല്‍ ഡാന്‍ റാസിന്‍ കെയ്‌നിനെ നാമനിര്‍ദ്ദേശം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.