കൊച്ചി: കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ ജേര്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ച് വിജിലന്‍സ്. മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് പരിശോധന നടത്തി. എറണാകുളം തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീടുകളിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. കൈക്കൂലിയുമായി ബന്ധപ്പെട്ട് ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നതോടെയാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് പിടിയിലായ എറണാകുളത്തെ മുന്‍ ആര്‍ടിഒ ജേര്‍സണെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടെയാണ് മൂന്ന് ജില്ലകളിലെ എംവിഡി ഉദ്യോഗസ്ഥരുടെ വീട്ടില്‍കൂടി വിജിലന്‍സ് പരിശോധന നടത്തുന്നത്.

രണ്ടാഴ്ചക്ക് മുമ്പ് വാളയാര്‍ ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുകയും പിന്നാലെ കൈക്കൂലി പണം പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ മൂന്ന് ജില്ലകളിലെ ഉദ്യോഗസ്ഥരുടെ വീടുകളിലെ വിജിലന്‍സ് പരിശോധന.

വാളയാര്‍ ചെക്ക്പോസ്റ്റില്‍ നടത്തിയ പരിശോധനക്കിടെ 'നിങ്ങള്‍ക്ക് തരാനുള്ള തുക കൃത്യം തരുന്നില്ലേ, പിന്നെ എന്തിനാണ് ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നത്?' എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്റെ ചോദ്യം. ഇതിന്ശേഷം വിജിലന്‍സിന് പണം നല്‍കണമെന്നു കൊച്ചിയില്‍ അറസ്റ്റിലായ ആര്‍ടിഒ ജേര്‍സണ്‍ സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി 14 ലക്ഷം രൂപ പിരിച്ചെടുത്തിരുന്ന വിവരംകൂടി പുറത്തുവന്നു. തുടര്‍ന്നാണ് പരിശോധനകളടക്കം കര്‍ശനമാക്കിയിരിക്കുന്നത്.

അതേസമയം കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലായ ആര്‍ ടി ഒ ജേര്‍സണെതിരേ കൂടുതല്‍ പരാതികള്‍ ലഭിച്ചതിനെപ്പറ്റിയുള്ള അന്വേഷണവും ഇപ്പോള്‍ പുരോഗമിക്കുകയാണ്. എറണാകുളം ആര്‍ടിഒ ഭൂമി വാങ്ങിക്കൂട്ടിയെന്ന് വിജിലന്‍സ്. എറണാകുളം ആര്‍ടിഒ ആയിരുന്ന ജേര്‍സണ്‍ നാല് ഇടങ്ങളിലുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചു. മൂന്നാറില്‍ അടക്കം ആര്‍ടിഒയ്ക്ക് ഭൂമിയുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തി.

ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കൈക്കൂലി ആവശ്യപ്പെട്ട എറണാകുളം ആര്‍ടിഒ ജേര്‍സണെ കഴിഞ്ഞ ദിവസമാണ് സസ്‌പെന്റ് ചെയ്തത്. ബസ് പെര്‍മിറ്റ് അനുവദിക്കാന്‍ ഏജന്റുമാരെ വെച്ച് ആര്‍ടിഒ പണം പിരിച്ചെന്ന റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടപടി. കേസില്‍ മൂന്നാം പ്രതിയായ രാമപടിയാര്‍ വഴിയാണ് പരാതിക്കാരനോട് ജേര്‍സണ്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ജേര്‍സണ്‍, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാര്‍ എന്നിവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്‌സ്ആപ്പ് കോളുകള്‍ വഴിയെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

n