കൊച്ചി: സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ സംഘടനയുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ അടിയന്തര യോഗത്തിലാണ് തീരുമാനം. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്മ ആസ്ഥാനത്ത് എത്തിയിരുന്നു.

അഭിനേതാക്കള്‍ പ്രതിഫലം കുറക്കണമെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ ആവശ്യത്തില്‍ വ്യത്യസ്തമായ നിലപാടാണ് അമ്മ യോഗത്തിലുണ്ടായത്. സമരതീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്നും ചലച്ചിത്ര താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മിക്കുന്നതിലും ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കുന്നു.

ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ 'അമ്മ' ഓഫീസില്‍ എത്തിയിരുന്നു. പ്രതിഫല വിഷയവുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്.

എതിര്‍ത്തും അനുകൂലിച്ചും വിവിധ സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയതോടെ സിനിമ സമരപ്രഖ്യാപനം വിവാദമായിരുന്നു. സമരത്തിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം ആലോചിക്കാന്‍ ഫിലിം ചേംബറിന്റെ യോഗം ഇന്ന് ചേരും. പിന്തുണ തേടി നിര്‍മ്മാതാക്കളുടെ സംഘടന ഫിലിം ചേംബറിന് കത്തും നല്‍കിയിരുന്നു. അതേസമയം, സമരം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്ക ഡയറക്ടഴ്‌സ് യൂണിയന്‍ ഇന്നലെ രംഗത്തെത്തി. ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം കണ്ടെത്തണമെന്നാണ് ഡയറക്ടേഴ്‌സ് യൂണിയന്റെ നിലപാട്. ഫിലിം ചേംബറിന്റെ പിന്തുണ ലഭിച്ചാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് നിര്‍മ്മാതാക്കളുടെ സംഘടനയുടെ തീരുമാനം.

പ്രതിഫലം തവണകളായി നല്‍കുന്നത് സംബന്ധിച്ച് ചില നിബന്ധനകള്‍ നിര്‍മാതാക്കളുടെ സംഘടന മുന്നോട്ട് വെച്ചിരുന്നു. അതേസമയം, തിങ്കളാഴ്ച ഉച്ചക്ക് ശേഷം നിര്‍മാതാക്കളുടെ സംഘടനയുടെ എക്സിക്യൂട്ടീവ് യോഗം ചേരും. 'അമ്മ' യോഗത്തിലെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത തീരുമാനത്തിലേക്ക് കടക്കണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയായേക്കും.

എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്നതിനായി ആന്റണി പെരുമ്പാവൂര്‍ എത്തില്ലായെന്നാണ് വിവരം. നിര്‍മാതാവ് സുരേഷ് കുമാര്‍ യോഗത്തില്‍ പങ്കെടുക്കും. ഒരു മേശക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ച ചെയ്താല്‍ തീരാവുന്നതേയുള്ളൂ ഇപ്പോഴത്തെ പ്രശ്നമെന്നാണ് കഴിഞ്ഞ ദിവസം ലിസ്റ്റിന്‍ സ്റ്റീഫന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, ആന്റണി പെരുമ്പാവൂര്‍ യോഗത്തില്‍ പങ്കെടുക്കാതിരിക്കുന്നതോടെ സംഘടന കൂടുതല്‍ പ്രതിസന്ധിയിലേക്കാവുകയാണ്.