തിരുവനന്തപുരം: റിട്ടേ പോലീസ് ഉദ്യോഗസ്ഥര്‍ അടക്കം സിക്കിമില്‍ ചൂതാട്ടത്തിന് പോയി കുടുങ്ങിയത് കേരളാ പോലീസില്‍ വലിയ ചര്‍ച്ച. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം ആഭ്യന്തര വകുപ്പ് നടത്തും. കേരളാ പോലീസിന് ആകെ നാണക്കേടായി മാറിയിരിക്കുകായണ് ഈ സംഭവം. വിഷയത്തില്‍ കേസെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്കും സാധ്യത കുറവ്. പക്ഷേ ആരെല്ലാമാണ് സിക്കിമ്മില്‍ തടഞ്ഞു വയ്ക്കപ്പെട്ടതെന്നാകും പരിശോധിക്കുക. പോലീസുകാര്‍ക്കിടയിലെ അടക്കം പറച്ചില്‍ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് കേരളാ പോലീസ്.

ചൂതാട്ടം ഒരു കുറ്റമല്ലാത്ത സ്ഥലമാണ് സിക്കിം. തലസ്ഥാനമായ ഗാങ്‌ടോക്കില്‍ ഇതിനായി പ്രത്യേകം സൗകര്യങ്ങളുമുണ്ട്. നിയമപരമായി അനുവദനീയമായ ഇവിടെ പോയി കളിച്ച് പണമില്ലാത്തതു കൊണ്ട് ചൂതാട്ട മാഫിയ തടഞ്ഞു വയ്ക്കുകയായിരുന്നു കേരളാ പോലീസിലെ ചിലരെ. റിട്ടയേര്‍ഡ് പോലീസ് ഉന്നതരും ഈ സംഘത്തിലുണ്ടായിരുന്നു. ഇവരെ നാടകീയ ഇടപെടലുകളിലൂടെ മോചിപ്പിച്ചു. ഇങ്ങനെ പിടിച്ചു വച്ച ആളുകളില്‍ സര്‍വ്വീസിലുള്ള പോലീസുകാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ കണ്ടെത്താനാകും ആഭ്യന്തര വകുപ്പ് അന്വേഷണം നടത്തുക. ചൂതാട്ടം നടത്തി കൈയ്യിലുള്ള കാശെല്ലാം തീര്‍ന്നു. ഇതോടെ വാശി കയറി കളിച്ചു. കൊടുക്കാന്‍ പണമില്ലാതെയായി. ഇവരെയാണ് മാഫിയ തടഞ്ഞു വച്ചതെന്നാണ് സൂചന.

ഇന്ത്യയില്‍ ഗോവയും സിക്കിമും ചൂതാട്ടം നിയമപരമായി അംഗീകരിച്ചിട്ടുള്ള സംസ്ഥാനങ്ങളാണ്. ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും ചൂതാട്ട കേന്ദ്രങ്ങള്‍ സര്‍ക്കാരിന്റെ അനുവാദത്തോടുകൂടി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ പോയി വാതു വച്ച് ചീട്ട് കളിക്കുന്ന മലയാളികളും ഉണ്ട്. ഇത്തരത്തില്‍ പെട്ട പോലീസ് സംഘമാണ് സിക്കിമില്‍ കുടുങ്ങിയതെന്നാണ് സൂചന. സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരില്‍ നിന്നും ആഭ്യന്തര വകുപ്പ് വിശദീകരണം തേടാനും സാധ്യതയുണ്ട്.