- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനേകം പവര്‍ ഗ്രിഡുകള്‍ ഒരുമിച്ചു നിലച്ചു; ചിലിയിലെ പല നഗരങ്ങളും പൂര്‍ണമായും ഇരുട്ടിലായി; റോളര്‍ കോസ്റ്റുകള്‍ ആകാശത്ത് നിലച്ചപ്പോള്‍ ലിഫ്റ്റില്‍ കുടുങ്ങി ആയിരങ്ങള്‍: ഒരു രാജ്യം മണിക്കൂറുകള്‍ നിശ്ചലമായത് ഇങ്ങനെ
കഴിഞ്ഞ ദിവസം ഉണ്ടായ വൈദ്യുതി തകരാറിനെ തുടര്‍ന്ന് ചിലിയിലെ മിക്ക നഗരങ്ങളും നിശ്ചലമായി. അനേകം പവര്‍ഗ്രിഡുകള്‍ ഒരുമിച്ച് നിലച്ചതിനെ തുടര്‍ന്നാണ് രാജ്യം മണിക്കൂറുകളോളം ഇരുട്ടിലായത്. രണ്ട് കോടിയോളം പേരാണ് വൈദ്യുതി തടസപ്പെട്ടതിന്റെ ദുരിതങ്ങള്‍ അനുഭവിക്കേണ്ടി വന്നത്. ചിലിയിലെ പ്രാദേശിക സമയം ഉച്ച കഴിഞ്ഞ് 3.15നാണ് വൈദ്യുതി ആദ്യമായി നിലച്ചത്. രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ ഒന്നിച്ചാണ് വൈദ്യുതി തകരാര്‍ ഉണ്ടായത്.
നോര്‍ട്ടേ ചിക്കോ പ്രവിശ്യയിലെ പ്രസരണ മേഖലയില്‍ വൈദ്യുതി നിലച്ചതാണ് ഇതിന് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. വൈദ്യുതി തടസം രാജ്യത്തെ 98 ശതമാനത്തില്‍ അധികം ജനങ്ങളേയും ബാധിച്ചു എന്നാണ് ചിലിയിലെ ആഭ്യന്തര മന്ത്രി കരോലിന ടോഹാ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാന്റിയോഗോ നഗരത്തില്‍ മാത്രം ആറ് ലക്ഷത്തോളം പേരാണ് ഇത് കാരണം ദുരിതത്തിലായത്. ലോസ് ലാഗോസിലെ മൂന്നര ലക്ഷത്തോളം ഉപഭോക്താക്കളും ലോസ് റിയോസിലെ ഒന്നര ലക്ഷത്തിലധികം കുടംബങ്ങളും ഇത് കാരണം ബുദ്ധിമുട്ടിലായി.
പല നഗരങ്ങളിലും വൈകുന്നേരം അഞ്ച് മണിയോടെ വൈദ്യുതി പുനസ്ഥാപിക്കപ്പെട്ടു. സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വകുപ്പിന്റെ പ്രത്യേക യോഗവും വിളിച്ചു ചേര്‍ത്തിരുന്നു. സര്‍്ക്കാര്‍ വൈദ്യുതി പുനസ്ഥാപിക്കാന്‍ എല്ലാ വിധ ശ്രമങ്ങളും നടത്തുകയാണെന്നും ജനങ്ങള്‍ സംയമനത്തോടെ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും കരോലിന ടോഹ അഭ്യര്‍ത്ഥിച്ചിരുന്നു. തലസ്ഥാനമായ സാന്റിയാഗോയിലെ സബ്വേ സര്‍വ്വീസുകളും വൈദ്യുതി തകരാറിന് തൊട്ടു പിന്നാലെ നിര്‍ത്തി വെച്ചിരുന്നു. തെരുവു വിളക്കുകള്‍ ഇല്ലാത്തത് റോഡുകളിലും വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. ഇതിനിടയില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ട്രെയിന്‍ സര്‍വ്വീസുകള്‍ നിലച്ചതിനെ തുടര്‍ന്ന് ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഓഫീസ് വിട്ടിറങ്ങിയ പലരും വീട്ടിലെത്തിച്ചേരാന്‍ കഴിയാതെ നട്ടം തിരിഞ്ഞു. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമായ ആര്‍ട്ടൂറോ മെറീനോ ബെനിറ്റസ് തടസം കൂടാതെ പ്രവര്‍ത്തിച്ചു. സാന്റിയാഗോയിലെ പ്രമുഖ അമ്യൂസ്മെന്റ് പാര്‍ക്കായ ഫാന്റസിലാന്‍ഡിയയില്‍ റോളര്‍ കോസ്റ്റുകള്‍ ആകാശത്ത് നിലച്ചപ്പോള്‍ നിരവധി പേരാണ് കുടുങ്ങിപ്പോയത്.
പിന്നീട് ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇവരെ നിലത്തിറക്കിയത്. പല സ്ഥലങ്ങളിലും ആയിരക്കണക്കിന് ആളുകളാണ് പല കെട്ടിടങ്ങളിലേയും ലിഫ്റ്റുകളിലും കുടുങ്ങിയത്.