റോം: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലയില്‍ നേരിയ പുരോഗതി. ശനിയാഴ്ച അദ്ദേഹം പരസഹായമില്ലാതെ കാപ്പികുടിച്ചെന്നും പത്രം വായിച്ചെന്നും വത്തിക്കാന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ആ സ്ഥിതി മാറുകയാണ്. ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ച മാര്‍പ്പാപ്പ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ്.

സങ്കീര്‍ണമായ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ചയിലേറെയായി ആശുപത്രിയില്‍ കഴിയുകയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. വെള്ളിയാഴ്ച മാര്‍പാപ്പ അപകടനില തരണംചെയ്തെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും വൈകീട്ടോടെ ആരോഗ്യനില മോശമാവുകയായിരുന്നു. ഛര്‍ദിയെത്തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ടതിനാലാണ് അദ്ദേഹത്തെ മെക്കാനിക്കല്‍ വെന്റിലേഷനിലേക്ക് മാറ്റിയത്. പിന്നീട് വീണ്ടും നില മെച്ചപ്പെട്ടു. മാര്‍പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിനും പുറത്തു വന്നു. ഉയര്‍ന്ന ഓക്‌സിജന്‍ തെറാപ്പിയും നോണ്‍-ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷനും നല്‍കുന്നുണ്ട്. അടുത്ത 24 മണിക്കൂര്‍ കൂടി നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

88 വയസുള്ള മാര്‍പ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായാണ് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. മാര്‍പാപ്പയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ലോകമാകെയുള്ള വിശ്വാസികള്‍ തുടരുകയാണ്. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ജപമാലയര്‍പ്പണമടക്കം നടത്തിയിട്ടുണ്ട്.

തനിക്ക് വേണ്ടി പ്രാര്‍ത്ഥനകളില്‍ ഏര്‍പ്പെട്ടവര്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നന്ദി അറിയിച്ചതായി നേരത്തെ വത്തിക്കാന്‍ വക്താവ് അറിയിച്ചിരുന്നു. എത്രയും വേഗം മാര്‍പാപ്പ സുഖമായി തിരിച്ചുവരുമെന്ന പ്രത്യാശയും വത്തിക്കാന്‍ വക്താവ് പങ്കുവച്ചിട്ടുണ്ട്.