ലണ്ടന്‍: മയങ്ങിക്കിടക്കുന്ന പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ദൃശ്യം കാണിച്ചു കൊടുത്തപ്പോഴും ജെഹാവൊ സാവ് എന്ന ചൈനീസ് പി എച്ച് ഡി വിദ്യാര്‍ത്ഥിക്ക് കുലുക്കമുണ്ടായില്ലെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലെ തന്നെ ഏറ്റവും ക്രൂരനായ ലൈംഗിക പീഢനങ്ങള്‍ നടത്തിയ വ്യക്തിയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്ന ഈ 28 കാരന്‍ താന്‍ സ്വന്തം വീട്ടില്‍ വെച്ച് പെണ്‍കുട്ടികളെ പീഢിപ്പിക്കുന്ന രംഗങ്ങള്‍ വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. കോടീശ്വരനും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗവുമാണ് ഇയാളുടെ പിതാവ്. 2019 നും 2023 നും ഇടയിലായി ഇയാള്‍ മൂന്ന് സ്ത്രീകളെ ലണ്ടനിലും ഏഴുപേരെ ചൈനയിലും വീട്ടില്‍ വിളിച്ചു വരുത്തി മയക്കുമരുന്ന് നല്‍കി പീഢിപ്പിക്കുകയായിരുന്നു എന്നാണ് കേസ്. അന്ന് അയാള്‍ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ പഠിക്കുകയായിരുന്നു.

ഇപ്പോള്‍ മറ്റ് 50 പുതിയ ഇരകളാണ് രംഗത്ത് വന്നിരിക്കുന്നത്. അതില്‍ പകുതി പേരെ ഇയാള്‍ ലണ്ടനില്‍ വെച്ചാണ് പീഢിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു പകുതിപേരെ ചൈനയില്‍ വെച്ചു. മറ്റുള്ളവരുടെ ലൈംഗിക ചേഷ്ടകള്‍ ഒളിഞ്ഞു നോക്കുക, അശ്ലീല ചിത്രങ്ങള്‍ കൈവശം വയ്ക്കുക, നിയമവിരുദ്ധമായ മയക്കു മരുന്ന് സൂക്ഷിക്കുക, ലൈംഗിക പീഢനം തുടങ്ങിയ കേസുകളാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തീര്‍ത്തും വികാരരഹിതനായിട്ടാണ് ഇയാള്‍ പോലീസിന്റെ ചോദ്യങ്ങളോട് പ്രതികരിക്കുന്നത്.

ചൈനീസ് വനിതകളെ തന്റെ ആഡംബര വസതിയിലേക്ക് ക്ഷണിച്ചു വരുത്തി അവര്‍ക്ക് മദ്യവും മയക്കുമരുന്നും നല്‍കി ബോധം കെടുത്തിയായിരുന്നു ഇയാള്‍ ലൈംഗികമായി പീഢിപ്പിച്ചിരുന്നത്. അതെല്ലാം ഒളിക്യാമറകള്‍ കൊണ്ട് ഇയാള്‍ ചിത്രീകരിക്കുകയും ചെയ്യുമായിരുന്നത്രെ. 2023 നവംബറില്‍ ഇയാള്‍ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് ഒരു വനിത പോലീസില്‍ പരാതി നല്‍കിയതോടെയാണ് പോലീസ് ഇയാളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു വരാന്‍ തുടങ്ങിയതോടെ കൂടുതല്‍ സ്ത്രീകള്‍ ഇയാള്‍ക്കെതിരെ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു.

ഇയാള്‍ തന്നെ പകര്‍ത്തിയ, സ്വന്തം ക്രൂരതയുടെ വീഡിയോ ദൃശ്യം കണ്ട് വിചാരണ വേളയില്‍ ജഡ്ജിമാര്‍ പോലും ഞെട്ടിത്തരിച്ചു എന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തന്നെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്താന്‍ ഒരു യുവതി കരഞ്ഞുകൊണ്ട് ഇയാളോട് അപേക്ഷിക്കുന്ന ദൃശ്യമാണ് അതിലുള്ളത്. കരഞ്ഞിട്ട് കാര്യമില്ലെന്നും, നല്ല ഇന്‍സുലേഷന്‍ ഉള്ളതിനാല്‍ ശബ്ദം പുറത്തു പോകില്ലെന്നും ഇയാള്‍ ആ യുവതിയോട് പറയുന്നതും വീഡിയോയിലുണ്ട്. 2021 സെപ്റ്റംബറിലായിരുന്നു ഇവര്‍ സാവിനൊപ്പം അത്താഴത്തിന് പോയത്. റോഡരികില്‍ താന്‍ ഛര്‍ദ്ദിച്ചത് മാത്രമെ ഓര്‍മ്മയുള്ളു എന്നാണ് അവര്‍ പറയുന്നത്. പിന്നീട് ബോധം വീഴുമ്പോള്‍ സാവ് തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.

പത്ത് സ്ത്രീകള്‍ക്കെതിരെ നടത്തിയ പതിനൊന്ന് ലൈംഗികാതിക്രമങ്ങള്‍ക്കാണ് ഇപ്പോള്‍ ഇയാള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അതിലധികം പേരെ ഇയാള്‍ ബലാത്സംഗത്തിന് വിധേയമാക്കി എന്നാണ് പോലീസ് പറയുന്നത്. ചൈനയിലും നിരവധി സ്ത്രീകളെ ഇയാള്‍ ഇത്തരത്തില്‍ ബലാത്സംഗത്തിന് വിധേയമാക്കിയിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്രയധികം കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അന്വേഷണോദ്യോഗസ്ഥര്‍ക്ക് ചൈനയിലെ ഇയാളുടെ വീട്ടില്‍ റെയ്ഡ് നടത്താന്‍ പോലും കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉയര്‍ന്ന നേതാവും കോടീശ്വരനും വ്യവസായിയുമായ പിതാവിന്റെ സ്വാധീനമായിരുന്നു അതിന് കാരണമായത്. ഇയാളുടെ അമ്മ ഒരു അധ്യാപികയാണ്. താന്‍ ഒരു വര്‍ഷം നൂറിലധികം സ്ത്രീകള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ടെന്ന് ഓണ്‍ലൈനിലൂടെ വീമ്പിളക്കിയ വ്യക്തിയാണിയാള്‍. തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയില്‍ ഡോണ്‍ഗുവാന്‍ നഗരത്തിലായിരുന്നു ഇയാള്‍ വളര്‍ന്നത്. സോംഗ്ഷാന്‍ ലേക്ക് പ്രദേശത്തുള്ള, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നിരവധി ബിസിനസ്സ് സ്ഥാപനങ്ങളുടെ ഡയറക്ടര്‍ കൂടിയാണ് ഇയാളുടെ പിതാവ്.