കോട്ടയം: ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിയാത്തത് അന്വേഷണത്തില്‍ പ്രതിസന്ധിയാകും. മരിച്ച ഷൈനിയുടെ ഫോണ്‍ നിലവില്‍ സ്വിച്ച് ഓഫാണ്. ഷൈനി മരിക്കുന്നതിന്റെ തലേദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് നിഗമനം. നോബിയുടെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത അവസ്ഥയിലാണ്. അതില്‍ നിന്നും വിവരങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഇനി വ്യക്തത വരൂ.

ആത്മഹത്യ ചെയ്തതിന്റെ തലേദിവസം നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു. നോബിയുടെ അച്ഛന്റെ ചികിത്സക്കെടുത്ത വായ്പയുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു. ഇക്കാര്യങ്ങളെല്ലാം നോബി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. ഷൈനിയുടെ മൊബൈല്‍ ഫോണ്‍ കിട്ടിയാല്‍ ഇതിനെല്ലാം ശാസ്ത്രീയ തെളിവും കിട്ടും. ഇതാണ് ഫോണ്‍ കിട്ടാത്തതു മൂലമുള്ള പ്രതിസന്ധി രൂക്ഷമാക്കുന്നത്.

ഷൈനി ട്രെയിന് മുന്നില്‍ ചാടിയ റെയില്‍വേ ട്രാക്കില്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തിയില്ല. വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കിട്ടിയില്ല. മാതാപിതാക്കളോട് ആവശ്യപ്പെട്ടപ്പോള്‍ ഫോണ്‍ എവിടെയെന്ന് അറിയില്ലെന്നായിരുന്നു മറുപടി. നിലവില്‍ ഷൈനിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സ്വിച്ച് ഓഫ് ചെയ്യുന്നതിന് മുമ്പ് ഈ ഫോണിന്റെ ലൊക്കേഷന്‍ വീടിന് അടുത്താണ്. വീടിന് ചുറ്റുമുള്ള പ്രദേശങ്ങളും പോലീസ് പരിശോധിച്ചു. ഒരിടത്തും ഫോണ്‍ കിട്ടിയില്ല. ഷൈനിയുടെ മരണ ദിവസം തന്നെ ഫോണ്‍ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമം പോലീസിന്റെ ഭാഗത്തുണ്ടായിരുന്നില്ല.

അതിനിടെ ഷൈനിയുടെ അച്ഛനും അമ്മയും ആദ്യഘട്ടത്തില്‍ നല്‍കിയ മൊഴികള്‍ പൊലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സ്വന്തം വീട്ടില്‍ നിന്നും ഷൈനി മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസിന്റെയും അമ്മ മോളിയുടെയും മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും. നോബിയുടെ വീട്ടുകാരുടെ സമ്മര്‍ദ്ദം പോലും ഇതിന് പിന്നിലുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.

ഫെബ്രുവരി 28ന് പുലര്‍ച്ചെ 4.44നാണ് ഷൈനി മക്കളായ അലീനയെയും ഇവാനയെയും കൂട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയത്. വീടിന് എതിര്‍വശമുള്ള റോഡിലൂടെയാണ് റെയില്‍വേ ട്രാക്കിലേക്കെത്തിയത്. ഇളയമകള്‍ ഇവാനയെ ഷൈനി കൈപിടിച്ച് വലിച്ചുകൊണ്ട് പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസില്‍ നിര്‍ണായക തെളിവാണ് ഷൈനിയുടെ ഫോണ്‍. ഷൈനി മരിക്കുന്നതിന്റെ തലേ ദിവസം ഫോണ്‍ വിളിച്ചെന്നായിരുന്നു ഭര്‍ത്താവ് നോബി ലൂക്കോസിന്റെ മൊഴി. ഈ ഫോണ്‍ വിളിയിലെ ചില സംസാരങ്ങളാണ് ആത്മഹത്യക്ക് പ്രകോപനമെന്നാണ് പൊലീസിന്റെ നിഗമനം.