കൊച്ചി: കാസര്‍കോട് പൈവളിഗെയില്‍നിന്ന് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയും ടാക്‌സി ഡ്രൈവറും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ എന്നാണ് പോലീസ് അന്വേഷണം നടത്തിയതെന്നും സംഭവത്തില്‍ പോക്‌സോ കേസ് ചുമത്തി അന്വേഷണം വേഗത്തില്‍ നടത്തണമായിരുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഇരുവരുടേയും കോള്‍ റെക്കോര്‍ഡ്‌സ് എപ്പോഴാണ് പരിശോധിച്ചതെന്ന് ചോദിച്ച കോടതി പെണ്‍കുട്ടിയുടെ മരണം എപ്പോഴാണ് സംഭവിച്ചതെന്നും ചോദിച്ചു. കാണാതായ ദിവസം തന്നെ പെണ്‍കുട്ടി മരിച്ചുവെന്ന് പൊലീസ് കോടതിയില്‍ മറുപടി പറഞ്ഞു. പത്താംക്ലാസ് വിദ്യാര്‍ഥിനിയെയും വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയെന്നു കരുതുന്ന ടാക്‌സി ഡ്രൈവര്‍ പ്രദീപിനെയും രണ്ട് ദിവസം മുമ്പാണ് വീടിന് സമീപത്തെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരത്തിന്റെ ഒരേ ചില്ലയില്‍ തൂങ്ങിമരിച്ച ഇരുവരുടെയും മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു.

സംഭവത്തില്‍ പോലീസിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചിരിക്കുന്നത്. കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ നേരിട്ടെത്തി കേസ് ഡയറി സമര്‍പ്പിച്ചു.

മരിച്ച പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ എന്തുകൊണ്ട് വൈകിയെന്നും പെണ്‍കുട്ടിയുടെ ഫോണ്‍ രേഖകള്‍ എപ്പോഴാണ് പരിശോധിച്ചതെന്നും കോടതി ചോദിച്ചു. ഫെബ്രുവരി 12-നു പുലര്‍ച്ചെ കാണാതായ പെണ്‍കുട്ടിക്കുവേണ്ടി പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്തിയത് ഫെബ്രുവരി 19-നാണ്. പോലീസ് നായയെ ഉപയോഗിച്ചുള്ള പരിശോധന നടത്താന്‍ എന്തുകൊണ്ട് വൈകിയെന്നും പോക്‌സോ കേസായി കണക്കാക്കി കേസ് അന്വേഷണം വേഗത്തില്‍ നടത്താമായിരുന്നില്ലേയെന്നും കോടതി പോലീസിനെതിരേ വിമര്‍ശനം ഉന്നയിച്ചു.

ഫെബ്രുവരി 12-നു പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ പെണ്‍കുട്ടി വീടിന്റെ പിന്‍വാതില്‍ തുറന്നു പുറത്തേക്കുപോയി എന്നായിരുന്നു രക്ഷിതാക്കളുടെ മൊഴി. മൊബൈല്‍ ഫോണും പെണ്‍കുട്ടിയുടെ കൈയിലുണ്ടായിരുന്നു. ആദ്യം ഫോണില്‍ ബെല്‍ അടിച്ചിരുന്നെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു. പിന്നീട് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അനുസരിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒളിച്ചോടിപ്പോയെന്ന് കരുതി

കൃത്യവിലോപം പൊലീസില്‍ നിന്നും ഉണ്ടായോയെന്നാണ് പരിശോധിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. സ്ത്രീകളെയോ കുട്ടികളെയോ കാണാതായാല്‍ പൊലീസ് അപ്പോള്‍ തന്നെ അന്വേഷണം ആരംഭിക്കണം. പെണ്‍കുട്ടിയുടെ മൊബൈല്‍ ലൊക്കേഷന്‍ കണ്ടു പിടിക്കാനെന്താണ് ബുദ്ധിമുട്ടാണ് ഉള്ളത്. പൊലീസ് നായ പ്രദേശത്ത് പരിശോധന നടത്തിയത് എന്നാണ്. പെണ്‍കുട്ടിയുടെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിരുന്നില്ലേ. എന്തുകൊണ്ടാണ് പൊലീസ് നായയുടെ പരിശോധന വൈകിയത് എന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ചോദിച്ചു.

എന്നാല്‍ പെണ്‍കുട്ടി ഒളിച്ചോടിപ്പോയെന്നാണ് കരുതിയതെന്ന് പൊലീസ് മറുപടി നല്‍കി. ഇതോടെ 15 വയസ്സുള്ള പെണ്‍കുട്ടിയെ അല്ലേ കാണാതായതെന്ന് ചോദിച്ച കോടതി, പോക്‌സോ കേസ് ആയി വേഗത്തിലുള്ള അന്വേഷണം അല്ലേ വേണ്ടിയിരുന്നത്, പ്രായപൂര്‍ത്തിയായ സ്ത്രീ എന്ന നിലയിലാണ് പൊലീസിന്റെ അന്വേഷണം നടന്നതെന്നും കോടതി വിമര്‍ശിച്ചു. പെണ്‍കുട്ടി എന്ന നിലയിലായിരുന്നു അന്വേഷണം നടത്തേണ്ടിയിരുന്നത്. മൊഴികളുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. കേസ് ഡയറി പരിശോധിക്കട്ടെ എന്ന് പറഞ്ഞ കോടതി, ഉച്ചയ്ക്ക് 1:45 ന് വീണ്ടും പരിഗണിക്കുമെന്നും വ്യക്തമാക്കി. കുട്ടികള്‍ വിലപ്പെട്ടതാണ്, അത് പൊലീസ് മറക്കരുത്, പൊലീസിന് പാഠമായി മാറണമിതെന്നും മരിച്ച കുട്ടിയുടെ കുടുംബത്തിനൊപ്പമാണെന്നും ഹൈക്കോടതി പറഞ്ഞു.