ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസില്‍ കൂടിക്കാഴ്ച സൗഹാര്‍ദ്ദ പരം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇതോടെ തീര്‍ത്തും പുതിയ തലത്തിലേക്ക് കാര്യങ്ങളെത്തി. മുഖ്യമന്ത്രിയെ കാണാന്‍ ധനമന്ത്രി കേരളാ ഹൗസിലെത്തിയതും പുതുമയായി. സാധാരണ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് ധനമന്ത്രി അങ്ങോട്ട് പോവാറില്ല. എന്നാല്‍ ഇതും മാറ്റിവച്ച് പിണറായിയെ കാണാന്‍ ധനമന്ത്രി എത്തി. കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു.

രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാര്‍ലമെന്റിലേക്ക് പോയി. പാര്‍ട്ടിയുടെ പിബി യോഗത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയിലുണ്ട്. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം മുഖ്യമന്ത്രി ഉന്നയിച്ചു. കേരളത്തിന്റെ സാമ്പത്തിക സാഹചര്യം അടക്കം ചര്‍ച്ചയാക്കി. കൂടുതല്‍ വായ്പാ പരിധിയിലും ആവശ്യം ഉന്നയിച്ചു. 12000 കോടി ഉടന്‍ കടമെടുക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാം കേട്ട ധനമന്ത്രി അനുകൂല തീരുമാനം ഉണ്ടാകുമെന്ന് ഉറപ്പും നല്‍കി. വയനാട്ടിലും വിഴിഞ്ഞത്തും അനുകൂല തീരുമാനം ഉണ്ടാകും. എന്നാല്‍ ആശാ വര്‍ക്കര്‍മാരുടെ സമരം പിണറായി ചര്‍ച്ചയാക്കിയുമില്ല.

വയനാട് പുനരധിവാസത്തിനുള്ള വായ്പാ വിനിയോഗ കാലാവധി നീട്ടി നല്‍കുന്നത് ചര്‍ച്ചയായി. ലാപ്‌സായ കേന്ദ്ര സഹായം മുന്‍കാല പ്രാബല്യത്തോടെ നല്‍കണമെന്ന് കൂടിക്കാഴ്ച്ചയില്‍ ആവശ്യപ്പെട്ടു. വയനാട്, വിഴിഞ്ഞം, വായ്പ പരിധി തുടങ്ങിയവ ചര്‍ച്ചയായി. കേരളത്തിന്റെ വികസന വിഷയങ്ങളില്‍ അനുകൂല സമീപനം വേണമെന്നാവശ്യവും കൂടിക്കാഴ്ചയിലുണ്ടായി. കേരളത്തിന്റെ ആവശ്യങ്ങളില്‍ തുടര്‍ ആലോചനകള്‍ നടത്താമെന്ന് ധനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. കേരളം ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് നിര്‍മല സീതാരാമന്‍ ഉറപ്പുനല്‍കിയതായാണ് വിവരം.

അനൗദ്യോഗിക സന്ദര്‍ശനമായിരുന്നു കേന്ദ്ര മന്ത്രിയുടേത്. കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രഭാത ഭക്ഷണവും കഴിച്ചാണ് കേന്ദ്ര മന്ത്രി മടങ്ങിയത്. തീര്‍ത്തും അസാധാരണ ചര്‍ച്ചകളായിരുന്നു ഇതെല്ലാം. രളത്തിന്റെ പ്രശ്‌നങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉണ്ടാകുമെന്ന സൂചന ഇന്നലെ തന്നെ പുറത്തു വന്നിരുന്നു. ഇതിന്റെ ഭാഗമായി ഗവര്‍ണര്‍ ഇന്നലെ യോഗം വിളിച്ചിരുന്നു. ഗവര്‍ണറുടെ നേതൃത്വത്തില്‍ ഇങ്ങനെയൊരു യോഗം വിളിക്കുന്നത് ഇത് ആദ്യമാണ്. രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യം എന്ന മുദ്രാവാക്യത്തോടെ ഇനി ഒറ്റക്കെട്ടായി രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്ക് അതീതമായി കേരള എംപിമാര്‍ മുന്നോട്ടുപോകണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ച് താന്‍ ബോധവാനാണെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞത്. ഈ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം താനും ഉണ്ടാകുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു.