ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള സ്മാര്‍ട്ട് വാച്ചുകളില്‍ ഒന്നാണ് ആപ്പിളിന്റെ വാച്ചുകള്‍. പത്ത് വര്‍ഷം മുമ്പാണ് ലോകപ്രശസ്ത സ്ഥാപനമായ ആപ്പിള്‍ കമ്പനി സ്മാര്‍ട്ട് വാച്ചുകള്‍ പുറത്തിറക്കുന്നത്. ആപ്പിള്‍ കമ്പനി അന്ന് ഈ വാച്ചിനെ വിശേഷിപ്പിച്ചത് ലോകത്ത് ഇന്ന് വരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വ്യക്തിഗതമായ വസ്തു എന്നായിരുന്നു. വളരെ പെട്ടെന്ന് തന്നെ ആപ്പിളിന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഉത്പ്പന്നങ്ങളില്‍ ഒന്നായി ഇത് മാറുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച് ആപ്പിളിന്റെ വാച്ചുകള്‍ക്ക് പ്രിയം കുറഞ്ഞു വരികയാണ് എന്നതാണ്. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയിന്റിന്റെ കണക്കനുസരിച്ച് 2024 ല്‍ ആപ്പിള്‍ വാച്ചുകളുടെ ആഗോള വില്‍പ്പന 19 ശതമാനം വന്‍തോതില്‍ കുറഞ്ഞിട്ടുണ്ട്. എസ്-10 എന്ന സീരീസ് പുറത്തിറങ്ങിയിട്ടും വാച്ചുകളുടെ വില്‍പ്പനയില്‍ ഇടിവ് രേഖപ്പെടുത്തിയതായിട്ടാണ് കൗണ്ടര്‍ പോയിന്റിലെ ഗവേഷകര്‍ പറയുന്നത്.

വാച്ചുകളുടെ വില്‍പ്പന ഇടിഞ്ഞതിന് പിന്നില്‍ പല കാരണങ്ങള്‍ പറയപ്പെടുന്നുണ്ട് എങ്കിലും ആപ്പിളിന്റെ വാച്ചുകളിലെ നിരന്തരമായ നോട്ടിഫിക്കേഷനുകളാണ് പലര്‍ക്കും ഈ വാച്ചിനോട് മടുപ്പ്

തോന്നാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. ഒമ്പത് വര്‍ഷമായി ആപ്പിള്‍ വാച്ച് ഉപയോഗിച്ചിരുന്ന ഒരു വ്യക്തി പറയുന്നത് നോട്ടിഫിക്കേഷനുകള്‍ തന്നെ മടുപ്പിച്ചു എന്നും കഴിഞ്ഞ എട്ട് മാസത്തോളമായി താന്‍ ആപ്പിളിന്റെ വാക്ക് കൈയ്യില്‍ കെട്ടാറില്ലെന്നുമാണ്.

അതേസമയം, റെഡ്ഡിറ്റില്‍, ഒരു ഉപയോക്താവ് എഴുതിയിരിക്കുന്നത് തനിക്കും ഒരു ആപ്പിള്‍ വാച്ച് ഉണ്ടായിരുന്നതായും അത് വെറുമൊരു ഗ്ലോറിഫൈഡ് നോട്ടിഫിക്കേഷന്‍ സ്‌ക്രീനായി മാറിയതിനാല്‍ അത് ഉപയോഗിക്കുന്നത് നിര്‍ത്തി എന്നുമാണ്. ആഗോള വിപണിയില്‍ ആപ്പിള്‍ വാച്ചുകളുടെ വില്‍പ്പന കുറഞ്ഞപ്പോള്‍ മറ്റ് പല ബ്രാന്‍ഡുകളുടേയും സ്മാര്‍ട്ട് വാച്ചുകളുടെ വില്‍പ്പന വര്‍ദ്ധിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി പല ആപ്പിള്‍ വാച്ച് ഉപഭോക്താക്കളും തങ്ങളുടെ ഉപകരണങ്ങളെക്കുറിച്ചുള്ള നിരാശകള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.