ആലപ്പുഴ: മദ്യലഹരിയില്‍ പാതിബോധത്തില്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയവരെ ട്രെയിന്‍ പെട്ടെന്ന് നിര്‍ത്തി രക്ഷപ്പെടുത്തി ലോക്കോപൈലറ്റുമാരുടെ വീഡിയോ വൈറല്‍. ഏറെ കൈയ്യടിയും അവര്‍ നേടുന്നുണ്ട്. ട്രെയിന്‍ എമര്‍ജന്‍സി ബ്രേക്കിട്ടതോടെയാണ് ഇരുവരെയും രക്ഷപ്പെടുത്താനായത്.

ആലുവ-അങ്കമാലി റൂട്ടില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് ഇരുവരും അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ആ വീഡിയോ ഇപ്പോഴാണ് വൈറലായത്. ഷാലിമാര്‍ എക്‌സ്പ്രസ് ആലുവയില്‍ നിന്നും പുറപ്പെട്ട് ഒന്നരകിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നവരെ ലോക്കോ പൈലറ്റുമാര്‍ കണ്ടത്. ഇരുവരും ട്രാക്ക് മുറിച്ചുകടക്കാനാവാതെ പ്രയാസപ്പെടുന്നതാണെന്ന് മനസിലാക്കി എമര്‍ജന്‍സി ബ്രേക്കിട്ടു.

ട്രെയിന്‍ സമീപത്തെത്തിയതും ഇരുവരും ട്രാക്കിനുള്ളിലേക്ക് വീണു. പുറത്തിറങ്ങി നോക്കിയപ്പോള്‍ അടിയിലുണ്ടെന്ന് മനസ്സിലാക്കി. ആദ്യം അവര്‍ പകച്ചു. അതിന് ശേഷം ജീവനുണ്ടെന്ന് മനസ്സിലാക്കി. ലോക്കോപൈലറ്റുമാര്‍ ഇരുവരെയും രക്ഷപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തി. അതി സാഹസികമായിരുന്നു കാര്യങ്ങള്‍. എമര്‍ജന്‍സി ബ്രേക്കിട്ടത് അടക്കം ധൈര്യപൂര്‍വ്വമാണ് അവര്‍ ഇടപെട്ടത്. അതുകൊണ്ട് മാത്രമാണ് രണ്ട് ജീവന്‍ രക്ഷപ്പെട്ടത്. അല്ലെങ്കില്‍ രണ്ടു പേരും അതീവ ഗുരുതരാവസ്ഥയില്‍ ആകുമായിരുന്നു.

അടിന്തിരഘട്ടത്തില്‍ മാത്രമാണ് എമര്‍ജന്‍സി ബ്രേക്കിടാന്‍ അനുവാദമുള്ളത്. ഇത്തരത്തില്‍ എമര്‍ജന്‍സി ബ്രേക്കിടുന്ന സാഹചര്യമുണ്ടായാല്‍ ഉന്നതതലത്തില്‍ വിശദീകരണം നല്‍കുകയും വേണം. ട്രെയിനിന്റെ പിന്‍ഭാഗം ആലുവ പാലത്തിന് മുകളിലായിരുന്നതിനാല്‍ ട്രെയിന്‍ മാനേജര്‍ക്ക് പുറത്തിറങ്ങി സംഭവിച്ചത് മനസിലാക്കാനുള്ള സാഹചര്യവും ഉണ്ടായിരുന്നില്ല.

അതുകൊണ്ടാണ്് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് ലോക്കോപൈലറ്റ് അന്‍വര്‍ ഹുസൈന്‍ പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.