ഫ്‌ലോറിഡ: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനും കാത്തിരിപ്പിനും ഒടുവില്‍ സുനിതാ വില്യംസും സംഘവും ഭൂമിയില്‍ തിരിച്ചെത്തി. ഇന്ത്യന്‍ സമയം 3.27ഓടു കൂടിയാണ് ഡ്രാഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് കടലില്‍ ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. കടലില്‍ പതിച്ച പേടകത്തില്‍ നിന്നും കപ്പലിലേക്ക് മാറ്റിയ യാത്രക്കാരില്‍ അടിയന്തിര പരിശോധനകള്‍ തുടങ്ങി. യാത്രികരെ സ്‌ട്രെച്ചറിലാണ് വൈദ്യ പരിശോധനക്കായി മാറ്റിയത്.

യാത്രികര്‍ അടക്കമുള്ള പേടകമാണ് കപ്പലിലേക്ക് മാറ്റിയത്. കെ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പേടകത്തിന് പുറത്തിറങ്ങിയത്. പേടകത്തില്‍ നിന്നും നിക്ക് ഹേഗ് ആണ് ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പലാണ് പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചത്. ഒന്‍പത് മാസത്തെ കാത്തിരിപ്പിന് വിരാമമിട്ട് സുനിതയും ബുച്ച് വില്‍മോറും തിരികെ എത്തുമ്പോള്‍ സന്തോഷമാണ് എവിടെയും.

വളരെ ഏറെ കൗതുകത്തോടെയാണ് ഇരുവരുടേയും മടങ്ങി വരവിനെ ലോകം ഉറ്റു നോക്കിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. 16 മണിക്കൂര്‍ സഞ്ചരിച്ചാണ് പേടകം ഭൂമിയില്‍ തിരിച്ചെത്തിയത്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്.

എട്ട് ദിവസത്തേക്ക് ബഹിരാകാശത്തേക്ക് പോയ സുനിതയും വില്‍മോറും ഒന്‍പത് മാസമാണ് ബഹിരാകാശ നിലയത്തില്‍ കുടങ്ങിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കുകയാണ്.

സുനിതയെയും ബുച്ചിനെയും ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്സ് സെന്ററിലെത്തിച്ചാണ് വൈദ്യപരിശോധനയ്ക്കു വിധേയരാക്കുന്നത്. ബഹിരാകാശത്ത് ഗുരുത്വാകര്‍ഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേര്‍ക്കും ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്.

ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതികത്തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നടന്നില്ല. ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവര്‍ക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്‌കിന്റെ സ്‌പെയ്സ് എക്‌സുമായി സഹകരിച്ചാണ് നാസ ഇപ്പോഴത്തെ തിരിച്ചുവരവ് സാധ്യമാക്കുന്നത്.