മൂന്ന് മക്കളുടെ പിതാവായ വ്യക്തി മരണമടഞ്ഞത് അമിതമായ അളവില്‍ വെള്ളം കുടിച്ചിട്ടെന്ന് കോടതിയില്‍ മൊഴി. ഹോസ്പിറ്റലിലെ സാധാരണ പരിശോധനക്ക് ശേഷം അമിതമായ അളവില്‍ വെള്ളം കുടിക്കാന്‍ നിര്‍ബന്ധിതനായ ഡുബ്ലിന്‍ സ്വദേശി ഷോണ്‍ ഓ ഡോണെല്‍ എന്ന 59 കാരനാണ് 'വാട്ടര്‍ ഇന്‍ടോക്സിക്കേഷന്‍' മൂലം മരണമടഞ്ഞത്. വൈദ്യശാസ്ത്രപരമായി ഹൈപൊനാട്രേമിയ എന്ന് അറിയപ്പെടുന്ന ഒരു രോഗാവസ്ഥയാണ് ഇത്. കുങ്ഫു ഇതിഹാസം ബ്രൂസ് ലീ മരണമടഞ്ഞതും ഈ രോഗാവസ്ഥ മൂലമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതത്തിന് അത്യന്താപേക്ഷിതമാണെങ്കിലും, അമിതമായ അളവില്‍ വെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് പൊടുന്നനെ കുറയാന്‍ ഇടയാക്കും. ശരീര കോശങ്ങളിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന ഇലക്ട്രോലൈറ്റ് ആണ് സോഡിയം. സോഡിയത്തിന്റെ അളവ് ഒരു പരിധിക്കപ്പുറം കുറഞ്ഞാല്‍, അത് ശരീര കോശങ്ങള്‍ക്ക് ഉള്ളിലും അതിനു ചുറ്റുമായും ജലം അടിഞ്ഞുകൂടാന്‍ ഇടയാക്കും. ഇത് കോശത്തില്‍ വീക്കത്തിന് ഇടയാക്കും.

ഇത് ഏറ്റവും അപകടകരമായ നിലയിലെത്തുന്നത് മസ്തിഷ്‌കത്തിലാണ്. തലയോട്ടിയാല്‍, ശക്തമായി ചുറ്റപ്പെട്ടിരിക്കുന്ന മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് ഒരു പരിധിക്കപ്പുറം വികസിക്കാന്‍ കഴിയില്ല. ഒരു മണിക്കൂറില്‍ 1.4 ലിറ്റര്‍ വെള്ളമോ അതല്ലെങ്കില്‍ നാല് പിന്റുകളോ കഴിച്ചാല്‍ മസ്തിഷ്‌ക്കം ഈ അവസ്ഥയില്‍ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഹൈപോനാട്രേമിയ ബാധിച്ച നാലുപേരില്‍ ഒരാള്‍ വീതം മരണപ്പെടുന്നു എന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

2020 ജനുവരിയില്‍ സാധാരണ ചികിത്സയ്ക്കായി ഡുബ്ലിനിലെ സെയിന്റ് വിന്‍സന്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ഓ ഡോണലിനെ ചികിത്സക്ക് ശേഷം ധാരാളം വെള്ളം കുടിക്കുന്നതിന് നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് ഡുബ്ലിനിലെ കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഇയാള്‍ എത്രമാത്രം വെള്ളം കുടിക്കുന്നു എന്നത് ജീവനക്കാര്‍ നിരീക്ഷിച്ചില്ല. അതേ ദിവസം രാത്രി 7 മണിയോടെ അയാള്‍ മരണമടയുകയും ചെയ്തു. കര്‍ത്തവ്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തി എന്ന് സമ്മതിച്ച ആശുപത്രി അധികൃതര്‍ ഓ ഡോണലിന്റെ കുടുംബത്തിന് 29,500 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി.

ഒരാളില്‍ എത്രമാത്രം വെള്ളം കുടിച്ചാല്‍ ഹൈപോനാട്രേമിയ ബാധിക്കാം എന്നത് ഓരോരോ വ്യക്തികളെ ആശ്രയിച്ച് വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നല്‍കുന്ന നിര്‍ദ്ദേശം ഒരു മണിക്കൂറില്‍ 1.4 ലിറ്ററിലധികം വെള്ളം കുടിക്കരുത് എന്നാണ്. ഇത് വെള്ളത്തിനു മാത്രമല്ല, ദ്രാവക രൂപത്തിലുള്ള എന്തിനും ഇത് ബാധകമാണ്. മാരത്തോണ്‍ താരമായ ഡേവിഡ് റോജേഴ്സ് എന്ന 22 കാരന്‍ 2007 ലെ ലണ്ടന്‍ മാരത്തണിനിടയില്‍ അമിതമായ അളവില്‍ വെള്ളം കുടിച്ചതിനാല്‍ മരണമടഞ്ഞിരുന്നു.

കുങ്ഫു ഇതിഹാസം ബ്രൂസ് ലീ മരണമടഞ്ഞതും അമിതമായ അളവില്‍ വെള്ളം കുടിച്ചതിനാലാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. 1973 ല്‍ ഹോങ്കോംഗില്‍ വെച്ച് തന്റെ മുപ്പത്തി രണ്ടാം വയസ്സിലായിരുന്നു അദ്ദേഹം മരണമടയുന്നത്. മസ്തിഷ്‌ക്ക വീക്കമായിരുന്നു മരണകാരണം. എന്നാല്‍, അന്ന് ഡോക്ടര്‍മാര്‍ അതിനു കാരണമായി പറഞ്ഞത് വേദനാ സംഹാരികളുടെ ഉപയോഗമായിരുന്നു. അടുത്തിടെ ഇതൂമായി നടത്തിയ ചില പഠനങ്ങളാണ് ബ്രൂസ് ലീ അമിതമായ അളവില്‍ വെള്ളം കുടിച്ചിരിക്കാം എന്ന അനുമാനത്തിലെത്തിച്ചത്.