- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഹീത്രു അപകടത്തിന്റെ പേരില്‍ യാത്ര മുടങ്ങിയവര്‍ക്ക് റിഫണ്ടും നഷ്ടപരിഹാരവും കിട്ടുമോ? സബ് സ്റ്റേഷന് അപകടത്തിന്റെ പേരില്‍ ബുദ്ധിമുട്ടുണ്ടായ യാത്രക്കാരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? മലയാളികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ലണ്ടന്‍: സബ്‌സ്റ്റേഷനില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് ഹീത്രൂ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചതോടെ ഹീത്രുവില്‍ നിന്നും യാത്ര തിരിക്കേണ്ടതും, ഇവിടേക്ക് വരാനിരുന്നതുമായ 1350 സര്‍വ്വീസുകള്‍ അവതാളത്തിലായി. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് യാത്രക്കാര്‍ക്ക് കടുത്ത ദുരിതങ്ങളാണ് നല്‍കിയത്. ഇതു കാരണം യാത്ര മുടങ്ങിയവരുടെ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടോ എന്നതടക്കം പല ചോദ്യങ്ങളും ഉയരുന്നുണ്ട്.
ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയനിലും നിലവിലുള്ള ഡിനൈഡ് ബോര്‍ഡിംഗ് റെഗുലേഷന്‍ (ബ്രിട്ടനില്‍ ഇത് യു കെ 261 എന്നും യൂറോപ്യന്‍ യൂണിയനില്‍ ഇ യു 261 എന്നും ഇത് അറിയപ്പെടുന്നു) എന്ന നിയമപ്രകാരം, ബ്രിട്ടനോ, യൂറോപ്യന്‍ യൂണിയനോ ആസ്ഥാനമായ ഒരു എയര്‍ലൈന്‍ കമ്പനിയുടെ വിമാനത്തിലാണ് സഞ്ചരിക്കുന്നതെങ്കില്‍, അല്ലെങ്കില്‍ ബ്രിട്ടനിലെയോ യൂറോപ്യന്‍ യൂണിയനിലെയോ ഒരു വിമാനത്താവളത്തില്‍ നിന്നാണ് നിങ്ങളുടെ യാത്ര ആരംഭിച്ചതെങ്കില്‍, ഹീത്രൂവിലെ അപകടവുമായി ബന്ധപ്പെട്ട് നിങ്ങളുടെ വിമാനം റദ്ദാക്കുകയോ റദ്ദാക്കാന്‍ പോവുകയോ ആണെങ്കില്‍ നിങ്ങള്‍ക്ക് കമ്പനിയുടെ സഹായം ലഭിക്കും.
താമസ സൗകര്യം ഉള്‍പ്പടെയുള്ള പാക്കേജ് ഹോളിഡെ ആണ് ബുക്ക് ചെയ്തിരിക്കുന്നത് എങ്കില്‍, പാക്കേജ് ട്രാവല്‍ റെഗുലേഷനുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അധിക സംരക്ഷണം ലഭിക്കും. നിങ്ങളുടെ വിമാനം റദ്ദ് ചെയ്തിട്ടുണ്ടെങ്കില്‍, പണം മുഴുവന്‍ മടക്കി തരാന്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍, റീറൂട്ടിംഗ് എന്ന് പൊതുവെ പറയുന്ന പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കമ്പനിയോട് ആവശ്യപ്പെടാം. പകരം സംവിധാനം ആണ് ആവശ്യപ്പെടുന്നതെങ്കില്‍, നിങ്ങള്‍ക്കായി അത് ഒരുക്കാന്‍ കമ്പനി ബാദ്ധ്യസ്ഥമാണ്. കമ്പനി ഒരുക്കുന്ന സര്‍വ്വീസിനേക്കാള്‍ വേഗത്തില്‍ മറ്റൊരു വിമാന കമ്പനിയുടെ വിമാനമുണ്ടെങ്കിലോ, അതല്ല, ട്രെയിന്‍ , ബസ്സ് തുടങ്ങി മറ്റ് ഗതാഗത സംവിധാനങ്ങള്‍ ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് അതില്‍ ബുക്ക് ചെയ്ത് നല്‍കാന്‍ കമ്പനിയോട് ആവശ്യപ്പെടാം.
അതേസമയം നിങ്ങള്‍ യു കെയില്‍ ജീവിക്കുന്ന വ്യക്തിയും, വിമാനം റദ്ദ് ചെയ്യപ്പെട്ട സമയം നിങ്ങള്‍ വീട്ടിലായിരുന്നു എങ്കില്‍, അല്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്നും അധികം ദൂരെയല്ലാതെയാണ് നിങ്ങള്‍ താമസിക്കുന്നതെങ്കില്‍, നിങ്ങള്‍ക്ക് താമസ സൗകര്യം കമ്പനി നല്‍കുകയില്ല. എന്നാല്‍, പകരം ഒരുക്കിയ വിമാന സര്‍വ്വീസ് അതിരാവിലെയാണ് പുറപ്പെറ്റുന്നതെങ്കില്‍ നിങ്ങള്‍ക്ക് വിമാനത്താവളത്തിനടുത്തായി താമസം ഏര്‍പ്പെടുത്താന്‍ ആവശ്യപ്പെടാം. അതുപോലെ നിങ്ങളുടെ വിമാനം വഴിതിരിച്ച്, വീട്ടില്‍ നിന്നും ഏറെ ദൂരെയുള്ള വിമാനത്താവളത്തിലിറങ്ങിയാലും നിങ്ങള്‍ക്ക് താമസ സൗകര്യം ആവശ്യപ്പെടാം.
അതേസമയം, നിങ്ങള്‍ യു കെയില്‍ സന്ദര്‍ശനത്തിനെത്തിയ വ്യക്തിയാണെങ്കില്‍ നിയമം തീര്‍ത്തും വ്യത്യസ്തമാണ്. ഹീത്രൂവിലെ അപകടം കാരണം നിങ്ങളുടെ വിമാനം റദ്ദാക്കപ്പെട്ടാല്‍, ഡിനൈഡ് ബോര്‍ഡിംഗ് റെഗുലേഷനുകള്‍ അനുസരിച്ച്, അടുത്ത വിമാനം പുറപ്പെടുന്നതുവരെ നിങ്ങള്‍ക്ക് സൗജന്യ താമസത്തിന് അവകാശം ലഭിക്കുന്നുണ്ട്. വിമാനക്കമ്പനി താമസ സൗകര്യം ഒരുക്കിയില്ലെങ്കില്‍, അതിനായി നിങ്ങള്‍ ചെലവഴിക്കുന്ന തുക പൂര്‍ണ്ണമായും തിരികെ തരാന്‍ കമ്പനി ബാദ്ധ്യസ്ഥമാണ്. വിമാനം റദ്ദാക്കിയതിനാല്‍, നിങ്ങള്‍ വിമാനത്തിലോ വിമാനത്താവളത്തിലോ കുടുങ്ങിയാല്‍ നിങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ പാനീയങ്ങള്‍ നല്‍കാന്‍ നിയമപ്രകാരം വിമാനക്കമ്പനിക്ക് ബാദ്ധ്യതയുണ്ട്.
അതുപോലെ, നിങ്ങള്‍ യു കെയില്‍ താമസിക്കുന്ന വ്യക്തിയാണെങ്കില്‍, നിങ്ങളുടെ യാത്ര ഈ അപകടം കാരണം മുടങ്ങിയാല്‍, താമസ സൗകര്യം പോലെ ഇതും നിങ്ങള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. ഭക്ഷണ പാനീയങ്ങള്‍ക്ക് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയും എന്നാല്‍, വിമാനക്കമ്പനി അത് നല്‍കാതിരിക്കുകയും ചെയ്യുകയാണെങ്കില്‍ അതിനായി നിങ്ങള്‍ ചെലവഴിക്കുന്ന തുക നിങ്ങള്‍ക്ക് വിമാനക്കമ്പനിയില്‍ നിന്നും തിരികെ ലഭിക്കും. എന്നാല്‍, ഇതിനായി നിങ്ങള്‍ വാങ്ങുന്ന സാധനങ്ങളുടെ ബില്ല് കരുതണം എന്നത് പ്രത്യേകം ഓര്‍ക്കുക.
ഈ നിയമമനുസരിച്ച് യാത്രാ ദിവസത്തിന് 14 ദിവസം മുന്‍പെങ്കിലും സര്‍വ്വീസ് റദ്ദ് ചെയ്താല്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല. എന്നാല്‍, 14 ദിവസത്തിനുള്ളിലാണ് റദ്ദാക്കപ്പെടുന്നതെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. എന്നാല്‍, നിയമത്തില്‍ പ്രതിപാദിച്ചിരിക്കുന്ന 'അസാധാരണമായ സാഹചര്യങ്ങള്‍' എന്ന നിര്‍വചനത്തില്‍ ഈ അപകടം പെടുമെന്നതിനാല്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാനക്കമ്പനികള്‍ക്ക് ബാദ്ധ്യത ഉണ്ടായിരിക്കുന്നതല്ല. അതുപോലെ, ഒരു ഹോളിഡെ പാക്കേജിലാണ് നിങ്ങള്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍, അവര്‍ അത് മറ്റൊരു ദിവസത്തേക്ക് പുനഃക്രമീകരിക്കുകയോ അല്ലെങ്കില്‍ തുക പൂര്‍ണ്ണമായി മടക്കി നല്‍കുകയോ ചെയ്യും. ഇവിടെയും അസാധാരണ സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ നഷ്ടപരിഹാരം അവകാശപ്പെടാന്‍ കഴിയില്ല.
നിങ്ങള്‍ കണക്റ്റിംഗ് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുവാനാണ് തീരുമാനിച്ചിരുന്നതെങ്കില്‍, നിങ്ങള്‍ ടിക്കറ്റ് ബുക്ക് ചെയ്ത രീതി അനുസരിച്ചായിരിക്കും റീഫണ്ട്. ആദ്യ ഫ്‌ലൈറ്റിലെയും കണക്റ്റിംഗ് ഫ്‌ലൈറ്റിലെയും ടിക്കറ്റുകള്‍ ഒരുമിച്ചു ബുക്ക് ചെയ്ത ത്രൂ ടിക്കറ്റ് ആണെങ്കില്‍ നിങ്ങള്‍ക്ക് രണ്ട് ടിക്കറ്റുകളുടെയും പണം പൂര്‍ണ്ണമായും മടക്കി ലഭിക്കും. ഈ ടിക്കറ്റുകള്‍ ഒരേ വിമാനക്കമ്പനിയുടേത് ആകണമെന്നില്ല. ബുക്കിംഗ് നമ്പര്‍ മാത്രം ഒന്നായാല്‍ മതി. അതല്ല, വ്യത്യസ്ത ടിക്കറ്റുകളാണ് ബുക്ക് ചെയ്തിട്ടുള്ളതെങ്കില്‍, കണക്റ്റിംഗ് ഫ്‌ലൈറ്റിന്റെ ചാര്‍ജ്ജ് മടക്കി ലഭിക്കില്ല.