തിരുവനന്തപുരം: നിറത്തിന്റെ പേരില്‍ അപമാനിക്കപ്പെട്ടുവെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറയുമ്പോള്‍ പ്രതികൂട്ടില്‍ നില്‍ക്കുന്നത് ആര്? ആരാണ് തന്നെ അപമാനിച്ചതെന്ന് പറയാന്‍ ചീഫ് സെക്രട്ടറി തയ്യാറല്ല. ഏഷ്യാനെറ്റ് ന്യൂസിലെ തല്‍സമയ ചര്‍ച്ചയില്‍ ശാരദാ മുരളീധരന്‍ തന്നെ എല്ലാം തുറന്നു പറഞ്ഞു. ബ്യൂറോക്രസിയില്‍ നിന്നാണാ ആ കമന്റ് വന്നതെന്ന ചോദ്യത്തോട് അത് ഞാന്‍ പറയുന്നില്ലെന്നാണ് ചീഫ് സെക്രട്ടറി പ്രതികരിച്ചത്. ഭര്‍ത്താവ് കൂടിയായ മുന്‍ ചീഫ് സെക്രട്ടറി വേണുവാണ് വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ചയാക്കാനുള്ള ധൈര്യം തന്നതെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. സമൂഹം ഈ വിഷയം ചര്‍ച്ചയാക്കിയിട്ടും പറഞ്ഞയാള്‍ ഇതുവരെ വിളിക്കുകയോ മാപ്പു പറയുകയോ ചെയ്തില്ലെന്നും ശാരദാ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. നിറം കറുപ്പായത് വളരെ മോശമായ എന്തോ കാര്യമാണെന്ന രീതിയിലാണ് പരാമര്‍ശങ്ങളെന്നും, അതില്‍ പലതും വേദനിപ്പിക്കുന്നതാണെന്നും ശാരദാ മുരളീധരന്‍ പങ്കുവച്ച ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. തന്റെയും മുന്‍ഗാമിയുടെയും നിറം താരതമ്യം ചെയ്തു. തന്റെ സുഹൃത്താണ് ഭര്‍ത്താവായ( വി. വേണു) മുന്‍ഗാമിയുമായി തന്നെ താരതമ്യം ചെയ്തത്. ചീഫ് സെക്രട്ടറിയായി ചുമതല ഏറ്റെടുത്തത് മുതല്‍ ഈ താരതമ്യം നേരിടേണ്ടി വരുന്നു. കറുപ്പ് മനോഹരമാണെന്ന് പറഞ്ഞാണ് ശാരദ മുരളീധരന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. ഇത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്.

''ചീഫ് സെക്രട്ടറി എന്ന നിലയില്‍ എന്റെ കാലഘട്ടം കറുത്തതും എന്റെ മുന്‍ഗാമിയായ ഭര്‍ത്താവിന്റെ കാലഘട്ടം വെളുത്തതം എന്ന രീതിയില്‍ കൗതുകകരമായൊരു കമന്റ് ഇന്നലെ കണ്ടു'' എന്നൊരു കുറിപ്പ് ചൊവ്വാഴ്ച രാവിലെ ശാരദ മുരളീധരന്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതു പിന്നീട് പിന്‍വലിച്ചെങ്കിലും, പിന്നീട് കൂടുതല്‍ വിശദീകരണം സഹിതം ഇത് വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നാലെയാണ് ഏഷ്യാനെറ്റ് ന്യൂസില്‍ തല്‍സമയം എത്തി ചീഫ് സെക്രട്ടറി പ്രതികരിച്ചത്. എന്റെ നിറത്തില്‍ എനിക്ക് സന്തോഷമെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി സംസാരിച്ചു തുടങ്ങിയത്. പുരോഗമന കേരളം എന്ന ലക്ഷ്യത്തിലേക്ക് പോവുകയാണെന്നും ആ തുടര്‍ക്കഥയിലെ ചാപ്റ്റര്‍ മാത്രമാണിതെന്നും ശാരദ മുരളീധരന്‍ പറഞ്ഞു. ഒരിക്കലും ജോലിയെ വര്‍ണ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായിരുന്നു പരാമര്‍ശം. പറഞ്ഞ ആള്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. ആരാണ് ഇങ്ങനെ പറഞ്ഞതെന്ന് പറയില്ലെന്നും അറിയാതെ ഇരിക്കട്ടെയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ചര്‍ച്ചയാകുമെങ്കില്‍ ഇക്കാര്യം പ്രതികരിക്കേണ്ടതല്ലേയെന്നും അവര്‍ ചോദിച്ചു. മക്കളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. അമ്മ സ്മാര്‍ട്ടാണെന്ന് മക്കള്‍ എപ്പോഴും പറയും. കുട്ടികളാണ് എപ്പോഴും ധൈര്യം തരുന്നത്. എന്റെ സൗന്ദര്യസങ്കല്‍പ്പത്തിലും വസ്ത്രധാരണത്തിലും വരെ അവരുടെ സ്വാധീനമുണ്ട്. നിറത്തിന്റെ പ്രശ്‌നം അനുഭവിച്ചവരെ സംബന്ധിച്ച് ഇത് വലിയ വിഷയമാണ്. കറുപ്പ് ഏഴ് അഴകെന്നത് ആശ്വാസ വാക്കാണ്. പ്രസവിക്കുമ്പോള്‍ കുട്ടി വെളുത്തിരിക്കണമെന്ന് പലരും പറയും. കറുത്തതാകുമ്പോള്‍ ആശ്വാസവാക്കു പറയും. ആദ്യം പോസ്റ്റ് പിന്‍വലിച്ചിരുന്നു. വേണു പിന്തുണ നല്‍കയതോടെയാണ് വീണ്ടും പോസ്റ്റിട്ടത്. ഇത് സമൂഹത്തില്‍ വരേണ്ട മാറ്റമാണ്. പലര്‍ക്കും നിറം കറുപ്പായതിനാല്‍ ജോലി നഷ്ടമായിട്ടുണ്ട്. മനസില്‍ ഒന്നും കൊണ്ടു നടക്കില്ല. അതുകൊണ്ടാണ് മുന്നോട്ടു പോകുന്നതെന്നും ശാരദ മുരളീധരന്‍ തത്സമയം പ്രതികരിക്കവേ വ്യക്തമാക്കി.

ആരാണ് അപമാനിച്ചത് എന്ന് ശാരദാ മുരളീധരന്‍ പറഞ്ഞിരുന്നുവെങ്കില്‍ വിവാദത്തിലെ വസ്തുത പുറത്തുവരുമായിരുന്നു. അതിന് ചീഫ് സെക്രട്ടറി തയ്യാറാകാതിരിക്കുമ്പോള്‍ ചിരിക്കുന്നത് ബോഡി ഷെയിം ചെയ്ത വില്ലനാണ്. ശാരദാ മുരളീധരനെ പോലെ സമൂഹം ഏറെ അംഗീകരിക്കുന്ന വ്യക്തി ആ പരാമര്‍ശക്കാരനേയും തുറന്നു കാട്ടണമെന്ന ആവശ്യം പൊതുസമൂഹത്തില്‍ സജീവമാണ്. പേര് മറച്ചു വയ്ക്കുന്നതു കൊണ്ട് തന്നെ ഒളിമറയില്‍ ഇരുന്ന് ആ വില്ലന്‍ ചിരിക്കുകയാണെന്നതാണ് വസ്തുത.

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും;

''ഇന്ന് രാവിലെ(ബുധനാഴ്ച) ഞാന്‍ ഇട്ട ഒരു പോസ്റ്റാണിത്, പിന്നീട് പ്രതികരണങ്ങളുടെ ബാഹുല്യം കണ്ട് ഞാന്‍ അസ്വസ്ഥനായി ഡിലീറ്റ് ചെയ്തു. ചര്‍ച്ച ചെയ്യേണ്ട ചില കാര്യങ്ങള്‍ അവിടെയുണ്ടെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതിനാലാണ് ഞാന്‍ ഇത് വീണ്ടും പോസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴു മാസവും തന്റെ മുന്‍ഗാമിയുമായുള്ള (ഭര്‍ത്താവ് വി. വേണു) താരതമ്യങ്ങളുടെ കുത്തൊഴുക്കായിരുന്നു. നിറത്തിന്റെ കാര്യത്തിലാണ് പ്രധാന താരതമ്യം. കൂടെ പരോക്ഷമായി സ്ത്രീവിരുദ്ധതയുമുണ്ടെന്നും ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

കറുപ്പ് ഒരു നിറമാണ്. പക്ഷേ, നല്ല കാര്യങ്ങള്‍ സൂചിപ്പിക്കാന്‍ ഒരിക്കലും അതുപയോഗിക്കാറില്ല. എപ്പോഴും മോശം കാര്യങ്ങളാണ് കറുപ്പ് ഉപയോഗിച്ച് പരാമര്‍ശിക്കപ്പെടുന്നത്. അതിന്റെ ആവശ്യമെന്താണെന്നും അവര്‍ ചോദിക്കുന്നു. സര്‍വവ്യാപിയായ പ്രപഞ്ചസത്യം എന്നാണ് കറുപ്പിനെ അവര്‍ വിശേഷിപ്പിക്കുന്നത്. എന്തിനെയും സ്വാംശീകരിക്കാന്‍ കറുപ്പിനു സാധിക്കും, മനുഷ്യരാശിക്കു പരിചിതമായ ഏറ്റവും ശക്തമായ ഊര്‍ജത്തിന്റെ മിടിപ്പാണത്. ഓഫിസിലെ ഡ്രസ് കോഡിനും വൈകുന്നരത്തെ സവാരിക്കും എന്നിങ്ങനെ എല്ലാവര്‍ക്കും പറ്റുന്ന നിറം, കണ്‍മഷിയുടെ സത്ത, മഴയുടെ വാഗ്ദാനം കൂടിയാണ് കറുപ്പ്. അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക് മടങ്ങിപ്പോയി വെളുത്ത് സുന്ദരിയായി തിരിച്ചുവരാന്‍ സാധിക്കുമോ എന്ന് നാലാം വയസില്‍ താന്‍ അമ്മയോടു ചോദിച്ചിട്ടുണ്ടെന്നും ശാരദ അനുസ്മരിക്കുന്നു. നല്ലതല്ലാത്ത നിറമുള്ളവള്‍ എന്ന വിലാസവും പേറിയാണ് അമ്പത് വര്‍ഷമായി ജീവിക്കുന്നത്. കറുപ്പിന്റെ സൗന്ദര്യവും മൂല്യം തിരിച്ചറിയപ്പെടാതെ പോകുന്നു. വെളുത്ത നിറത്തോടാണ് ആകര്‍ഷണം.

എന്നാല്‍, കറുപ്പിന്റെ പൈതൃകത്തില്‍ അഭിമാനിക്കുന്നവരാണ് തന്റെ കുട്ടികളെന്നും ശാരദ മുരളീധരന്‍ കൂട്ടിച്ചേര്‍ക്കുന്നു. താന്‍ കാണാത്തിടത്ത് അവര്‍ക്ക് സൗന്ദര്യം കണ്ടെത്താന്‍ സാധിച്ചു. കറുപ്പ് ഗംഭീരമാണെന്നു ചിന്തിക്കുന്നവരാണവര്‍. കറുപ്പിന്റെ സൗന്ദര്യം തിരിച്ചറിയാന്‍ എന്ന പഠിപ്പിച്ചത് അവരാണെന്നും.