വില്‍നിയസ്: ലിത്വാനിയയില്‍ പരിശീലനത്തിനിടെ കാണാതായ നാല് അമേരിക്കന്‍ സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തി. മൂന്നാം കാലാള്‍പ്പട വിഭാഗത്തിലെ ഒന്നാം ബ്രിഗേഡ് അംഗങ്ങളാണ് മരിച്ചത്.

അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന ഏറ്റവും വലിയ കവചിത വാഹനങ്ങളിലൊന്നായ എം 88 വീണ്ടെടുക്കല്‍ വാഹനത്തിലാണ് നാലുസൈനികരും സഞ്ചരിച്ചിരുന്നത്. വാഹനം ജലാശയത്തില്‍ വീണ് അപകടത്തില്‍ പെട്ടുവെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 4.45 ഓടെ പബ്രാദെ എന്ന സ്ഥലത്തെ പരിശീലന പരിപാടിക്ക് ശേഷമാണ് സൈനികരെ കാണാതായതായി വിവരം കിട്ടിയത്. ഇതേ തുടര്‍ന്ന് യുഎസ് സൈനികരും ലിത്വാനിയന്‍ അധികൃതരും ചേര്‍ന്ന് വിപുലമായ ചര്‍ച്ച നടത്തി. ബെലാറസ് അതിര്‍ത്തിക്കടുത്താണ് സൈനികര്‍ പോയ പബ്രാദെയിലെ പരിശീലന മൈതാനം.

സംഭവത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബാള്‍ട്ടിക് രാജ്യങ്ങളും റഷ്യയും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ലിത്വാനിയന്‍ സേനയുമായി സംയുക്ത പരിശീലനത്തിലേര്‍പ്പെട്ടിരിക്കുകയാണ് അമേരിക്കന്‍ സേന. അയല്‍ക്കാരായ ലാറ്റ്വിയയ്ക്കും എസ്റ്റോണിയയ്ക്കും ഒപ്പം 1990 ല്‍ സോവിയറ്റ് യൂണിയനില്‍ നിന്ന് വേര്‍പിരിഞ്ഞതാണ് ലിത്വാനിയ. നാറ്റോ അംഗങ്ങളായ ഈ രാജ്യങ്ങളും റഷ്യയുമായുള്ള ബന്ധം സംഘര്‍ഷഭരിതമാണ്.