വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹമോചനം ആവശ്യപ്പെട്ട വരന്‍ ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് അതി വിചിത്രമായ കാരണമാണ്. വിവാഹദിനം വധു കുളമാക്കി എന്നതിന് വരന്‍ ചൂണ്ടിക്കാട്ടുന്ന കാരണങ്ങള്‍ ആരേയും ഞെട്ടിപ്പിക്കുന്നതാണ്. നാല്‍പ്പത്തിനാലാമത്തെ വയസിലാണ് കേസ് കൊടുത്തയാള്‍ വിവാഹിതനാകുന്നത്.ഭാര്യക്ക് പ്രായം നാല്‍പ്പത്തിരണ്ടും. വളരെക്കാലമായി കാത്ത് കാത്തിരുന്ന കല്യാണമായിരുന്നു ഇത്. വിവാഹ ദിവസം വധു കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ തനിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തത് ആയിരുന്നു എന്നാണ് വരന്‍ പറയുന്നത്.

അതിന് നിരവധി കാരണങ്ങളും ഇയാള്‍ ചൂണ്ടിക്കാട്ടുന്നു. സന്തോഷിക്കേണ്ട ദിവസം തനിക്ക് കാര്‍മേഘങ്ങള്‍ നിറഞ്ഞ ദിവസമായിട്ടാണ് അനുഭവപ്പെട്ടത് എന്നാണ് ഇയാളുടെ പരാതി. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് വധു തലമുടിയുടെ നിറം മാറ്റിയിരുന്നു. ഇത് തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും വധുവിനെ മറ്റൊരാളിനെ പോലെയാണ് തോന്നിച്ചതെന്നും ഇയാള്‍ പറയുന്നു. നേരത്തേ വളരെ സാധാരണക്കാരിയായി അഥവാ അയല്‍പക്കത്തെ പെണ്‍കുട്ടിയെ പോലെ നടന്നിരുന്ന വധു പെട്ടെന്ന് തന്നെ രൂപമാറ്റം വരുത്തിയതായും വരന്‍ കുറ്റപ്പെടുത്തുന്നു.

അടിവസ്ത്രങ്ങള്‍ പോലും കാണുന്ന തരത്തില്‍ നേര്‍ത്ത വസ്ത്രങ്ങളാണ് വിവാഹ വേളയില്‍ വധു ധരിച്ചിരുന്നത്. ഈ കാഴ്ച തന്നെ സ്തബ്ധനാക്കി എന്നാണ് പരാതി. ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയ പുരുഷന്‍മാരായ ചില അതിഥികള്‍ പോലും ഈ കാഴ്ച കണ്ട് ലജ്ജിച്ച് തലതാഴ്ത്തി എന്നാണ് വരന്‍ വിശദീകരിക്കുന്നത്.കൂടാതെ വധു ധരിച്ചിരുന്നത് ശരീരത്തിന്റെ നിറമുള്ള കനം കുറഞ്ഞ വസ്ത്രങ്ങളും ആയിരുന്നു. വധുവിന്റെ കാലുകളും അടിവസ്ത്രങ്ങളും എല്ലാം വ്യക്തമായി കാണാന്‍ കഴിയുമായിരുന്ന തരത്തിലായിരുന്നു എന്നാണ് വരന്‍ പറയുന്നത്. വധുവിന്റെ സെക്സ് അപ്പീല്‍ വിവാഹരാത്രിക്ക് വേണ്ടിയാണെന്നും അല്ലാതെ നാട്ടുകാര്‍ക്ക് കാണാന്‍ വേണ്ടിയല്ല എന്നുമാണ് തന്റെ നിലപാട് എന്നാണ് ഇയാളുടെ വാദം.

ചടങ്ങില്‍ പങ്കെടുത്ത പല ബന്ധുക്കളും സുഹൃത്തുക്കളും വധുവില്‍ നിന്ന് അകലം പാലിച്ചത് ഇക്കാരണം കൊണ്ടാണെന്നും വരന്‍ വിശദീകരിക്കുന്നു. തന്റെ കുടുംബം മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കുന്നവര്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് കൂടാതെ വധു പല അതിഥികളില്‍ നിന്നും പണം വാങ്ങിയതാണ് തന്നെ ഏറ്റവുമധികം വിഷമിപ്പിച്ചതെന്നാണ് ഭര്‍ത്താവ് പറയുന്നത്. അതിഥികളില്‍ നിന്ന് പണം പിരിക്കില്ലെന്ന് നേരത്തേ തന്ന ഉറപ്പ് ഭാര്യ പാലിച്ചില്ല എന്നാണ് ഭര്‍ത്താവ് പറയുന്നത്.

പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വധുവിന്റെ അടുത്ത കൂട്ടുകാരി പോലും വിവാഹത്തില്‍ പങ്കെടുത്തില്ല എന്ന കാര്യവും വരന്‍ വെളിപ്പെടുത്തി. താന്‍ ചതിക്കപ്പെട്ടതായിട്ടാണ് അയാള്‍ ഇപ്പോള്‍ പറയുന്നത്. സമൂഹമാധ്യമങ്ങളില്‍ നിരവധി പേര്‍ ഭര്‍ത്താവിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.