പെരുമ്പാവൂര്‍: മലപ്പുറം ചട്ടിപ്പറമ്പില്‍ വീട്ടിലെ പ്രസവത്തെ തുടര്‍ന്നു യുവതി മരിക്കാനിടയായ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ബന്ധുക്കളും നാട്ടുകാരും രംഗത്ത്. മലപ്പുറം ചട്ടിപ്പറമ്പില്‍ താമസിക്കുന്ന സിറാജുദ്ദീന്റെ ഭാര്യയും പെരുമ്പാവൂര്‍ അറക്കപ്പടി കൊപ്രമ്പില്‍ വീട്ടില്‍ പരേതനായ ഇബ്രാഹിം മുസ്‌ലിയാരുടെ മകളുമായ അസ്മ (35) മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്. ചികിത്സ കിട്ടാതെയാണ് മരിച്ചതെന്ന് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇത് മലപ്പുറം പൊലീസിന് കൈമാറും.

മന്ത്രവാദ ചികിത്സയും ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്ന ഭര്‍ത്താവ് പ്രസവവേദന അനുഭവപ്പെട്ടിട്ടും യുവതിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നാണ് ആരോപണം. ആലപ്പുഴ സ്വദേശിയായ സിറാജുദ്ദീന്‍ ചികിത്സയടക്കം യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുന്നയാളാണ്.

യുവതിയുടെ മൃതദേഹവുമായി പെരുമ്പാവൂരിലെ വീട്ടിലെത്തിയ യുവാവിനെ ബന്ധുക്കള്‍ ചോദ്യം ചെയ്യുന്നതിന്റെയും മറുപടിയില്ലാതെ ഉത്തരംമുട്ടി നില്‍ക്കുന്ന സിറാജുദ്ദീന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇതിനിടെ പുറത്തുവന്നു.

''നീ ചുട്ട കോഴിയെ പറപ്പിക്കുന്നവനല്ലേ, ഈ കൊച്ചിന് ജീവന്‍ കൊടുക്കടാ. ജീവന്‍ കൊടുക്കടാ. നീ ഫോണ്‍ വിളിച്ചോ. എപ്പഴാ വിളിച്ചത്. വണ്ടിക്ക് വേണ്ടി എപ്പഴാ വിളിച്ചത് എന്നിങ്ങനെ ബന്ധുക്കളുടെ ചോദ്യത്തിന് മുന്നില്‍ സിറാജൂദ്ദീന് ഉത്തരമില്ലായിരുന്നു.

പ്രസവം കഴിഞ്ഞപ്പോള്‍ ശ്വാസം മുട്ടു വന്നു. പെട്ടെന്ന് ഞാന്‍ അവരെ വിളിച്ചു. ശ്വാസം മുട്ടാണെന്ന് പറഞ്ഞു. വെറെ കുഴപ്പം ഒന്നുമില്ല. ഞാന്‍ വിചാരിച്ചു

നിന്റെ തള്ള വന്നോ.

പറയുന്നത് കേള്‍ക്ക്, കുഴപ്പമൊന്നുമില്ലാ എന്ന് പറഞ്ഞ് അവള്‍ കിടന്നു. പിന്നെ നോക്കുമ്പോള്‍ അനങ്ങുന്നില്ല. അപ്പോഴാണ് ഞാന്‍....

ശ്വാസം മുട്ടു വന്നപ്പോഴാണ് ഞാന്‍ വിളിച്ചത്.....

മോനോട് ചോദിച്ച് നോക്ക്......

മോനോടല്ല, നിന്നോടാണ് ഞങ്ങള്‍ക്ക് ചോദിക്കാനുള്ളത്. അവനോട് എന്താണ് പറഞ്ഞുകൊടുത്ത് പഠിപ്പിച്ചതെന്ന് ഞങ്ങള്‍ക്ക് അറിയില്ലല്ലോ.

ഇവന്റെ വീഡിയോ എടുത്തോ കേട്ടോ, അവന്റെ മടവൂര്‍ ഖാഫിലയില്‍ ഇടാനുള്ളതാണ്. ഇവര്‍ക്കൊക്കെ ഇതിനു വീതം ഉള്ളതാണ്.

നീ ജീവന്‍ കൊടുപ്പിച്ച് താ.... നീ ചുട്ട കോഴിനെ പറപ്പിക്കുന്ന ആളല്ലെ.....

യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. യുവതി മരിച്ച വിവരം ആദ്യം ഇയാള്‍ ആലപ്പുഴയിലെ സുഹൃത്തിനെയാണ് അറിയിച്ചത്. പിന്നീടാണ് യുവതിയുടെ ബന്ധുക്കളോട് പറഞ്ഞത്. യുവതിയുടെ മൃതദേഹവുമായി സിറാജുദ്ദീനും അഞ്ച് സുഹൃത്തുക്കളും ഞായറാഴ്ച രാവിലെ അറക്കപ്പടിയിലെത്തിയപ്പോള്‍ ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായി.

ക്ഷുഭിതരായ വീട്ടുകാര്‍ സിറാജുദ്ദീനോട് തട്ടിക്കയറി. തങ്ങളെ മര്‍ദിച്ചെന്നാരോപിച്ച് സിറാജുദ്ദീനും സുഹൃത്തുക്കളും പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ സിറാജുദ്ദീനും സുഹൃത്തുക്കളും മര്‍ദിച്ചതായി യുവതിയുടെ ബന്ധുക്കളും പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

യുവതിയുടെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിലെത്തിച്ചു രഹസ്യമായി സംസ്‌കരിക്കാനുള്ള നീക്കം പൊലീസ് തടയുകയായിരുന്നു. മൃതദേഹം പൊലീസ് ഏറ്റെടുത്തു താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കളമശേരി മെഡിക്കല്‍ കോളജില്‍ തിങ്കളാഴ്ച പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം പെരുമ്പാവൂരില്‍ കബറടക്കും.

പെരുമ്പാവൂര്‍ അറയ്ക്കപ്പടി പ്ലാവിന്‍ ചുവട് കൊപ്രമ്പില്‍ കുടുംബാംഗവും മലപ്പുറം ചട്ടിപ്പറമ്പ് സിറാജ് മന്‍സിലില്‍ സിറാജുദീന്റെ ഭാര്യയുമായ അസ്മ (35) ആണ് മരിച്ചത്. പ്രസവാനന്തരം പ്രശ്‌നങ്ങള്‍ നേരിട്ടെങ്കിലും ആശുപത്രിയില്‍ എത്തിക്കുകയോ നവജാത ശിശുവിനെ പരിചരിക്കുകയോ ചെയ്തില്ലെന്ന യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. നവജാത ശിശുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച വൈകിട്ട് 6 ന് പ്രസവിച്ച അസ്മ, രാത്രി 9 ന് മരിച്ചു. ഈ വിവരം രാത്രി 12 ന് ആണ് അസ്മയുടെ വീട്ടില്‍ അറിയിച്ചത്. മൃതദേഹവും നവജാതശിശുവുമായി സിറാജുദീന്‍ അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ആംബുലന്‍സില്‍ ഞായറാഴ്ച രാവിലെ 7 ന് യുവതിയുടെ വീട്ടില്‍ എത്തി. കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാതെ ഉണങ്ങിയ ചോരപ്പാടുകളുമായി വീട്ടിലെത്തിയപ്പോള്‍ ബന്ധുക്കളായ സ്ത്രീകള്‍ ചോദ്യം ചെയ്തു. തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ പരുക്കേറ്റ സിറാജുദ്ദീനും അസ്മയുടെ ബന്ധുക്കളായ സ്ത്രീകളും ഉള്‍പ്പെടെ 11 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അക്യുപങ്ചര്‍ ബിരുദം നേടിയിട്ടുള്ളവരാണ് സിറാജുദ്ദീനും അസ്മയും. മടവൂര്‍ കാഫില എന്ന പേരില്‍ യുട്യൂബ് ചാനല്‍ നടത്തുന്ന സിറാജുദീന്‍ അമാനുഷികമായ സിദ്ധികളുള്ള വ്യക്തിയായി സ്വയം പ്രചരിപ്പിക്കുന്നതായി അസ്മയുടെ ബന്ധുക്കള്‍ ആരോപിച്ചു. അസ്മയുടെ അഞ്ചാം പ്രസവമായിരുന്നു. ആദ്യ രണ്ടെണ്ണം ആശുപത്രിയിലും പിന്നെ മൂന്നെണ്ണം വീട്ടിലുമാണ് നടന്നത്. അസ്മയുടെ മറ്റ് മക്കള്‍: മുഹമ്മദ് യാസിന്‍, അഹമ്മദ് ഫൈസല്‍, ഫാത്തിമത്തുല്‍ സഹറ, അബുബക്കര്‍ കദീജ.