ന്യൂഡല്‍ഹി: മുനമ്പത്ത് പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന് മാത്രമേ കഴിയൂവെന്ന് മുസ്ലീം ലീഗും തിരിച്ചറിഞ്ഞു. ഇത് ഇടതുപക്ഷ സര്‍ക്കാരിന് ഇനി വലിയ സമ്മര്‍ദ്ദമായി മാറും. മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് മുസ്ലിം ലീഗ് പരസ്യമായി ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമംകൊണ്ട് മുനമ്പത്തെ പ്രശ്‌നങ്ങള്‍ തീരില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുനമ്പത്തേത് സംസ്ഥാന വിഷയമാണ്. 100 ശതമാനം സംസ്ഥാനത്തുതന്നെ പരിഹരിക്കാവുന്നതേയുള്ളൂ. പരസ്പരധാരണ ഉണ്ടായാല്‍ തീരുന്ന വിഷയമാണ്. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ അതു ചെയ്യാനാകും. എല്ലാവരെയും വിളിച്ചുകൂട്ടിയാല്‍ അതുസാധ്യമാകുമെന്നാണ് ലീഗിന്റെ അഭിപ്രായം. കേന്ദ്രം വഖഫ് ബില്‍ പാസാക്കാന്‍ കാത്തുനില്‍ക്കാതെ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമായിരുന്നു. കമ്മിഷനെ വെക്കാതെ പ്രശ്‌നം തീര്‍ക്കാനാവുമായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പറഞ്ഞു.

വഖഫ് ഭേദഗതി നിയമത്തെ മൊത്തത്തില്‍ എതിര്‍ക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത്തരം നീക്കങ്ങള്‍ ഇപ്പോള്‍ ഒരു കൂട്ടര്‍ക്കെതിരേയെങ്കില്‍ നാളെ വേറൊരു കൂട്ടര്‍ക്കെതിരായി വരും. അതിനെതിരായി മതേതര കക്ഷികള്‍ ഒന്നിച്ചുനില്‍ക്കണം. പൗരത്വ നിയമ ഭേദഗതിയിലും ലീഗ് കോടതിയില്‍പ്പോയിരുന്നു. മുസ്ലിം ലീഗിനെതിരായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയെ കേരളസമൂഹത്തില്‍ പൊതുവില്‍ ആരും പിന്തുണയ്ക്കുന്നില്ലെന്നും കേട്ടാല്‍ അറയ്ക്കുന്ന വര്‍ഗീയത കേരളത്തില്‍ പറയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ഭേദഗതിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചതിന്റെ ഭാഗമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി ലീഗ് പ്രതിനിധി സംഘം തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കുഞ്ഞാലിക്കുട്ടിക്ക് പുറമെ എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, എം.പി. അബ്ദുസ്സമദ് സമദാനി, ഹാരിസ് ബീരാന്‍, നവാസ് കനി എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

അതിനിടെ മുനമ്പം വഖഫ് കേസില്‍ മുനമ്പം നിവാസികള്‍ക്ക് കക്ഷിചേരാന്‍ കോഴിക്കോട് വഖഫ് ട്രിബ്യൂണല്‍ അനുമതി നല്‍കി. ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കക്ഷിചേരണമെന്ന മുനമ്പം നിവാസികളുടെ ആവശ്യമാണ് വഖഫ് ട്രിബ്യൂണല്‍ അംഗീകരിച്ചത്. മൂന്നംഗ വഖഫ് ട്രിബ്യൂണലാണ് വിധി പറഞ്ഞത്.

ഫറൂഖ് കോളേജിന്റെ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ മുനമ്പം നിവാസികള്‍ക്ക് പറയാനുള്ള ഭാഗവും വഖഫ് ട്രിബ്യൂണല്‍ കേള്‍ക്കും. കേസിലെ തുടര്‍വാദങ്ങള്‍ ചൊവ്വാഴ്ച ആരംഭിക്കും. സംസ്ഥാന വഖഫ് ട്രിബ്യൂണലിന്റെ നടപടികള്‍ക്കെതിരേ രണ്ട് ഹര്‍ജികളാണ് ഫറൂഖ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ സമര്‍പ്പിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നുള്ള വഖഫ് ബോര്‍ഡിന്റെ 2019-ലെ ഉത്തരവും വഖഫ് രജിസ്റ്ററില്‍ സ്ഥലം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫറൂഖ് കോളേജ് ഹര്‍ജി നല്‍കിയത്.

നിസാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് വന്നതോടെ സര്‍വേ പോലും നടത്താതെ സ്വമേധയാ സ്ഥലം ഏറ്റെടുത്തുവെന്നും ഫറൂഖ് കോളേജ് അറിയിച്ചിരുന്നു. വഖഫ് സംരക്ഷണ സമിതി, വഖഫ് സംരക്ഷണ വേദി തുടങ്ങിയവരുടെ കക്ഷി ചേരാനുള്ള ആവശ്യം വഖഫ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. കക്ഷി ചേരാനനുവദിച്ചത് വഖഫ് സംരക്ഷണ സമിതിക്കുള്ള തിരിച്ചടിയാണെന്ന് മുനമ്പം സമര സമിതി ചെയര്‍മാന്‍ ജോസഫ് റോക്കി പറഞ്ഞു.