ബീജിങ്:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം ഉടന്‍ ചൈനയില്‍ തുറക്കും. ഈഫല്‍ ഗോപുരത്തിന്റെ ഏകദേശം ഇരട്ടി ഉയരമുണ്ട് ഈ പാലത്തിന്. ഹ്വാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം ജൂണിലാണ് തുറക്കുന്നത്. നദീനിരപ്പില്‍ നിന്ന് 625 മീറ്റര്‍ ഉയരം. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിനേക്കാള്‍ 200 മീറ്റര്‍ കൂടുതല്‍ ഉയരമുണ്ട്.

ബീപാന്‍ നദിക്ക് കുറുകെ മലയിടുക്കുകളെ ബന്ധിപ്പിച്ചാണ് ഈ എഞ്ചിനീയറിങ് വിസ്മയം. 22,000 ടണ്‍ ഭാരം. വാഹനയാത്രക്കാര്‍ക്ക് ഇത്രയും ഉയരത്തിലെ യാത്ര ത്രില്ലിങ് അനുഭവം സമ്മാനിക്കും. ചൈനയുടെ ദക്ഷിണ പടിഞ്ഞാറേ ഭാഗത്തെ ഗ്വയ്‌ജോ പ്രവിശ്യയിലെ ലിയോഷിക്കും ആങ്‌ലോങ്ങിനും മധ്യേ വാഹനയാത്രയ്ക്കായി 2020ലാണ് ഈ ബൃഹദ് പദ്ധതിയുടെ പണി ആരംഭിച്ചത്.



216 ദശലക്ഷം ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച പാലം ടൂറിസത്തിനും പ്രാദേശിക സമ്പദ് വ്യവസ്ഥയ്്ക്കും ഉത്തേജനം നല്‍കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. ലോകോത്തര നിലവാരമുള്ള ടൂറിസം കേന്ദ്രമായി ഗ്വയ്‌ജോയെ മാറ്റാനും, ചൈനയുടെ എഞ്ചിനീയറിങ് ശേഷി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും ഹ്വാജിയാങ് ഗ്രാന്‍ഡ് കാന്യണ്‍ പാലം വഴിയൊരുക്കുമെന്ന് 14ാം ദേശീയ പീപ്പിള്‍സ് കോണ്‍ഗ്രസ് ഉപനേതാവ് ജാങ് ഷെങ്ഗിന്‍ അഭിപ്രായപ്പെട്ടു.




പാലം വരുന്നതോടെ നദിക്ക് കുറുകേയുള്ള ദൂരം ഒരുമണിക്കൂര്‍ സമയ യാത്ര ഏതാനും മിനിറ്റുകളായി ചുരുങ്ങും. മലനിരകള്‍ക്കിടയില്‍ 4650 അടി ഉയരത്തില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സ്പാന്‍ ബ്രിഡ്ജ് കൂടിയാണിത്. ഈ മേഖലയിലെ 92.5 ശതമാനം പ്രദേശവും മലകളാലും കുന്നുകളാലും നിറഞ്ഞതാണ്. ഇവിടെയാകെ 1970 കള്‍ക്ക് ശേഷം 30,000 പാലങ്ങള്‍ പണിതിട്ടുണ്ടെന്ന് മാത്രമല്ല, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 100 പാലങ്ങളില്‍ പകുതിയോളം ഇവിടെയാണ്.




ദുര്‍ഘടമായ പ്രദേശവും കാലാവസ്ഥയും വലിയ വെല്ലുവിളികള്‍ ആയിരുന്നുവെന്ന് നിര്‍മ്മാണസാമഗ്രികള്‍ വിതരണം ചെയ്ത സ്റ്റോക്ക്‌ഹോം കേന്ദ്രമായുള്ള അലിമാക് കമ്പനി പറഞ്ഞു.