- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോളിഡാരിറ്റി- എസ്ഐഒയുടെ എയര്‍പോര്‍ട്ട് സമരത്തില്‍ ഹമാസ് നേതാക്കളുടെയും ബ്രദര്‍ഹുഡ് നേതാക്കളുടെയും ചിത്രമുള്ള പ്ലക്കാര്‍ഡുകള്‍; 'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല' തുടങ്ങിയ പ്രകോപന മുദ്രാവാക്യങ്ങളും; വഖഫ് ബില്ലിനെതിരായ പ്രതിഷേധം വര്ഗീയമാവുന്നോ?
വഖഫ് ബില്ലിനെതിരായ പ്രതിഷേധം വര്ഗീയമാവുന്നോ?
കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകള്‍ രാജ്യവ്യാപകമായി പ്രക്ഷോഭത്തിന്റെ പാതയിലാണ്. ബംഗാളിലൊക്കെ വലിയ അനിഷ്ടസംഭവങ്ങളാണ് സമരത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉണ്ടായത്. എന്നാല്‍ കേരളത്തിലും വഖഫ് നിയമത്തിനെതിരായ സമരം അതിവേഗം വര്‍ഗീയമാവുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാറ്റി യൂത്ത് മൂവ്മെന്റും, വിദ്യാര്‍ത്ഥി സംഘടനയായ എസ്ഐഒയും സംയുക്തമായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍, പ്രകോപനപരമായ മുദ്രാവാക്യങ്ങളും, ഹമാസ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള ആഗോള ഭീകരവാദികളുടെ ചിത്രവും ഉണ്ടായിരുന്നു!
ഈജിപ്തിലെ മുസ്ലീം ബദര്‍ ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്നയുടേയും, ഹമാസ് സ്ഥാപകന്‍ അഹമ്മദ് യാസിന്റേയും, കൊല്ലപ്പെട്ട ഹമാസ് ഭീകരന്‍ യഹിയ സിന്‍വാറിന്റേയും ചിത്രങ്ങളുള്ള പ്ലക്കാര്‍ഡുകളാണ് സമരക്കാര്‍ ഉയര്‍ത്തിയത്. ഇന്ത്യയില്‍ നടക്കുന്ന ഒരു സമരത്തില്‍ എന്തിനാണ് ആഗോള ഭീകരവാദത്തിന്റെ അപ്പോസ്തലന്‍മാരുടെ ചിത്രം ഉയര്‍ത്തിപ്പിടിക്കുന്നത് എന്നതില്‍ നിന്നുതന്നെ സോളിഡാരിറ്റിയുടെ എസ്ഐഒയുടെയും അജണ്ട മനസ്സിലാക്കാം. വഖഫ് സമരത്തിന്റെ മറവില്‍ ചെറുപ്പക്കാരിലേക്ക് തീവ്രവാദം കുത്തിവെക്കുകയാണ് ഇവര്‍ ചെയ്യുന്നത് എന്ന് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ പറയുന്നു.
'മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല'
അതുപോലെ തന്നെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് സമരക്കാര്‍ ഉയര്‍ത്തി. 'അല്ലാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല' എന്നതാണ് എഴുതിതയ്യാറാക്കിയ ഒരു പ്ലക്കാര്‍ഡ്. 'ഓണര്‍ ഓഫ് വഖഫ് ഈസ് അള്ള, കസ്റ്റോഡിയന്‍ ഓഫ് വഖഫ് ഈസ് മുസ്ലീം കമ്യൂണിറ്റി' എന്നതായിന്നു മറ്റൊരു പ്ലക്കാര്‍ഡ്. ഈ ചിത്രങ്ങളെല്ലാം എസ്ഐഒ കേരള എന്ന ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വഖഫ് ബില്ലിന്റെ അന്തരീക്ഷത്തില്‍ അത്യന്തം ആപത്ക്കരമായ പൊളിറ്റിക്കല്‍ ഇസ്ലാമിനെ സ്ഥാപിച്ചെടുക്കുക എന്നത് തന്നെയാണ് ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. വിമാനത്താവളങ്ങള്‍ പോലെ അതീവ സുരക്ഷാ മേഖലകളില്‍ പ്രക്ഷോഭങ്ങളും പ്രകടനങ്ങളും പാടില്ല എന്ന നിയമം അറിഞ്ഞു കൊണ്ടാണ് സോളിഡാരിറ്റി പരിപാടി പ്ലാന്‍ ചെയ്തത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്.
പോലീസ് ഇടപെട്ടാല്‍ അത് ഇവിടുത്തെ സര്‍ക്കാരിന്റെ തോളില്‍ വച്ച് ഇരവാദം എടുക്കാം എന്ന സൗകര്യവുമുണ്ട്. സിഎഐ സമരത്തില്‍ കണ്ടപോലെ ഇല്ലാത്ത കാര്യങ്ങള്‍ പെരുപ്പച്ചുകൊണ്ട് മുസ്ലീം ചെറുപ്പക്കാരില്‍ ഭീതി പരത്തുകയും ഇവര്‍ ചെയ്യുന്നു. വഖഫ് നിയമംകൊണ്ട് ഒരു മുസ്ലം പള്ളിക്കും ഒരു കുഴപ്പും വരില്ല എന്നിരിക്കെ മോദി സര്‍ക്കാര്‍ പള്ളികളുടെ നിയന്ത്രണം പിടിച്ചെടുക്കും എന്നുവരെയാണ് പ്രചാരണം. വഖഫ് ഭേദഗതി നിയമം മുസ്ലിം വംശഹത്യക്ക് കളമൊരുക്കുമൊന്നും ജമാഅത്തെ ഇസ്ലാമി ഭീതിവ്യാപാരം നടത്തുന്നുണ്ട്.
അതിനിടെ എയര്‍പോര്‍ട്ട് ഉപരോധത്തിനിടെ സംഘര്‍ഷവുമുണ്ടായി. റോഡിന്റെ മറുവശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പൊലീസ് ബാരിക്കേഡുകള്‍ മരിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. തുടര്‍ന്ന് പൊലീസ് ലാത്തിചാര്‍ജ് നടത്തി. വഖഫ് നിയമഭേദഗതി ഭരണഘടനാമൂല്യങ്ങള്‍ക്ക് എതിരെയുള്ള കരിനിയമം ആണെന്ന് ഉപരോധം ഉദ്ഘടാനം ചെയ്ത, ആള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോ ബോര്‍ഡ് അംഗവും ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റുമായ മലിക് മുഅതസിം ഖാന്‍ പറഞ്ഞു.
നേരത്തെവിമാനത്താവളം ഉപരോധിക്കാന്‍ പ്രതിഷേധക്കാരുമായി എത്തുന്ന ബസുകള്‍ പിടിച്ചെടുക്കുമെന്ന് ബസുടമകളുടെ സംഘടനകള്‍ക്ക് കൊണ്ടോട്ടി പൊലീസ് കത്ത് നല്‍കിയിരുന്നു. ഇതിനെതിരെ ജമാഅത്തെ ഇസ്ലാമി അമീര്‍ മുജീബ് റഹ്‌മാന്‍ പ്രതിഷേധിച്ചിരുന്നു. 'നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ ജനാധിപത്യമൂല്യങ്ങളെ നിരാകരിക്കുമ്പോള്‍ പ്രതിഷേധിക്കാനുള്ള അവസരം പോലും നിഷേധിക്കാനെങ്കില്‍ കേരളത്തിനെന്തിനാണ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍. ന്യൂനപക്ഷ വേട്ട തൊഴിലാക്കിയ ഡല്‍ഹി, യു.പി പൊലീസിനോട് മത്സരിക്കാനെങ്കില്‍ കേരളത്തിനെന്തിനാണ് ഒരു ഇടത് അഭ്യന്തരം'' എന്നാണ് മുജീബ് റഹ്‌മാന്‍ ഇതേക്കുറിച്ച് പ്രസ്താവനയില്‍ പറഞ്ഞത്.
എന്നാല്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കുക എന്നത് അതീവ കുറ്റകരമായ പ്രവര്‍ത്തിയാണെന്ന കാര്യം ഇവര്‍ മറച്ചുവെക്കുകയാണ്. സമരക്കാര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്.