അങ്കാറ: ഒരു ഗ്രാമത്തിലെ പകുതിയിലേറെ ആളുകള്‍ സംസാര ശേഷിയും കേള്‍വിശക്തിയും ഇല്ലാത്തവരായാലോ? തുര്‍ക്കിയിലെ ഒറ്റപ്പെട്ട ഗ്രാമമായ ഗോകോവയിലാണ് ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും കുഴയ്ക്കുന്ന ഈ പ്രശ്‌നം.

ഇസ്താന്‍ബുളില്‍ നിന്ന് 450 മൈല്‍ അകലെയുള്ള ഗോകോവയില്‍ ആകെ 120 പേരെയുള്ളു. അതില്‍ പകുതിയിലേറെ പേര്‍ക്കും സംസാര ശേഷിയും കേള്‍വിശക്തിയും ഇല്ല. ആംഗ്യഭാഷയാണ് ഇവിടെ പ്രധാന ആശയവിനിമയ മാര്‍ഗ്ഗമെന്ന് തുര്‍ക്കി പത്രമായ ഹുറിയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു.

' ഒരു സമൂഹമെന്ന നിലയില്‍ ആംഗ്യഭാഷയില്‍ വിനിമയം നടത്താന്‍ ഞങ്ങള്‍ പഠിച്ചുകഴിഞ്ഞു. എന്നാല്‍, പുറം നാട്ടുകാര്‍ക്ക് അല്‍പം വിഷമിക്കേണ്ടി വരും', സ്ഥലത്തെ മേയര്‍ എയുപ് തോസ്ന്‍ പറഞ്ഞു. ഇവിടുത്തുകാരില്‍ നല്ല ആരോഗ്യമുള്ളവര്‍ തീരെ കുറവാണ്.

' എനിക്ക് നാല് മക്കളുണ്ട്. അവര്‍ക്കെല്ലാം വൈകല്യങ്ങളുണ്ട്. മക്കളില്‍ ഒരാളുടെ മൂന്നുമക്കളും സംസാരശേഷിയോ, കേള്‍വി ശക്തിയോ ഇല്ലാത്തവരാണ്', ഗ്രാമീണനായ സാറ്റി തോസുന്‍ പറഞ്ഞു.

നിരവധി കുടുംബങ്ങളെ ബാധിച്ച ഈ ഗുരുതരപ്രശ്‌നത്തിന് യഥാര്‍ഥ കാരണം എന്തെന്ന് വ്യക്തമല്ല. പുറത്തുനിന്നുള്ളവര്‍ വരുന്നത് അപൂര്‍വ്വമായ ഗ്രാമത്തില്‍ രക്തബന്ധമുള്ളവര്‍ തമ്മിലെ വിവാഹമാണ് വിഷയമെന്ന് ഒരുകൂട്ടര്‍ പറയുന്നു. മറ്റുചിലര്‍ പഴിക്കുന്നത് തലമുറകളായി സംഭവിച്ച ജലമലിനീകരണത്തെയാണ്. മലനിരകളാല്‍ ചുറ്റപ്പെട്ട നിറയെ ജലാശയങ്ങളുളള അതിസുന്ദരമായ ഗ്രാമമാണ് ഗോകോവ എന്നത് മറ്റൊരുകാര്യം.

10 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലെ ഒരു പ്രത്യേക സമൂഹത്തില്‍ സമാനരീതിയില്‍ വൈകല്യങ്ങളോടെ കുട്ടികള്‍ പിറക്കുന്ന അധികൃതര്‍ കണ്ടെത്തിയിരുന്നു.