- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവല്‍ സിനിമയാക്കിയ സംവിധായകന്‍; 'സ്വപ്നമാളിക' മുടങ്ങിപ്പോയത് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന്; ഒടുവില്‍ 16 വര്‍ഷത്തിനുശേഷം ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ വഞ്ചനാ കേസ്; അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്
അഡ്വ കെ എ ദേവരാജന്‍ വിടവാങ്ങുന്നത് ആ സ്വപ്നങ്ങള്‍ ബാക്കിവെച്ച്
കോഴിക്കോട്: അഭിഭാഷകവൃത്തിയില്‍നിന്ന് ചലച്ചിത്രലോകത്തേക്ക് വഴിതെറ്റിയെത്തിയ മനുഷ്യന്‍. കോഴിക്കോട് വെള്ളയില്‍ ജോസഫ് റോഡ് നിവാസിയായ കരിമ്പില്‍ ദേവരാജന്‍ എന്ന അഡ്വ കെ എ ദേവരാജന്‍ അതായിരുന്നു. 73-ാം വയസ്സില്‍ അദ്ദേഹം വിടവാങ്ങുന്നത് ഒരുപാട് സ്വപ്നങ്ങള്‍ ബാക്കിവെച്ചാണ്. മോഹന്‍ലാല്‍ ആദ്യമായി എഴുതിയ നോവലായ 'തര്‍പ്പണം' സ്വപ്നമാളിക എന്നപേരില്‍ 2007-ല്‍ അദ്ദേഹം സിനിമയാക്കാന്‍ ശ്രമിച്ചിരുന്നു. മോഹന്‍ലാല്‍ തന്നെ നായകനായ ചിത്രം പക്ഷേ ഷൂട്ടിംഗ് പുര്‍ത്തിയായിട്ടും പെട്ടിയിലായിപ്പോയി.
എന്നാല്‍ നിയമ രംഗത്തും, ചില്‍ഡ്രണ്‍സ് ഫിലിം മേഖലയിലും വലിയ നേട്ടങ്ങളാണ് ദേവരാജന്‍ കൈവരിച്ചത്. കേരള ജുഡീഷ്യറിയില്‍ 38 വര്‍ഷത്തെ പരിചയസമ്പത്തുള്ള അദ്ദേഹം പിന്നീട് സുപ്രീം കോടതി, കേരള ഹൈക്കോടതി, എന്നിവിടങ്ങളില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. കാലിക്കറ്റ് സര്‍വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ അദ്ദേഹം സാഹിത്യത്തില്‍ എം.എയും, തുടര്‍ന്ന് എല്‍എല്‍ബിയും, കോട്ടയത്തെ എം.ജി. സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.എമ്മും നേടിയിരുന്നു.
എട്ട് കുട്ടികളുടെ സിനിമകളും, രണ്ട് ഫീച്ചര്‍ ഫിലിമുകളും നിരവധി ഡോക്യുമെന്ററികളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഇതില്‍ പലതും അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മയില്‍പ്പീലി എന്ന അദ്ദേഹത്തിന്റെ ചില്‍ഡ്രണ്‍ ഫിലിമിലുടെയാണ് കാവ്യമാധവന്‍ ആദ്യമായി ക്യാമറക്കുമുന്നില്‍ എത്തുന്നത്. ചെന്നെയില്‍ മാധ്യമ പ്രവര്‍ത്തകനായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്.
മുടങ്ങിപ്പോയ സ്വപ്നമാളിക
വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ വാരികയിലാണ് മോഹന്‍ലാല്‍ എഴുതിയ നോവല്‍ പ്രസിദ്ധീകരിച്ചത്. 'തര്‍പ്പണം' എന്ന പേരില്‍ എത്തിയ നോവല്‍ തുടര്‍ ലക്കങ്ങളിലാണ് പൂര്‍ത്തിയായത്. പിന്നീട്നോവലിന് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയില്‍, സ്വപ്നമാളിക എന്ന പേരില്‍ സിനിമയും ഒരുങ്ങി. അപ്പു നായര്‍ എന്ന ഡോക്ടര്‍ ( ചിത്രത്തില്‍ മോഹന്‍ലാല്‍) തന്റെ അച്ഛന്റെ അസ്ഥി ഒഴുക്കുന്നതിനായി വാരണാസിയില്‍ വരുമ്പോള്‍, അവിടെ വച്ച് തന്റെ ഭര്‍ത്താവിന്റെ ചടങ്ങുകള്‍ ചെയ്യാന്‍ വരുന്ന ഡോക്ടറായ രാധ കാര്‍മെല്‍ എന്ന വിദേശ സ്ത്രീയെ പരിചയപ്പെടുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ കഥാ പരിസരം.
കരിമ്പില്‍ ഫിലിംസിന്റെ ബാനറില്‍ തുടങ്ങിയ ചിത്രത്തിന്റെ നിര്‍മ്മാതാവും സംവിധായകനും കെ എ ദേവരാജന്‍ ആയിരുന്നു. കുട്ടികളുടെ സിനിമയിലുടെ നേടിയ നേട്ടങ്ങളായിരുന്നു അദ്ദേഹത്തെ ഫീച്ചര്‍ ഫിലിമിലേക്കും, മോഹന്‍ലാലിന്റെ ഡേറ്റ് നേടുന്നതിലേക്കുമൊക്കെ എത്തിച്ചത്. ചിത്രീകരണത്തിന് ശേഷം ട്രെയ്ലര്‍ പുറത്തുവന്നിരുന്നെങ്കിലും സിനിമ എത്തിയില്ല. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ അനുവാദമില്ലാതെ സംവിധായകന്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തിയതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം.
2008-ല്‍ റിലീസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമയാണ് ഇത്. രാജാമണിയും ജയ് കിഷനും ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഇസ്രയേല്‍ നടി എലീന, ഷമ്മി തിലകന്‍, ഇന്നസെന്റ്, സുകുമാരി, ഊര്‍മിള ഉണ്ണി കോട്ടയം നസീര്‍, സാജു കൊടിയന്‍, അഭിലാഷ്, സുകുമാരി, ഊര്‍മ്മിള ഉണ്ണി, കുളപ്പുള്ളി ലീല, ശിവാനി, വിദ്യ തുടങ്ങി നിരവധി നടീനടന്മാര്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ദേവരാജന്റെ മകള്‍ അപര്‍ണയുടെ വരികള്‍ക്ക് ജയ്കിഷന്‍ സംഗീതം നല്‍കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
വാരണാസിയില്‍ ആദ്യത്തെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ചിത്രത്തിന് ചലച്ചിത്ര മാസികകളില്‍നിന്നടക്കം വലിയ പിന്തുണ ലഭിച്ചിരുന്നു. മോഹന്‍ലാലിന്റെ ഡ്രീം പ്രോജക്റ്റ് എന്ന രീതിയിലാണ് ചിത്രം വിലയിരുത്തപ്പെട്ടത്. ചിത്രഭൂമി അടക്കമുള്ള സിനിമാ മാസികകള്‍ കാശിയിലെ ഷൂട്ടിങ്ങ് വിശേഷങ്ങള്‍ കവര്‍ സ്റ്റോറിയാക്കിയിരുന്നു.
ഒടുവില്‍ ലാലിനെതിരെ കേസ്
ആദ്യ ഷെഡ്യൂളിന്റെ ക്യാമറാന്‍ പ്രശസ്ത ഛായാഗ്രാഹകന്‍ വേണുവായിരുന്നു. അന്ന് വാരാണസിയില്‍ എടുത്ത വിഷ്വലുകളൊക്കെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. പക്ഷേ നിര്‍മ്മാതാവ് കൂടിയായ ദേവരാജന്റെ സാമ്പത്തിക ബുന്ധിമുട്ടുകളെ തുടര്‍ന്ന് രണ്ടാം ഷെഡ്യൂള്‍ മുടങ്ങി. അതിനിടെ 'പരിഭവം' എന്ന ഒരു സിനിമ ദേവരാജന്‍ എടുത്തെങ്കിലും ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.
കുറച്ച് നാളുകള്‍ക്ക് ശേഷം ഒറ്റപ്പാലത്ത് വച്ച് സ്വപ്നമാളികയുടെ രണ്ടാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം തിരക്കഥയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് ഒറ്റപ്പാലത്തെ ഭാഗങ്ങള്‍ ഷൂട്ട് ചെയ്തത്. ആദ്യ ഷെഡ്യൂളില്‍ സഹകരിച്ചവര്‍ ആരും രണ്ടാം ഷെഡ്യൂളില്‍ ഉണ്ടായിരുന്നില്ല. ഒളപ്പമണ്ണ മനയില്‍ സെറ്റിട്ട് നടത്തിയ ഷൂട്ടിങ്ങില്‍ കഥയാകെ മാറിയിരുന്നു. മോഹന്‍ലാലിന്റെ സമ്മതമില്ലാതെയാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത്. ട്രെയിലറില്‍ മോഹന്‍ലാലിന് വേണ്ടി മറ്റാരോ ആണ് ശബ്ദം നല്‍കിയിരിക്കുന്നത്! തങ്ങളുടെ അനുവാദമില്ലാതെ കഥയിലും തിരക്കഥയിലും മാറ്റം വരുത്തിയതിന്റെ പേരില്‍ മോഹന്‍ലാലും സുരേഷ്ബാബുവും, ദേവരാജനെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു എന്നൊക്കെ 2008ല്‍ ചിത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
ഈ സിനിമയെക്കുറിച്ച് എല്ലാവരും മറന്നിരിക്കുന്ന സമയത്താണ്, കഴിഞ്ഞവര്‍ഷം ഹേമാകമ്മറ്റി റിപ്പോര്‍ട്ട് പുറത്തിറങ്ങി, താരങ്ങള്‍ ആകെ അമ്പരന്ന് നില്‍ക്കുന്ന സമയത്ത്, മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരെ ദേവരാജന്‍ കേസ് കൊടുക്കുന്നത്. സിനിമ നിര്‍മാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്ന് ആരോപിച്ചാണ്്, കോഴിക്കോട് അഞ്ചാം അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയില്‍ കേസ് നല്‍കിയത്. സ്വപ്നമാളികക്കുവേണ്ടി മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും 30 ലക്ഷംരൂപയുടെ ചെക്ക് 2007 മാര്‍ച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമായിരുന്നു പരാതി. ഈ കേസില്‍ നടപടികള്‍ പുരോഗമിക്കവെയായിരുന്നു ദേവരാജന്റെ മരണം.