- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മാസപ്പടി കേസില്‍ വീണ വിജയന്‍ താല്‍ക്കാലിക ആശ്വാസം; എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി; സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം; ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നും നിര്‍ദേശം; നിര്‍ണായക ഇടപെടല്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയില്‍; കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള നീക്കത്തില്‍ ഇ.ഡി
മാസപ്പടി കേസില്‍ വീണ വിജയന്‍ താല്‍ക്കാലിക ആശ്വാസം
കൊച്ചി: മാസപ്പടി കേസില്‍ വീണ വിജയനും സംഘത്തിനും താല്‍ക്കാലിക ആശ്വാസം. എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ രണ്ട് മാസത്തേക്ക് തുടര്‍നടപടി പാടില്ലെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സമന്‍സ് അയയ്ക്കുന്നത് ഉള്‍പ്പടെ നിര്‍ത്തിവയ്ക്കണം. ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ നടപടി പാടില്ലെന്നാണ് നിര്‍ദേശം. സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍.
എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ സമന്‍സ് അയക്കുന്നത് രണ്ട് മാസത്തേക്ക് തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിട്ടത്. സിഎംആര്‍എല്ലിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി കേസ് പുതിയ ഡിവിഷന്‍ ബെഞ്ചിലേക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ വിശദമായ വാദം കേള്‍ക്കാന്‍ സമയം തേടിയതോടെയാണ് രണ്ട് മാസത്തേക്ക് നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടത്. കേസില്‍ പ്രതിസ്ഥാനത്തുള്ള വീണയടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നടപടി ആശ്വാസകരമാണ്.
രണ്ടു മാസത്തേക്ക് തല്‍സ്ഥിതി തുടരാനാണ് നിര്‍ദേശം. ഇത് സിഎംആര്‍എല്ലിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും താത്കാലിക ആശ്വാസം പകരും. എസ്എഫ്ഐഒ റിപ്പോര്‍ട്ടില്‍ കുറ്റം ചുമത്തിയത് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സിഎംആര്‍എല്ലിനോടും കേന്ദ്ര സര്‍ക്കാരിനോടും സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ഇടക്കാല ഉത്തരവിട്ടിട്ടുണ്ട്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ഏഴില്‍ എസ്എഫ്‌ഐഒ സമര്‍പ്പിച്ച പരാതി സ്വീകരിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി പ്രതികള്‍ക്ക് നോട്ടീസ് അയയ്ക്കാനിരിക്കെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. ഒന്നാം പ്രതി ശശിധരന്‍ കര്‍ത്ത മുതല്‍ 11-ാം പ്രതി വീണ വിജയന്‍ വരെയുള്ള എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയയ്ക്കാനിരുന്നത്.
അതേ സമയം സിഎംആര്‍എല്‍- എക്സാലോജിക് മാസപ്പടി കേസ് കള്ളപ്പണ നിരോധന നിയമ പരിധിയില്‍ വരുമെന്നാണ് ഇ ഡി വിലയിരുത്തല്‍. കള്ളപ്പണ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് നീക്കം. എസ്എഫ്ഐഒ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ഇ ഡി നടപടിക്ക് ഒരുങ്ങുന്നത്. അതിനിടെയാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
ആരോപണ വിധേയരെ വിളിച്ചുവരുത്തുന്നതിന് ഹൈക്കോടതി സ്റ്റേ നിലവിലുള്ളതിനാല്‍ കേസിലെ ചോദ്യം ചെയ്യല്‍ വൈകും. കഴിഞ്ഞവര്‍ഷം പുറപ്പെടുവിച്ച സ്റ്റേ ഇനിയും നീക്കിയിട്ടില്ല. സ്റ്റേ നീക്കാന്‍ ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് ഇഡി വ്യക്തമാക്കുന്നു. ഇതിനുശേഷം എസ്എഫ്ഐഒ കുറ്റപത്രത്തിലെ പ്രതികള്‍ക്ക് നോട്ടീസ് നല്‍കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സത്യവീര്‍ സിങ് കുറ്റപത്രത്തിന്റെ പകര്‍പ്പ് കോടതിയില്‍ നിന്ന് ഇ ഡി ആസ്ഥാനത്തേക്ക് എത്തിച്ചത്. അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന സിനി ഐആര്‍എസിന്റെ നേതൃത്വത്തില്‍ ഇത് പരിശോധിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇതില്‍ ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം, സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്.
മുഖ്യമന്ത്രിക്കും മകള്‍ വീണ തൈക്കണ്ടിയിലിനും എതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം. സിഎംആര്‍എല്‍, എക്‌സാലോജിക് കമ്പനികളും ശശിധരന്‍ കര്‍ത്ത ഉള്‍പ്പടെയുള്ള സിഎംആര്‍എല്‍ ഉദ്യോഗസ്ഥരും ഉള്‍പ്പടെയുള്ളവരാണ് മറ്റ് എതിര്‍കക്ഷികള്‍.