''യു ലുക്ക് ലോൺലി..ഐ ക്യാൻ ഫിക്സ് ദാറ്റ്..'. ഇതാണ് ഹോളിവുഡ് ചിത്രം 'ബ്ലേഡ് റണ്ണർ 2049' ലെ ആ പ്രസക്ത ഭാഗം.ഈ രംഗം മറക്കാത്ത ഒരു 90'സ് കിഡ്സ് പോലും കാണില്ല. അത്രയും ഹാർട്ട് ടച്ചിങ് സീൻ തന്നെയാണ് അത്.അന്ന ഡി അർമസും, റയാൻ ഗോസലിങ്ങും തകർത്തഭിനയിച്ച ചിത്രം. വിഷയം ഏകാന്തത തന്നെ..ഈ ഒരു അവസ്ഥ പ്രത്യകമായും കാണുന്നത് യുവാക്കളിൽ തന്നെയാണ്. പ്രായം ഒരു 25 മുതൽ ഒരു മുപ്പത് വയസ് വരെ ഈ ഒരു കഠിനമായ അവസ്ഥയിലൂടെ കടന്നുപോകുന്നു. കൂടുതലും ഒറ്റയ്ക്കിരിക്കുന്ന ആഗ്രഹിക്കുന്ന നിമിഷങ്ങൾ. ഉള്ളിലെ സങ്കടങ്ങൾ കണ്ണാടിയിൽ നോക്കി പറയുന്ന അവസ്ഥ. എന്നാൽ ഇപ്പോൾ ലോകത്തെ തന്നെ ഞെട്ടിച്ച് വിദഗ്ധരുടെ പഠനം പുറത്തുവന്നിരിക്കുകയാണ്. ഒറ്റയ്ക്കിരിക്കുന്നതിനും ഗുണങ്ങൾ ഏറെയെന്നാണ് അവർ അവകാശപ്പെടുന്നത്.

ഇനി ഒറ്റയ്ക്കിരിക്കേണ്ടിവരുന്നതിനെ കുറിച്ചോര്‍ത്ത് സങ്കടപ്പെടേണ്ട എന്നാണ് മനശാസ്ത്രവിദഗ്ധര്‍ പറയുന്നത്. യുഎസ്സിലെ വെര്‍മോണ്ടിലുള്ള മിഡില്‍ബറി കോളേജിലെ മനശാസ്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ വെര്‍ജീനിയ തോമസാണ് ഒറ്റയ്ക്കാകുന്നതിന്റെ ഗുണങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്.

സ്വയം 'റീച്ചാര്‍ജ്' ചെയ്യപ്പെടാനും നവീകരിക്കാനും കഴിയും എന്നതാണ് ഒറ്റയ്ക്കിരിക്കുന്നതിലൂടെ ലഭിക്കുന്ന പ്രധാന ഗുണമെന്ന് വെര്‍ജീനിയ പറയുന്നു. വെറും 15 മിനിറ്റ് ഒറ്റയ്ക്കിരിക്കുന്നതിലൂടെ ഉത്കണ്ഠ പോലുള്ള വികാരത്തള്ളിച്ചകള്‍ കുറയ്ക്കാന്‍ കഴിയുമെന്നാണ് പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. മനസ് ഇത്തരത്തില്‍ വൈകാരികമായി ശുദ്ധീകരിക്കുന്നതിലൂടെ മാനസികമായി വ്യക്തത ലഭിക്കുകയും മാനസിക പിരിമുറുക്കം കുറയുകയും ചെയ്യും.

വ്യക്തിത്വ വികസനത്തിനായുള്ള സവിശേഷമായ അവസരമാണ് ഒറ്റപ്പെടലെന്നും വെര്‍ജീനിയ പറയുന്നു. ഒറ്റയ്ക്ക് സമയം ചെലവഴിക്കുന്നവര്‍ക്ക് സ്വയംബോധവും സ്വാതന്ത്ര്യബോധവും ഉയരുന്നതായാണ് ഗവേഷണങ്ങളില്‍ കണ്ടെത്തിയത്. ഒറ്റയ്ക്ക് കൂടുതല്‍ സമയം ചെലവഴിച്ചവരില്‍ മാനസിക പിരിമുറുക്കം കുറഞ്ഞതായും സ്വന്തം ജീവിതത്തില്‍ കൂടുതല്‍ സ്വയംനിയന്ത്രണമുണ്ടായതായും 2023-ല്‍ സയന്റിഫിക് റിപ്പോര്‍ട്ട്‌സില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു.

ഒറ്റയ്ക്കിരിക്കുന്നതിലൂടെ വൈകാരിക ബുദ്ധി അഥവാ ഇമോഷണല്‍ ഇന്റലിജന്‍സും സര്‍ഗാത്മകതയും വര്‍ധിക്കുന്നുവെന്നാണ് വെര്‍ജീനിയ തോമസ് പറയുന്ന മറ്റൊരു കാര്യം. ആരും ഒപ്പമില്ലാത്തപ്പോള്‍ മാനസികമായ വലിയ ഇടം ലഭിക്കുകയും വികാരങ്ങള്‍ വിശകലനം ചെയ്യാനും നൂതനമായ ആശയങ്ങള്‍ രൂപവത്കരിക്കാനും കഴിയും. കോവിഡ് ലോക്ക്ഡൗണ്‍ സമയത്ത് 2021-ല്‍ ഫ്രാന്‍സിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായി 1200 ഫ്രഞ്ച് പൗരന്മാരെ 55 ദിവസം കര്‍ശനമായി ഒറ്റയ്ക്ക് താമസിപ്പിച്ചു. ഓരോദിവസവും ഇവരില്‍ സര്‍ഗാത്മകത ഉയര്‍ന്നിരുന്നുവെന്നാണ് പഠനം കണ്ടെത്തിയത്. മുമ്പ് സര്‍ഗാത്മകത കുറഞ്ഞിരുന്നവരിലാണ് സവിശേഷമായി ഇത് ദൃശ്യമായതെന്നും പഠനത്തില്‍ പറയുന്നു.

കാര്യങ്ങളിങ്ങനെയാണെങ്കിലും ഒറ്റയ്ക്കിരിക്കുന്നത് ദോഷകരമായി ബാധിക്കുന്നവരും നമുക്കിടയിലുണ്ട്. ആരും ഒപ്പമില്ലാതാകുന്നതിലൂടെ മാനസിക സമ്മർദ്ദവും വിഷാദവുമുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നവർ. അക്കൂട്ടർ വിദ​ഗ്ധാഭിപ്രായം തേടേണ്ടതും പ്രധാനമാണെന്നും അവർ പറയുന്നു.