- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് പുകപരിശോധനാ സര്‍ട്ടിഫിക്കറ്റോ ഡ്രൈവിംഗ് ലൈസന്‍സോ ഇന്‍ഷുറന്‍സോ ഇല്ലെന്ന് പറഞ്ഞ് നോട്ടീസ് എത്തിയാല്‍ ആരും പിഴ അടയ്ക്കേണ്ട; കാര്യങ്ങളില്‍ വ്യക്തത വരുത്തി ഗതാഗത കമ്മീഷണര്‍; ഇനി ഉദ്യോഗസ്ഥര്‍ എല്ലാം നിരീക്ഷണത്തില്‍
കണ്ണൂര്‍: പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, ഇന്‍ഷുറന്‍സ് ഇല്ല എന്ന തരത്തില്‍ പിഴയടക്കാന്‍ നോട്ടീസ് കിട്ടിയാലും ഇനി പ്രശ്‌നമില്ല. രേഖകള്‍ക്കായി വാഹനം തടഞ്ഞു നിര്‍ത്തി പരിശോധിക്കാതെ വാഹനങ്ങളുടെ ഫോട്ടോ എടുത്ത് പിഴ ഈടാക്കുന്ന നടപടികള്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവ് ഇറക്കി.
സമീപകാലത്തായി ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത് വാഹനത്തിനു പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ല, ഡ്രൈവിംഗ് ലൈസന്‍സ് ഇല്ല, ഇന്‍ഷുറന്‍സ് ഇല്ല എന്ന രീതിയില്‍ കേസെടുക്കുന്നതു വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്. ഫലത്തില്‍ ഇത് നിയമവിരുദ്ധമാണെന്ന് വിശദീകരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍.
ഇങ്ങനെ കേസെടുക്കുവാന്‍ മോട്ടോര്‍ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ വകുപ്പില്ല. അതിനാല്‍, വാഹനം തടഞ്ഞുനിര്‍ത്തി രേഖകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ കേസെടുക്കാവൂ എന്നാണു പുതിയ ഉത്തരവ്. സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഹെല്‍മറ്റ് ധരിക്കാതിരിക്കുക, വാഹനരൂപ മാറ്റം, നമ്പര്‍ പ്ലേറ്റ് എന്നിവ മാത്രമാണു ഫോട്ടോയെടുത്തു പിഴ ഈടാക്കാവുന്നതായി മോട്ടോര്‍ വാഹന ചട്ടത്തില്‍ പറയുന്നത്. ഓടുന്ന വാഹനത്തിന്റെ ഫോട്ടോയെടുത്ത് ഉദ്യോഗസ്ഥര്‍ മറ്റ് കേസെടുക്കുന്നതു നിയമവിരുദ്ധമാണെന്നും ഉത്തരവില്‍ പറയുന്നു.
ഇങ്ങനെ, കേസെടുത്താല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല നടപടിയെടുക്കാനും ശിപാര്‍ശയുണ്ട്. വാഹനം നിര്‍ത്തി പരിശോധിക്കുമ്പോള്‍ പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ നിലവില്‍ 200 രൂപയാണു പിഴ ഈടാക്കേണ്ടത്. എന്നാല്‍, ഫോട്ടോയെടുത്ത് പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഓണ്‍ലൈനില്‍ പിഴ വന്നാല്‍ 2,000 രൂപയാണ് ഈടാക്കുന്നത്. വാഹനം പരിധിയില്‍ കൂടുതല്‍ പുക തള്ളുന്നു എന്ന വകുപ്പും ചേര്‍ത്താണ് 2,000 രൂപ പിഴ ഈടാക്കുന്നത്. ടാക്‌സി വാഹനങ്ങളുടെ ലഗേജ് കാരിയറുകള്‍ക്കെതിരേ പിഴ ചുമത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. വാഹനങ്ങളിലെ റൂഫ് ലഗേജ് കാരിയര്‍ അനധികൃത ആള്‍ട്ടറേഷനായി പരിഗണിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.
ചട്ട പ്രകാരം ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ പിഴ ഈടാക്കാവൂ. ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് മറ്റ് പിഴ ഈടാക്കരുത്. നിയമപരമല്ലാത്ത ഇത്തരം കേസുകള്‍ ഒഴിവാക്കണം. പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ വ്യക്തമാക്കി. ഇതുവരെ ചുമത്തിയ ഇത്തരം പിഴകള്‍ ഒഴിവാക്കുമെന്നും നിയമപരമല്ലാത്ത ഈ പിഴ തുക തിരിച്ചു നല്‍കേണ്ടിവരുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ പറഞ്ഞു. സര്‍ക്കാരിന് ഉണ്ടാവുക കോടികളുടെ വരുമാനനഷ്ടമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷന്‍ പറഞ്ഞു.
(ദുഖവെള്ളി പ്രമാണിച്ച് 18-04-2025ന് മറുനാടന്‍ മലയാളിയ്ക്ക് അവധിയായിരിക്കും. ഈ സാഹചര്യത്തില്‍ 18-04-2025ന് വെബ് സൈറ്റില്‍ അപ്‌ഡേഷന്‍ ഉണ്ടായിരിക്കില്ല-എഡിറ്റര്‍)