ലണ്ടന്‍: ആദം ചെയ്ത ആദിപാപത്തിന്റെ പ്രായശ്ചിത്തത്തിനായി ദൈവം സ്വര്‍ഗത്തില്‍ നിന്നിറങ്ങി വന്ന് മനുഷ്യരൂപം പൂണ്ട് യേശുവായി അവതരിച്ച് കുരിശ് മരണം വരിച്ചെന്നാണ് ക്രൈസ്തവ വിശ്വാസാം. ഏത് സമയത്തും ഏകനായ സത്യ ദൈവത്തോടു മാത്രം പ്രാര്‍ത്ഥിക്കുകയും ഏക ദൈവത്തോട് പ്രാര്‍ത്ഥിക്കാന്‍ ജനങ്ങളെ പഠിപ്പിക്കുകയും ചെയ്ത യേശുക്രിസ്തു, അക്രമികളുടെ കുതന്ത്രങ്ങളില്‍ നിന്നുള്ള രക്ഷക്കായി സര്‍വ്വ ശക്തനായ ദൈവത്തിന് മുന്നില്‍ സാഷ്ടാംഗം ചെയ്ത് മനസ്സുരുകി പ്രാര്‍ത്ഥിച്ചതായും പ്രാര്‍ത്ഥനയുടെ ഫലമായി സ്വര്‍ഗത്തില്‍ നിന്നൊരു ദൂതന്‍ ഇറങ്ങി വന്നതായും ബൈബിളിലുണ്ട്. യേശുക്രിസ്തുവിന്റെ മരണവും അതിന് ശേഷമുള്ള ഉയര്‍ത്തെഴുന്നേല്‍പ്പും. ഈസ്റ്റര്‍ ആഘോഷത്തിലാണ് ക്രൈസ്തവര്‍. അതിനിടെയാണ് പശ്ചാത്യമാധ്യമങ്ങളില്‍ യേശുവിന്റെ മരണത്തില്‍ പുതിയ സംശയങ്ങളും കഥകളും സജീവമാകുന്നത്.

യേശുവിനെ യെഹൂദമത മേധാവികളുടെ നിര്‍ബന്ധപ്രകാരം, കുറ്റമില്ലാത്തവന്‍ എന്ന് കണ്ടെത്തപ്പെട്ടിട്ടും കുരിശില്‍ തൂക്കിക്കൊന്നു. തുടര്‍ന്ന് ശവശരീരം ഒരു കല്ലറയില്‍ അടക്കം ചെയ്തു. താന്‍ മരിക്കുകയും, മരണാനന്തരം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്ക്കുകയും ചെയ്യും എന്ന് യേശു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ശിഷ്യന്‍മാര്‍ യേശുവിന്റെ ശവശരീരം മോഷ്ടിച്ച് കൊണ്ടുപോയിട്ട് അവന്‍ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് പ്രഖ്യാപിക്കാതിരിയ്‌ക്കേണ്ടതിന് കല്ലറയ്ക്കു ചുറ്റും പട്ടാളക്കാവല്‍ ഏര്‍പ്പെടുത്തി. പക്ഷേ, യേശുക്രിസ്തു, കാവല്‍ക്കാര്‍ നോക്കിനില്‍ക്കേ ഉയിര്‍ത്തെഴുന്നേറ്റു. ഇതാണ് യേശുക്രിസ്തുവിന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടുള്ള പുതിയനിയമത്തിലെ നാല് സുവിശേഷങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരണം. എന്നാല്‍ കുരിശില്‍ തറച്ചപ്പോള്‍ യേശു മരിച്ചില്ലെന്നും പിന്നീട് ഗുഹയില്‍ നിന്നും രക്ഷപ്പെട്ടുവെന്ന വാദമാണ് ഇപ്പോള്‍ ചിലര്‍ സജീവമാക്കുന്നത്. യേശുവിന്റെ കല്ലറയ്ക്ക് മുന്നിലെ കൂറ്റന്‍ കല്ല് നീങ്ങിയതിന് കാരണം ഭൂകമ്പം പോലൊള്ള പ്രകൃതി ദുരന്തമാകുമെന്ന് വാദവും ചര്‍ച്ചകളിലേക്ക് എത്തിക്കുന്നു. യേശുവിന്റെ ശരിരം ശിഷ്യന്മാര്‍ മോഷ്ടിക്കാനുള്ള സാധ്യതയും പുതിയ വാദങ്ങളുയര്‍ത്തുന്നവര്‍ തള്ളിക്കളയുന്നില്ല. യേശുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് മുമ്പ് വലിയ കുലുക്കം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെ ഭൂകമ്പമായി കാണുന്ന ശാസ്ത്രജ്ഞരുമുണ്ട്. ഏതായാലും പശ്ചാത്യമാധ്യമങ്ങളില്‍ ഈ തിയറികള്‍ പതിവ് പോലെ ഈ ഈസ്റ്റര്‍ ദിനത്തിലും നിറയുകയാണ്.

ചില ശാസ്ത്രജ്ഞര്‍ യേശു യഥാര്‍ത്ഥത്തില്‍ കുരിശില്‍ മരിച്ചിട്ടില്ലെന്ന് വാദിക്കുന്നു. ഇന്റര്‍നാഷണല്‍ ജേണല്‍ ഫോര്‍ ഫിലോസഫി ഓഫ് റിലീജിയനില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍, ഭൂഗര്‍ഭശാസ്ത്രജ്ഞനായ ലിയോനാര്‍ഡ് ഇര്‍വിന്‍ ഐസന്‍ബര്‍ഗ് 'മയക്കം സിദ്ധാന്തം' എന്ന് തരത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു. യേശു കുരിശില്‍ ബോധരഹിതനായി വീണുവെന്നും തെറ്റായി മരിച്ചതായി പ്രഖ്യാപിച്ചതിന് ശേഷം കല്ലറയിലേക്ക് കൊണ്ടുപോയി എന്നുമാണ് ഐസന്‍ബര്‍ഗ് അവകാശപ്പെടുന്നത്. യേശു കുരിശില്‍ ബോധരഹിതനായി കല്ലറയില്‍ സുഖം പ്രാപിച്ചുവെന്നതാണ് തിയറി. ഇങ്ങനെ വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് കഥകള്‍. ഡെയിലി മെയില്‍ അടക്കം ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നുവെന്നതാണ് ശ്രദ്ധേയം. എന്നാല്‍ വിശ്വാസ സമൂഹം ഈ വാദങ്ങളെ എല്ലാം തള്ളുകയാണ്. യേശുവിന്റെ മഹത്വത്തെ തകര്‍ക്കാനാണ് ഇത്തരം ഗൂഡ തിയറികളെന്നും അവര്‍ വിശദീകരിക്കുന്നു. യേശു ക്രിസ്തുവിന്റെ കുരിശു മരണത്തിന് ശേഷമുള്ള ശരീരവും ഉടമ്പടിപ്പെട്ടകവും ഗിസയിലെ ഗ്രേറ്റ് പിരമിഡിനുള്ളില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. രണ്ട് ചരിത്രപരമായ പുരാവസ്തുക്കളും പിരമിഡിനുള്ളിലെ രഹസ്യ അറയായ 'കേവ് ഓഫ് ദ പാത്രിയാര്‍ക്ക്സി'ലാണ് സൂക്ഷിച്ചിട്ടുള്ളതെന്ന് ബ്രിട്ടീഷ് നരവംശശാസ്ത്രജ്ഞനായ ഡോ. വാര്‍ണര്‍ പറയുന്നു.


ക്രിസ്തുവിന്റെ ശവക്കല്ലറയും ഉടമ്പടിപ്പെട്ടകവും ഒരു വലിയ കല്‍ക്കട്ട കൊണ്ട് അടച്ചിരിക്കുന്ന ഇരട്ട ഗുഹയ്ക്കുള്ളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നാണ് വാര്‍ണര്‍ പറയുന്നത്. 'സതേണ്‍ പാസേജ് വേ'എന്നറിയപ്പെടുന്ന ഒരു പ്രത്യേക തുരങ്കത്തിനടുത്താണ് ഈ ഗുഹ. തുരങ്കത്തിന്റെ അവസാന ഭാഗത്തെ കല്‍ക്കട്ട അതിന്റെ ഘടന അവസാനിക്കുന്നിടത്തല്ലെന്നും വാര്‍ണര്‍ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളുടെ തന്റെ സര്‍വേയില്‍ ഈ പോയിന്ററിനപ്പുറത്തേക്ക് മനുഷ്യനിര്‍മ്മിത ഘടനകളുടെ സാന്നിധ്യം കണ്ടെത്തിയതായി വാര്‍ണര്‍ അവകാശപ്പെടുന്നു. പിരമിഡിനുള്ളില്‍ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വാര്‍ണര്‍ക്ക് ഉറപ്പുണ്ട്. യേശു ക്രിസ്തുവിന്റെ ശവക്കല്ലറയും ഉടമ്പടിപ്പെട്ടകവുമാണ് പിരമിഡിനുള്ളില്‍ മറഞ്ഞിട്ടുള്ളതെന്നും വാര്‍ണര്‍ അവകാശപ്പെടുന്നു. ഇതില്‍ രണ്ടാമത്തേത് പവിത്രമായ സ്വര്‍ണം പൂശിയ ഒരു മരപ്പെട്ടിയാണ്. ക്രിസ്തുമതത്തിലും ജൂത മതത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടുള്ളതും ദൈവം മോശയ്ക്ക് നല്‍കിയ പത്ത് കല്പനകള്‍ വഹിക്കുന്നതാണെന്ന് പറയപ്പെടുന്നതുമായ പെട്ടിയാണത്. അതായത് യേശുവിന്റെ മരണത്തിലെ തിയറികള്‍ ഇപ്പോഴും കുറവില്ലാതെ തുടരുകയാണ്. അതിനിടെയിലും യേശു ക്രിസ്തുവിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ അനുസ്മരിച്ച് ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുകയാണ്. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനയും ഉയിര്‍പ്പ് ശുശ്രൂഷകളും നടന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ദിവ്യ സ്മരണയിലാണ് ലോകം.