- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാം അതീവരഹസ്യം; സിസ്റ്റൈന്‍ ചാപ്പലില്‍ ഒത്തുകൂടുന്ന 120 കര്‍ദ്ദിനാള്‍മാര്‍ക്ക് പുറംലോകവുമായി ഒരു ബന്ധവും പാടില്ല; ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വന്നത് രണ്ടുനാള്‍; ഏറ്റവും ദൈര്‍ഘ്യമേറിയത് 34 മാസം നീണ്ട കോണ്‍ക്ലേവ്; വെളുത്ത പുകയ്ക്കായി ശ്വാസമടക്കി പിടിച്ച് വിശ്വാസികളുടെ കാത്തിരിപ്പ്; പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് എങ്ങനെ?
വത്തിക്കാന്‍: ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിടവാങ്ങിയതോടെ വത്തിക്കാനില്‍ വലിയ ഇടയന്റെ പദവി ഒഴിഞ്ഞ താല്‍ക്കാലിക ഇടവേളയുടെ കാലമാണ്. പുതിയ തലവനെ തിരഞ്ഞെടുക്കുന്നത് വരെയുള്ള ഇടവേള. വത്തിക്കാന്റെ അഡ്മിനിസ്‌ട്രേറ്ററായ കാമര്‍ലെംഗോ ആദ്യം പോപ്പിന്റെ മരണം സ്ഥിരീകരിക്കുകയാണ് ചെയ്യുക. സ്‌നാന നാമം മൂന്നുവട്ടം ചൊല്ലി വിളിച്ചാണ് മരണം സ്ഥിരീകരിക്കുക. പ്രതികരണമില്ലെങ്കില്‍ പോപ് കാലം ചെയ്തതായി പ്രഖ്യാപിക്കും. ഔദ്യോഗിക ചാനലുകളിലൂടെ വിവരം ലോകത്തെ അറിയിക്കും.അതിന് ശേഷം കാമര്‍ലെംഗോ മാര്‍പ്പാപ്പയുടെ വസതി അടച്ചുപൂട്ടും. മുന്‍കാലത്ത് കൊളള ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത് ചെയ്തിരുന്നത്.
തുടര്‍ന്ന് പോപ്പിന്റെ സ്വകാര്യ ഓഫീസും അപ്പാര്‍ട്ട്മെന്റും അടച്ചു പൂട്ടി സീല്‍ ചെയ്യുകയും അദ്ദേഹത്തിന്റെ വിരലില്‍ നിന്നും പേപ്പല്‍ ഫിഷര്‍മാന്‍സ് മോതിരം ഊരിയെടുത്ത് അത് ഒരു ചുറ്റിക ഉപയോഗിച്ച് തല്ലി പൊട്ടിക്കുകയും ചെയ്യും. തുടര്‍ന്ന് ചുവന്ന വസ്ത്രം ധരിപ്പിച്ച ഭൗതികശരീരം സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്ക് കൊണ്ടു പോകും. മൂന്ന് ദിവസം ഭൗതിക ശരീരം അവിടെയായിരിക്കും.
ഇതിനു മുന്‍പ് ഉണ്ടായിരുന്ന മാര്‍പ്പാപ്പമാരില്‍ ഭൂരിഭാഗം പേരും അന്ത്യവിശ്രമം കൊള്ളുന്നത് സെയിന്റ് പീറ്റേഴ്‌സില്‍ ആണെങ്കിലും, തന്നെ അടക്കുന്നത് റോമിലെ എസ്‌ക്യുലിനോയിലെ സാന്റാ മറിയ മഗ്ഗോയിര്‍ ബസലിക്കയില്‍ ആയിരിക്കണമെന്ന് 2023 ല്‍ പോപ്പ് ഫ്രാന്‍സിസ് പ്രഖ്യാപിച്ചിരുന്നു.
മരണത്തിന് ശേഷം 4-6 ദിവസത്തിനുള്ളില്‍ പോപ്പിന്റെ സംസ്‌കാര ചടങ്ങുകള്‍ നടത്തണം. ഈ സമയമത്രയും മൃതദേഹം സെയിന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ ആയിരിക്കും സൂക്ഷിക്കുക. തുടര്‍ന്ന് 9 ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം.
പുതിയ പോപ്പിന്റെ തിരഞ്ഞെടുപ്പ്
പോപ്പ് കാലം ചെയ്ത ശേഷം 15-20 ദിവസത്തിനുള്ളിലാണ് അടുത്ത പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് തുടങ്ങുക. 80 വയസില്‍ താഴെയുള്ള കര്‍ദ്ദിനാള്‍മാരാണ് അതീവ രഹസ്യമായുള്ള ഈ പ്രക്രിയയില്‍ പങ്കെടുക്കുക. ഇവര്‍ സിസ്റ്റൈന്‍ ചാപ്പലില്‍ പുറംലോകവുമായി ബന്ധമില്ലാതെയാണ് ഈ കാലയളവില്‍ കഴിയുക. 120 കര്‍ദ്ദിനാള്‍മാരാണ് അടച്ചിട്ട മുറിയില്‍ പുതിയ പോപ്പിനെ തിരഞ്ഞെടുക്കാനുള്ള കൂടിയാലോചനകളില്‍ മുഴുകുക. സെന്റ് മാര്‍ത്ത ഹൗസ് എന്നറിയപ്പെടുന്ന ഗസ്റ്റ് ഹൗസിലാണ് കര്‍ദ്ദിനാള്‍മാര്‍ കഴിയുക. അവിടെ സഹായത്തിന് പരിചാരകരും, പാചകക്കാരും, സര്‍ജന്‍ അടക്കം രണ്ട് ഡോക്ടര്‍മാരും ഉണ്ടാകും.
സെന്റ് മാര്‍ത്ത ഹൗസില്‍ നിന്ന് കര്‍ദ്ദിനാള്‍മാര്‍ എല്ലാ ദിവസവും പോപ്പിന്റെ കൊട്ടാരത്തിലേക്കോ വോട്ടിങ് നടക്കുന്ന സിസ്‌റ്റൈന്‍ ചാപ്പലിലേക്കോ പോകും. പത്രപാരായണമോ, റേഡിയോ കേള്‍ക്കലോ, ടെലിവിഷന്‍ കാണലോ ഇന്റര്‍നെറ്റ് തിരയലോ അനുവദനീയമല്ല. പുറംലോകത്ത് നിന്ന് ഒരുസന്ദേശവും സ്വീകരിച്ച് കൂടാ.
നിലവില്‍ 252 കര്‍ദ്ദിനാള്‍മാര്‍ ഉള്ളതില്‍ 138 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരിക്കുക. ചാപ്പലിലെ അടച്ചിട്ട മുറിയിലേക്ക് പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍മാര്‍ക്ക്, പുതിയ പോപ്പിനെ കണ്ടെത്തുന്നതുവരെ പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടായിരിക്കില്ല. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ വേണം പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാന്‍. എന്നാല്‍ സാങ്കേതികമായി ഇത് ആഴ്ചകളോളമോ മാസങ്ങളോളമോ വര്‍ഷങ്ങള്‍ വരെയുമോ നീണ്ടേക്കാം. എന്നാല്‍, ആധുനിക കാലത്ത് ഇവ ഏതാനും ആഴ്ചകള്‍ക്കപ്പുറം നീളാതെ ശ്രദ്ധിക്കാറുണ്ട്.
1268 ല്‍ ക്ലമെന്റ് നാലാമന്‍ കാലം ചെയ്തതിന് പിന്നാലെ 34 മാസത്തോളം എടുത്ത കോണ്‍ക്ലേവായിരുന്നു ഏറ്റവും ദൈര്‍ഘ്യമേറിയത്. 1271 സെപ്റ്റംബര്‍ ഒന്നിന് ഗ്രിഗറി പത്താമനെ തിരഞ്ഞെടുക്കുന്നത് വരെ തിരഞ്ഞെടുപ്പ് നീണ്ടു. എന്നാല്‍, ആധുനിക കാലത്ത് അത് അഞ്ചുദിവസത്തില്‍ കൂടുതല്‍ നീണ്ടുപോയിട്ടില്ല. 2013 ല്‍ പോപ്പ് ഫ്രാന്‍സിനെ തിരഞ്ഞെടുത്ത കോണ്‍ക്ലേവ് രണ്ടുദിവസത്തില്‍ പൂര്‍ത്തിയായി. ഒരു സ്ഥാനാര്‍ഥിക്ക് മൂന്നില്‍ രണ്ടുവോട്ടുകിട്ടിയാല്‍ അതാണ് തീരുമാനം. അതല്ലെങ്കില്‍ വിവിധ റൗണ്ടുകളിലൂടെ അവസാനം രണ്ടു സ്ഥാനാര്‍ഥികളിലേക്ക് എത്തുകയും കൂടുല്‍ ഭൂരിപക്ഷമുള്ളയാളെ പോപ്പായി തിരഞ്ഞെടുക്കുകയുമാണ് ചെയ്യുക.
വെളുത്ത പുകയോ കറുത്ത പുകയോ?
പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് ശേഷം, കോണ്‍ക്ലേവിലെ സംഭവങ്ങള്‍ പുറത്തു പറയുകയില്ലെന്ന് അവര്‍ ദൈവ വചനങ്ങള്‍ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്യും. അതിനു ശേഷം പുതിയ പോപ്പിന് വേണമെന്ന് ആഗ്രഹിക്കുന്ന യോഗ്യതകളും സഭ അഭിമുഖീകരിക്കുന്ന വെല്ലുവിളികളും മാള്‍ട്ടീസ് കര്‍ദ്ദിനാള്‍ വിശദീകരിക്കും. തുടര്‍ന്ന് കര്‍ദ്ദിനാള്‍മാര്‍ അല്ലാത്തവര്‍ എല്ലാവരും മുറിവിട്ട് പുറത്തു പോവുകയും വോട്ടിംഗ് ആരംഭിക്കുകയും ചെയ്യും. ഓരോ കര്‍ദ്ദിനാളും തങ്ങള്‍ക്ക് താത്പര്യപ്പെടുന്ന വ്യക്തിയുടെ പേര് ഒരു കടലാസില്‍ എഴുതി അള്‍ത്താരക്ക് മുന്‍പില്‍ വരും. അന്തിമ വിധികര്‍ത്താവായ യേശു ക്രിസ്തുവിന്റെ മുന്നില്‍ വെച്ചിരിക്കുന്ന ഒരു പാത്രത്തില്‍ അവര്‍ പ്രാര്‍ത്ഥനയോടെ അത് നിക്ഷേപിക്കും.
തുടര്‍ന്ന് വോട്ടെണ്ണല്‍ നടക്കും. മൂന്നില്‍ രണ്ട് വോട്ടുകള്‍ക്ക് ഒരാള്‍ തെരഞ്ഞെടുക്കപ്പെടുന്നത് വരെ ഈ പ്രക്രിയ തുടരും ഈ സമയമത്രയും ആയിരക്കണക്കിന് വിശാസികള്‍ ചാപ്പലിന് പുറത്തും, ലക്ഷക്കണക്കിനുപേര്‍ ടെലിവിഷനുകള്‍ക്ക് മുന്നിലും ശ്വാസമടക്കിപ്പിടിച്ച് കാത്തിരിക്കും. അവസാനം സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക പുറത്തുവരുമ്പോള്‍ പുതിയ പോപ്പിനെ കണ്ടെത്തിയ ആശ്വാസത്തില്‍ അവര്‍ നെടുവീര്‍പ്പിടും. വോട്ടിംഗിനായി ഉപയോഗിച്ച ബാലറ്റു പേപ്പറുകള്‍ കത്തിച്ചാണ് പുക ഉണ്ടാക്കുക. വെളുത്ത നിറം ഉറപ്പു വരുത്തായി ചില ഡൈകള്‍ അതില്‍ ചേര്‍ത്തിരിക്കും.
1996 ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്‍ കൊണ്ടുവന്ന ചട്ടങ്ങള്‍ പ്രകാരം സിസ്റ്റൈന്‍ ചാപ്പലിലെ ചിമ്മിനിയില്‍ നിന്നും വെളുത്ത പുക പുറത്തുവിട്ട് തീരുമാനം എടുത്തതായി അറിയിക്കണമെന്നില്ല. കറുത്ത പുകയാണ് ഉയരുന്നതെങ്കില്‍ തീരുമാനം എടുത്തില്ലെന്നാണ് സൂചന. ഈ പരമ്പരാഗത രീതി ചില കുഴപ്പങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. 1958 ല്‍ സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് പുക ഉയര്‍ന്നപ്പോള്‍ വത്തിക്കാന്‍ റേഡിയോ അത് ദുര്‍വ്യാഖ്യാനിക്കുകയും ഒരു ദിവസം മുമ്പേ വാര്‍ത്ത പ്രഖ്യാപിക്കുകയും ചെയ്തു.