വത്തിക്കാന്‍ സിറ്റി: ക്രൈസ്തവ വിശ്വാസികളുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. വളരെ വ്യത്യസ്തമായ ജീവിതശൈലിയാണ് കാലം ചെയ്ത ഫ്രാൻസിസ് മാർപ്പാപ്പയുടേത്. അദ്ദേഹത്തിന്റെ അവസാന നിമിഷത്തിൽ പോലും സാധാരണക്കാരായ ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുത്ത് നൽകുന്നതിൽ ശ്രദ്ധ പുലർത്തിയിരുന്നു. പലസ്തീൻ ജനതയുടെ കണ്ണീരിൽ പങ്ക് ചേർന്നും നീതിയുടെ വെളിച്ചമായി മാറി ആ വലിയ ഇടയൻ. ഇപ്പോഴിതാ, അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസും ഫ്രാൻസിസ് മാർപ്പാപ്പയും തമ്മിലുള്ള ഈസ്റ്റർ ദിനത്തെ അവസാനത്തെ കൂടിക്കാഴ്ച വീണ്ടും ചർച്ചയാവുകയാണ്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ ട്രംപ് ഭരണകൂടം കൈക്കൊള്ളുന്ന കടുത്ത നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ മാര്‍പ്പാപ്പയെ സമാധാനിപ്പിക്കാനുള്ള അമേരിക്കന്‍ വൈസ് പ്രസിഡണ്ട് ജെ ഡി വാന്‍സിന്റെ ശ്രമം ഒട്ടും വിജയം കണ്ടിരുന്നില്ല. ഈസ്റ്റര്‍ ദിനത്തില്‍ വത്തിക്കാനിലെത്തി വാന്‍സ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വാന്‍സുമായി കൂടുതല്‍ സംസാരിക്കാന്‍ മുതിരാതെ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീട്രോ പരോലിനെയും വിദേശകാര്യ മന്ത്രി ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ ഗല്ലാഗറെയും കാണാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു ഫ്രാൻസിസ് മാര്‍പ്പാപ്പ.

അമേരിക്കന്‍ വൈസ് പ്രസിഡന്റും മാര്‍പ്പാപ്പയുമായുള്ള കൂടിക്കാഴ്ച ഹ്രസ്വമായിരുന്നു എന്നും ഏതാനും മിനിറ്റുകള്‍ മാത്രമാണ് നീണ്ടു നിന്നതെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചു. കുടിയേറ്റത്തെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്താനുള്ള ട്രംപിന്റെ തീരുമാനത്തെയും മാര്‍പ്പാപ്പ അതിനിശിതമായി വിമര്‍ശിച്ചു. കുടിയേറ്റക്കാര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പോപ്പ് എന്ന നിലയില്‍ തന്റെ പ്രഥമ കര്‍ത്തവ്യം എന്ന് മാര്‍പ്പാപ്പ പറഞ്ഞു.

കത്തോലിക്ക മതവിശ്വാസി കൂടിയായ വാന്‍സിന് മാര്‍പ്പാപ്പ മൂന്ന് വലിയ ചോക്ലേറ്റ് ഈസ്റ്റര്‍ എഗ്ഗുകള്‍ സമ്മാനിച്ചു. സന്ദര്‍ശന സമയത്ത് കൂടെ ഇല്ലാതിരുന്ന വാന്‍സിന്റെ മൂന്ന് മക്കള്‍ക്ക് വേണ്ടിയായിരുന്നു അത്. സന്ദര്‍ശനാനുമതി നല്‍കിയതിന് പോപ്പിനോട് നന്ദി പറഞ്ഞ വാന്‍സ്, ആരോഗ്യം മെച്ചപ്പെട്ട നിലയില്‍ കാണാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും പറഞ്ഞു. സെയിന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഈസ്റ്റര്‍ കുര്‍ബാന നടക്കുന്ന സമയത്തായിരുന്നു അമേരിക്കന്‍ വൈസ് പ്രസിഡണ്ടിന്റെ വാഹനവ്യൂഹം വശത്തുള്ള ഒരു ഗെയ്റ്റിലൂടെ വത്തിക്കാന്‍ നഗരത്തില്‍ പ്രവേശിച്ചത്.

പോപ്പ് ഫ്രാന്‍സിസിന് പകരം മറ്റൊരു കര്‍ദ്ദിനാള്‍ ആയിരുന്നു ചടങ്ങൂക്ള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. തുടര്‍ന്ന്, മാര്‍പ്പാപ്പ ഇരിക്കുന്ന ഡോമസ് സാന്റാ മാര്‍ട്ടയില്‍ എത്തി വാന്‍സ് ഈസ്റ്റര്‍ ആശംസകള്‍ അറിയിച്ചു. മാര്‍പ്പാപ്പ തിരികെയും ആശംസകള്‍ നേര്‍ന്നു.ഈസ്റ്റര്‍ ഞായറാഴ്ച സന്ദര്‍ശനാനുമതി നല്‍കിയതില്‍ വാന്‍സ് പോപ്പിനോട് നന്ദി രേഖപ്പെടുത്തിയതായി വാന്‍സിന്റെ ഓഫീസില്‍ നിന്നും അറിയിച്ചിട്ടുണ്ട്. വളരെ ഊഷ്മളമായ സ്വീകരണമായിരുന്നു വാന്‍സിനും കുടുംബത്തിനും വത്തിക്കാന്‍ നഗരം ഒരുക്കിയതെന്നും വാന്‍സിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. പിന്നീട് ഈസ്റ്റര്‍ കുര്‍ബാനയില്‍ പങ്കെടുത്തതിന് ശേഷമായിരുന്നു അദ്ദേഹവും കുടുംബവും മടങ്ങിയത്.

ശേഷം, ഇപ്പോൾ മാര്‍പാപ്പയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് രംഗത്ത് വന്നതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ''മാര്‍പാപ്പ വിടവാങ്ങിയത് അറിഞ്ഞു. ലോകത്താകമാനം അദ്ദേഹത്തെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്റെ മനസ്സ്. വളരെയധികം ക്ഷീണിതനായിരുന്നെങ്കിലും ഇന്നലെ അദ്ദേഹത്തെ കാണാനായതില്‍ സന്തോഷമുണ്ട്. കോവിഡിന്റെ ആദ്യനാളുകളില്‍ അദ്ദേഹം മുന്നോട്ടുവച്ച മനോഹരമായ മാതൃക എന്നും ഓര്‍മിക്കപ്പെടും.'' ജെ.ഡി.വാന്‍സ് എക്‌സില്‍ കുറിക്കുകയും ചെയ്തിരുന്നു.

ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് സുഖം പ്രാപിച്ച് വിശ്രമത്തിലായിരുന്നു അദ്ദേഹം. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മാര്‍പാപ്പ വിശ്രമത്തിലായിരുന്നു. ഈസ്റ്റര്‍ ശുശ്രൂഷകളില്‍ അടക്കം പങ്കെടുത്ത ശേഷമാണ് അദ്ദേഹം വിടവാങ്ങിയത്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പയായിരുന്ന അദ്ദേഹം. ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ച് 19 ന് ആണ് ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാസഭയുടെ 266-ാമത് പോപ്പായി സ്ഥാനമേറ്റത്. കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോ എന്നതാണ് യഥാര്‍ത്ഥ പേര്. വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ത്ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിച്ചിരുന്നത്.

ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബെഗോളിയോയുറ്റേയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് ബെര്‍ഗോളിയോ ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്തീയ സന്യാസി സമൂഹമായ ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ പോപ്പ് എന്നീ നിലകളിലും ഇദ്ദേഹം ശ്രദ്ധേയനായിരുന്നു.

സ്ഥാനാരോഹണത്തിനു ശേഷം സഭയില്‍ പുതിയ മാറ്റങ്ങള്‍ അദ്ദേഹം വരുത്തുകയുണ്ടായി. അതിനാല്‍ മാറ്റങ്ങളുടെ പാപ്പ എന്ന് മാധ്യമങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ വിശേഷിപ്പിച്ചിരുന്നു.1958 മാര്‍ച്ച് 11ന് വിയ്യാ ദേവോതോയിലെ ഈശോ സഭാ സെമിനാരിയില്‍ ചേര്‍ന്നാണ് ബെര്‍ഗോളിയോ വൈദികപഠനം ആരംഭിച്ചത്. 1960 സാന്‍ മിഗേലിലെ കോളെസിയോ മാക്‌സിമോ സാന്‍ ജോസില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ലൈസന്‍ഷിയേറ്റ് നേടി. 1967 ബെര്‍ഗോളിയോ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കി.1969 ഡിസംബര്‍ 13ന് ആണ് വൈദികപട്ടം സ്വീകരിച്ചത്.

സാന്‍ മിഗേല്‍ സെമിനായിരിയിലെ ദൈവശാസ്ത്ര-തത്ത്വശാസ്ത്ര വിഭാഗത്തില്‍ നിന്ന് മാസ്റ്റര്‍ ബിരുദം സമ്പാദിച്ച അദ്ദേഹം അവിടെ ദൈവശാസ്ത്രാദ്ധ്യാപകനായി. 1973-1979 ബെര്‍ഗോളിയോ ഈശോസഭയുടെ അര്‍ജന്റീന പ്രൊവിന്‍ഷ്യാല്‍ ആയിരുന്നു. പിന്നീട് സാന്‍ മിഗേല്‍ സെമിനാരി അധിപനായി 1980-ല്‍ സ്ഥാനമേറ്റെടുത്ത ബെര്‍ഗോളിയോ 1988 വരെ ആ പദവിയില്‍ തുടര്‍ന്നു. 2001 ഫെബ്രുവരിയില്‍ അന്നത്തെ മാര്‍പ്പാപ്പയായിരുന്ന ജോണ്‍ പോള്‍ രണ്ടാമന്‍ ബെര്‍ഗോളിയോയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2005-ലെ മെത്രാന്മാരുടെ സൂനഹദോസ് കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ പോസ്റ്റ് ബിഷപ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു.

ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ നിറവ് കൂടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം. വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാര്‍പാപ്പ തന്റെ പൂര്‍വ്വികരുടെതില്‍ നിന്ന് കൂടുതല്‍ ലളിതമായി ജീവിതം നയിച്ച വ്യക്തിത്വം കൂടിയായിരുന്നു.കര്‍ദ്ദിനാല്‍ സ്ഥാന സമയത്തെ രീതികള്‍ തന്നെയാണ് ഇവിടെയും മാര്‍പ്പാപ്പയായതിന് ശേഷവും തുടര്‍ന്നത്. മാര്‍പാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കുകയായിരുന്നു.

ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ചില്‍ നടന്ന പീപ്പിള്‍ കോണ്‍ക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങില്‍ കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ ആഗോളസഭയുടെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു.2013 മാര്‍ച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു.സാധാരണ ഞായറാഴ്ചകളിലാണ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതിലുമുണ്ടായി മാറ്റങ്ങള്‍.

ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്.ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുനാള്‍ കണക്കിലെടുത്തായിരുന്നു ഈ മാറ്റം. പുതിയ മാര്‍പ്പാപ്പ വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു.ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയയാളാണ് മാര്‍പ്പാപ്പ ഫ്രാന്‍സിസ്.