ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗദി സന്ദര്‍ശനം കൂടുതല്‍ നിക്ഷേപ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നരേന്ദ്ര മോദിയുടെ ജിദ്ദ സന്ദര്‍ശനവും ഉറ്റുനോക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുകയും വിവിധ മേഖലകളില്‍ ഫലം ചെയ്യുമെന്നും വിലയിരുത്തുകയും ചെയ്യുന്നു. ഇപ്പോഴിതാ, ജിദ്ദാ സന്ദർശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രത്യേക സ്വീകരണമൊരുക്കി സൗദി വ്യാമസേന. സൗദിയുടെ വ്യോമപരിധിയില്‍ പ്രവേശിച്ച പ്രധാനമന്ത്രിയുടെ എയർ ഇന്ത്യ വൺ വിമാനത്തെ വരവേറ്റുകൊണ്ട് സൗദി വ്യോമസേനയുടെ എഫ്15 വിമാനങ്ങള്‍ അനുഗമിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി ജിദ്ദയിലേക്ക് എത്തുന്നത്. സൗദി അറേബ്യയില്‍ മൂന്ന് തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കില്‍ മോദിയുടെ ആദ്യ ജിദ്ദാ സന്ദര്‍ശനമാണിതെന്നും ഏറെ പ്രത്യകതയാണ്.

സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോടൊപ്പം മോദി ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന്റെ രണ്ടാമത് യോഗത്തില്‍ സംയുക്തമായി അധ്യക്ഷത വഹിക്കും. 1982 ഏപ്രിലില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ സന്ദര്‍ശനത്തിനുശേഷം 43 വര്‍ഷം കഴിഞ്ഞാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. ഇതിനു മുന്‍പ് 2016-ലും 2019-ലും മോദി സൗദിയുടെ തലസ്ഥാനമായ റിയാദ് സന്ദര്‍ശിച്ചിരുന്നു. സൗദിയുടെ വാണിജ്യ കേന്ദ്രമായ ജിദ്ദ സന്ദര്‍ശിക്കുന്നത് ഇത് ആദ്യമായിട്ടാണ്.

അതേസമയം, 2023-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ നരേന്ദ്ര മോദിയും സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും പരസ്പരം അഭിവാദ്യം ചെയ്തത് വെറുമൊരു കൂടിക്കാഴ്ച മാത്രമായിരുന്നില്ല. മറിച്ച്, ഏഷ്യയിലെ ഏറ്റവും സ്വാധീനമുള്ള രണ്ട് ശക്തികള്‍ തമ്മില്‍ ആഴമേറിയതും തന്ത്രപരവുമായ ബന്ധത്തിന്റെ പുനഃക്രമീകരണത്തിന് അടിവരയിടുന്നതിന്റെ സൂചന കൂടിയായിരുന്നു.

ഇന്ത്യ ജനസംഖ്യാപരമായ ശക്തിയും ഡിജിറ്റല്‍ വൈദഗ്ധ്യവുമുള്ള വളര്‍ന്നുവരുന്ന സാമ്പത്തികശക്തിയാണെങ്കില്‍, സൗദി അറേബ്യ വൈവിധ്യമാര്‍ന്ന സാമ്പത്തിക ശക്തികേന്ദ്രമായി അതിവേഗം മാറുന്ന ഒരു പെട്രോ-കെമിക്കല്‍ രാഷ്ട്രമാണ്. ബഹിരാകാശ സാങ്കേതികവിദ്യ, ഫിന്‍ടെക്, ഗ്രീന്‍ ഹൈഡ്രജന്‍, അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, സംസ്‌കാരികം എന്നിവയിലുടനീളം വ്യാപിച്ചിരിക്കുന്നതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം.

ഇന്ത്യയും സൗദിയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം വര്‍ഷങ്ങളായി സ്ഥിരമായ വളര്‍ച്ച കൈവരിക്കുന്നതായാണ് സൂചന. സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം സൗദി അറേബ്യ, ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയും. 2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഉഭയകക്ഷി വ്യാപാരം 42.98 ബില്യണ്‍ ഡോളറിലെത്തി.

എണ്ണക്ക് പകരം മറ്റു വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുക എന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ കാഴ്ചപ്പാടില്‍ ഊന്നിയുള്ള സൗദി പദ്ധതിയായ വിഷന്‍ 2030-ന്റെ വിജയത്തിനായി ഇന്ത്യയെ സൗദി അറേബ്യ പ്രതീക്ഷയോടെയാണ് കാണുന്നത്. സൗദി അറേബ്യയിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ സമീപ കാലത്തു ശ്രദ്ധേയമായ വളര്‍ച്ച നേടിയിട്ടുണ്ട്. ഇത് 2023 ഓഗസ്റ്റ് വരെ ഏകദേശം 3 ബില്യണ്‍ ഡോളറിലെത്തിയെന്നാണ് കണക്ക്. കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, നിര്‍മാണം, ടെലികമ്മ്യൂണിക്കേഷന്‍സ്, ഐടി, സാമ്പത്തിക സേവനങ്ങള്‍, സോഫ്റ്റ്വെയര്‍ വികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ നിക്ഷേപങ്ങള്‍.

പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്), സൗദി പിന്തുണയുള്ള വിഷന്‍ ഫണ്ട്, പ്രമുഖ കമ്പനികള്‍ എന്നിവയുള്‍പ്പെടെ ഇന്ത്യയിലെ സൗദി നിക്ഷേപങ്ങള്‍ ഏകദേശം 10 ബില്യണ്‍ ഡോളറാണെന്ന് കണക്കാക്കുന്നു. റിലയന്‍സ് ജിയോ പ്ലാറ്റ്ഫോമുകളില്‍ പിഐഎഫിന്റെ 1.5 ബില്യണ്‍ ഡോളറിന്റെയും റിലയന്‍സ് റീട്ടെയിലില്‍ 1.3 ബില്യണ്‍ ഡോളറിന്റെയും പ്രധാന ഇടപാടുകള്‍ നിക്ഷേപം ഉള്‍പ്പെടുന്നു. പിഐഎഫിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ സാലിക്, കാര്‍ഷിക മേഖലയില്‍ 2020-ല്‍ ദാവത് ഫുഡ്സില്‍ 30% ഓഹരിയും (17.23 മില്യണ്‍ ഡോളര്‍) 2022-ല്‍ എല്‍ടി ഫുഡ്സില്‍ 9.2% ഓഹരിയും (44 മില്യണ്‍ ഡോളര്‍) സ്വന്തമാക്കി.

2019-ല്‍ മോദിയുടെ റിയാദ് സന്ദര്‍ശന വേളയില്‍ പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജം, നിക്ഷേപം എന്നിവയുള്‍പ്പെടെ നിര്‍ണായക മേഖലകളില്‍ ഉന്നതതല ചര്‍ച്ചകളും കരാറുകളും ഇരു രാജ്യങ്ങളും ഒപ്പുവച്ചു. 2023-ല്‍ ഡല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ അനാച്ഛാദനം ചെയ്ത ഇന്ത്യ-മിഡില്‍ ഈസ്റ്റ്‌യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) ആഗോള വ്യാപാര പാതയില്‍ ഒരു വലിയ മാറ്റത്തെയാണ് അടയാളപ്പെടുത്തിയത്.

യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ വഴി ഇന്ത്യയെ യൂറോപ്പുമായി ബന്ധിപ്പിക്കുക എന്നതാണ് ഐഎംഇസി ലക്ഷ്യമിടുന്നത്. ഒരു ലോജിസ്റ്റിക്‌സ്, കണക്റ്റിവിറ്റി ഹബ്ബായി സ്വയം സ്ഥാപിക്കാനുള്ള സൗദി അറേബ്യയുടെ ഉദ്ദേശത്തെ അടിവരയിടുന്നന്നതായാണ് സൗദി അറേബ്യയുടെ പങ്കാളിത്തം. അതോടൊപ്പം ഇന്തോ-പസഫിക്കിലെ ഒരു സമുദ്ര ശക്തിയെന്ന നിലയില്‍ ഇന്ത്യയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും. വിജ്ഞാന സമ്പദ്വ്യവസ്ഥയിലേക്കുള്ള സൗദി അറേബ്യയുടെ മാറ്റം ഇന്ത്യന്‍ ഐടി പ്രമുഖര്‍ക്കും സര്‍വകലാശാലകള്‍ക്കും വാതിലുകള്‍ തുറന്നിരിക്കയാണ്. ടിസിഎസ്, വിപ്രോ, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികള്‍ സൗദിയില്‍ അവരുടെ സാന്നിധ്യം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സാംസ്‌കാരിക മേഖലയിലും ഇന്ത്യ- സൗദി ബന്ധം വിവിധ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ജിദ്ദയിലെ ബോളിവുഡ് ചലച്ചിത്രമേള മുതല്‍ കായിക, ടൂറിസം മേഖലയില്‍ ഇരു രാജ്യങ്ങളും ശ്രദ്ധേയമായ സഹകരണം പ്രകടമാണ്. പുരാവസ്തുശാസ്ത്രത്തിലും പൈതൃക സംരക്ഷണത്തിലും ഒപ്പുവെക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രങ്ങള്‍ ഇതിനകം തന്നെ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സൗദി- ഇന്ത്യ ആഗോള ശക്തി കേന്ദ്രങ്ങള്‍ കൂടുതല്‍ അടുക്കുന്നതോടെ ഇരുരാജ്യങ്ങളുംതമ്മിലുള്ള സഹകരണം മാത്രമല്ല, മറിച്ചു മേഖലയില്‍ തന്നെ അത് പുതിയൊരു ഉണര്‍വിനുകൂടി സാക്ഷിയാകും എന്ന് ഉറപ്പാണ്.